ആറന്മുളയില് വഞ്ചിപ്പാട്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം
1441811
Sunday, August 4, 2024 3:31 AM IST
പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വള്ളസദ്യക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആറന്മുള പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീര്‍ത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം) ഇന്നു രാവിലെ 10.30 ന് ക്ഷേത്രസന്നിധിയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ അധ്യക്ഷത വഹിക്കും. കോട്ടയം ഏറ്റുമാനൂരപ്പന് കോളജ് മലയാള വിഭാഗം മേധാവി ഡോ. എ. മോഹനാക്ഷന്‍ നായര്‍ സന്ദേശം നല്‍കും. മഠത്തില്‍ രഘു മുഖ്യാതിഥിയായിരിക്കും.
നാളെമുതല്‍ 23 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതല്‍ 1.30 വരെ ക്ഷേത്ര സന്നിധിയില്‍ നടക്കും. വഞ്ചിപ്പാട്ട് സോപാനത്തില്‍ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നതിന് പള്ളിയോടകരകള്‍ക്കും അവസരമുണ്ട്. അതത് കരകള്‍ക്ക് വഞ്ചിപ്പാട്ട് സോപാനത്തില്‍ ഇഷ്ടപ്പെട്ട വഞ്ചിപ്പാട്ട് അവതരിപ്പിക്കാം.
പത്ത് മിനിറ്റ് സമയമാണ് വഞ്ചിപ്പാട്ട് സോപാനം അവതരിപ്പിക്കുന്നതിന് ലഭിക്കുന്നത്.പ്രാഥമികമായി വഞ്ചിപ്പാട്ട് അവതരിപ്പിച്ച പള്ളിയോടക്കരകളെ ഉള്‍പ്പെടുത്തി മേഖലാ അടിസ്ഥാനത്തില്‍ മത്സരം നടത്തും. 23നു ഫൈനല്‍ മല്‍സരവും നടത്തും.
വിജയികള്‍ക്ക് പ്രമുഖ വ്യവസായി മഠത്തില്‍ രഘു സമര്‍പ്പിച്ച 52 പവന് സ്വര്‍ണത്തില്‍ നിര്‍മിച്ച വഞ്ചിപ്പാട്ട് സോപാനം എവര്‍റോളിംഗ് സുവര്‍ണ ട്രോഫിയും 25,000 രൂപ സമ്മാനവും നല്‍കും. രണ്ടാം സ്ഥാനത്തിന് 15,000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും ലഭിക്കും.
20ന് കിഴക്കന്‍ മേഖലയുടെയും 21ന് മധ്യമേഖലയുടെയും 22ന് പടിഞ്ഞാറന്‍ മേഖലയുടെയും പ്രാഥമിക മത്സരം രാവിലെ 10 മുതല്‍ 11.30 വരെ നടക്കും.
ഇതില്‍നിന്ന് വിജയിക്കുന്ന ഓരോ കരകളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുക. പ്രാഥമിക അവതരണത്തില്‍ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹനമായി നല്‍കും.
ജനറല്‍ കണ്‍വീനര്‍ എം. കെ.ശശികുമാര്‍, പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന്, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.