വയനാട്ടില്‍ കാരുണ്യസ്പര്‍ശവുമായി ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്
1441806
Sunday, August 4, 2024 3:31 AM IST
തിരുവല്ല: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാവേദനയില്‍ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുവാന്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്. വയനാട്ടില്‍ പ്രകൃതിദുരന്തം ഉണ്ടായതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വൈദ്യ സംഘത്തിന്റെ നേതൃത്വത്തില്‍ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തിരമായി ചെയ്യണമെന്ന് സഭയുടെ പരമാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ തെയോഫിലോസ് ആഹ്വാനം ചെയ്തു.
മാത്യുസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ഇടവകകളിലും ഇന്ന് വിശുദ്ധ കുര്‍ബാന മധ്യേ വയനാടിനുവേണ്ടിയുള്ള സമൂഹ പ്രാര്‍ഥന നടക്കും. അതോടൊപ്പം അവരുടെ പുനരധിവാസത്തിനും മുന്പോട്ടുള്ള ജീവിതത്തിനും ആശ്വാസമാകുവാന്‍ പ്രത്യേക സ്തോത്രകാഴ്ച സമാഹരിക്കും. സമാഹരിക്കുന്ന തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.
നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ഇടവകയില്‍ വികാരി ഫാ. മര്‍ക്കോസ് പള്ളിക്കുന്നേല്‍ സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.