വയനാട്ടിലെ രക്ഷാപ്രവർത്തനം: ജനീഷ് കുമാർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
1443268
Friday, August 9, 2024 3:09 AM IST
പത്തനംതിട്ട: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനം നടത്തിയവരെ സംബന്ധിച്ച് കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ.
‘ജീവൻ തേടി പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി’ എന്നാണ് എംഎൽഎയുടെ ഫേസ് ബുക്ക് പോസ്റ്റ്. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്ക്, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വോളണ്ടിയർമാർ ഒരുക്കിയ ഭക്ഷണ വിതരണം പോലീസ് ഉന്നതർ ഇടപെട്ട് നിർത്തിവയ്പിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവാദത്തിന്റെ തുടർച്ചയാണ് സിപിഎമ്മുകാരനായ എംഎൽഎയുടെ പോസ്റ്റെന്ന് പറയുന്നു.
താൻ കുറിച്ചത് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നാണ്’ എംഎൽഎ ഇതിനോടു പ്രതികരിച്ചത്. ഡിവൈഎഫ്ഐക്കാർ ദുരന്ത ഭൂമിയിൽ കാണാതായവരെ തെരയുമ്പോൾ വൈറ്റ്ഗാർഡ്, ബിരിയാണിയിൽ കോഴിക്കാല് തെരയുകയാണ് എന്നായിരുന്നു സിപിഎം അനുകൂല സൈബർ പേജുകളിൽ പ്രചരിച്ചത്. ഇതേ പ്രചാരണമാണ് ഇപ്പോൾ എംഎൽഎയും ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് ഗാർഡ് പ്രവർത്തകരെ ഡിഐജി തോംസൺ ജോസ് അധിക്ഷേപിച്ചതായും ആരോപണം ഉയർന്നിരുന്നു.
രക്ഷാപ്രവർത്തകരെ ഒന്നടങ്കം അപമാനിച്ച ജനീഷ് കുമാർ എംഎൽഎക്കെതിരേ സ്വന്തംപാർട്ടിയിൽ നിന്നടക്കം കടുത്ത വിമർശനം ഉയരുന്നുണ്ട്. എല്ലാവരും കൈമെയ് മറന്ന് മനുഷ്യരാണെന്ന ഒറ്റ ഭാവത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ പരിഹസിച്ചത് ഉചിതമായില്ലെന്ന് നിരവധി പ്രതികരണങ്ങൾ പോസ്റ്റിന് താഴെയായി വരുന്നുണ്ട്.