കാണാതായ യുദ്ധസ്മാരക ശിലാഫലകം ഗാന്ധിപ്രതിമയ്ക്കു സമീപം പുനഃസ്ഥാപിച്ചു
1441808
Sunday, August 4, 2024 3:31 AM IST
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റ് വളപ്പില്‍നിന്നു കാണാതായ കാര്‍ഗില്‍ യുദ്ധസ്മാരക ശിലാഫലകം പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു സമീപം പുനഃസ്ഥാപിച്ചു. ഐതിഹാസികമായ കാര്‍ഗില്‍ യുദ്ധവിജയത്തിന് കാല്‍നൂറ്റാണ്ട് തികഞ്ഞതോടനുബന്ധിച്ചാണ് കളക്ടറേറ്റ് വളപ്പില്‍ മുമ്പു സ്ഥാപിച്ച ശിലാഫലകത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.
കാര്‍ഗില്‍ വിജയദിവസം കളക്ടറേറ്റിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയ സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്മാരകംനിന്ന സ്ഥലത്തെ മണ്‍കൂന കണ്ട് നിരാശരായി മടങ്ങുകയായിരുന്നു.
സംഭവത്തില്‍ സൈനികര്‍ക്കിടയില്‍നിന്ന് വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. സ്മാരകം സ്ഥാപിച്ച നെഹ്റു യുവ കേന്ദ്ര അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ സ്മാരക ശിലാഫലകം കണ്ടെത്തിയില്ല. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കു പരാതിയും നല്കി.
യുദ്ധ സ്മാരകം കാണാനില്ലെന്നും നശിപ്പിക്കപ്പെട്ടിരിക്കാമെന്നും യുവകേന്ദ്ര നല്കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. സ്മാരകം സംബന്ധിച്ച അന്നത്തെ ഫയല്കോപ്പിയും ഉള്‍പ്പെടുത്തിയിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ കളക്ടറേറ്റ് റോഡരികില്‍ ശിലാഫലകം കാടുമൂടിയ നിലയില്‍കണ്ടെത്തി.
തിരിച്ചുവച്ച ഫലകം ചെളിപിടിച്ചിരുന്നതിനാല് പെട്ടെന്നാര്‍ക്കും മനസിലാകാത്ത രീതിയിലായിരുന്നു. ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണത്തിനിടെ ശിലാഫലകം തടസമെന്നു കണ്ടതോടെ മണ്ണുമാന്തി ഉപയോഗിച്ച് ഇതു പൊളിച്ചു നീക്കുകയായിരുന്നുവെന്നും കണ്ടെത്തി.
ആറ് നിലകളുള്ള കെട്ടിട നിര്‍മാണ ഭാഗമായി സമാരക സ്തൂപം നിലനിന്ന സ്ഥലം ഉഴുതു മറിക്കുകയും ചെയ്തു. നിര്‍മാണ തൊഴിലാളികളാണ് ഇതു പൊളിച്ചതെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ ഉത്തരവാദപ്പെട്ടവരുടെ അനുമതിയോടെയാണ് സ്മാരകം മാറ്റിയതെന്ന് നിര്‍മാണ തൊഴിലാളികളും പറയുന്നു.
കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി 2001 ജൂലൈ 15നാണ് പൊതുമരാമത്ത് ഓഫീസിന് എതിര്‍വശത്തായി സ്തൂപം സ്ഥാപിച്ചത്. ഗ്രാനൈറ്റില്‍ നിര്‍മിച്ച സ്തൂപത്തിന്റെ ചുറ്റും കമ്പിയിട്ട് ചെടികള്‍ നട്ട് സുരക്ഷിതമാക്കിയിരുന്നു. അന്നത്തെ ജില്ലാ കളക്ടര്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഉദ്ഘാടനവും നടത്തി.
യുവജനകാര്യ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നെഹ്റുയുവകേന്ദ്ര മുൻകൈയെടുത്ത് അന്ന് രാജ്യമാകമാനം പൊതു ഇടങ്ങളിലും കളക്ടറേറ്റുകളിലും 620 സ്മാരകങ്ങളാണ് സ്ഥാപിച്ചത് കേരളത്തില്‍ 14 ജില്ലാ ആസ്ഥാനങ്ങളിലും സ്മാരകം ഉയര്‍ന്നിരുന്നു.
പത്തനംതിട്ടയില്‍ സ്തൂപം നിര്‍മാണത്തിന് അന്ന് 20,000 രൂപ ചെലവായി. പതിനായിരം രൂപ നെഹ്റു യുവ കേന്ദ്രയുടെ ഫണ്ടില്‍നിന്നും ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തുകയായിരുന്നു. സ്തൂപം ഇനി സെന്‍ട്രല്‍ ജംഗ്ഷനില്‍തന്നെ വയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിലെ മുന്‍കാല സൈനികരുടെകൂടി സാന്നിധ്യത്തില്‍ ഇതു പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്യും.