കെ സ്റ്റോര്‍ പ്രഖ്യാപനത്തിലൊതുങ്ങി
1441816
Sunday, August 4, 2024 3:45 AM IST
തിരുവല്ല: വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തില്‍ റേഷന്‍കടകളെ കെ സ്റ്റോര്‍ (കേരള സ്റ്റോര്‍) ആക്കി മാറ്റുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. കെ സ്റ്റോറിനായി സപ്ലൈ ഓഫീസര്‍മാരുടെ നിര്‍ദേശപ്രകാരം പുതിയ വാടക മുറികളും അധിക സൗകര്യങ്ങളും ഒരുക്കിയ റേഷന്‍ വ്യാപാരികള്‍ക്ക് വന്‍ നഷ്ടവും സംഭവിച്ചു.
അധിക സൗകര്യങ്ങള്‍ ഒരുക്കാന്‍ രണ്ട് ലക്ഷത്തിലധികം രൂപ പലര്‍ക്കും ചെലവായിട്ടുണ്ട്. കൂടുതല്‍ സേവനങ്ങളും ഉത്പന്നങ്ങളും നല്‍കുന്നതിലൂടെ അധിക വരുമാനമായിരുന്നു റേഷന്‍ വ്യാപാരികള്‍ ലക്ഷ്യമിട്ടതെങ്കിലും പദ്ധതി മുടന്തിയത് തിരിച്ചടിയായി റേഷന്‍ വിതരണത്തിന് പുറമേ മാവേലി സ്റ്റോര്‍ വഴി നല്കുന്ന 13 ഇന സബ്സിഡി സാധനങ്ങളുടെ വില്പന, മില്‍മാ ബൂത്ത്, ഐഒസിയുടെ അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ്, 5000 രൂപ വരെയുള്ള പണമിടപാടുകള്‍ക്കുള്ള മിനി ബാങ്കിംഗ്, കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിങ്ങനെ ആയിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.
റേഷന്‍ സാധനങ്ങള്‍ക്കുപുറമേ കുടുംബശ്രീയുടെ ഏതാനും ഉത്പന്നങ്ങളേ നിലവില്‍ കെ സ്റ്റോറുകളില്‍ ഉള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കെ സ്റ്റോറുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവുള്ള പ്രദേശങ്ങളില്‍ കെ സ്റ്റോര്‍ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
പിന്നീട് മുഴുവന്‍ റേഷന്‍ കടകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങിയെന്ന് വ്യാപാരികള്‍ പറഞ്ഞു.