വയനാട്ടില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ താത്പര്യം അറിയിച്ച് യുവദമ്പതികള്‍
1441805
Sunday, August 4, 2024 3:31 AM IST
പന്തളം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ താത്പര്യവുമായി യുവ ദമ്പതികള്‍. പന്തളം തെക്കേക്കര കീരുകുഴി ഭഗവതിക്ക് പടിഞ്ഞാറ് അനീഷ് ഭവനില്‍ എം.എസ്. അജിത്തും ഭാര്യ എസ്. സുനിതയുമാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നവമാധ്യമത്തില്‍ കുറിപ്പിട്ടത്. വിവാഹം കഴിഞ്ഞ് 19 വര്‍ഷമായി ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളില്ല. ഓഗസ്റ്റ് 28ന് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 19 വര്‍ഷം തികയുകയാണ്.
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി കുഞ്ഞുങ്ങള്‍ അനാഥരായ വിവരം പുറത്തെത്തിയതോടെ ദമ്പതികള്‍ ചര്‍ച്ച ചെയ്ത് ദത്തെടുക്കല്‍ തീരുമാനത്തിലേക്ക് എത്തിയത്. നവമാധ്യമങ്ങളില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ദമ്പതികള്‍ തങ്ങളുടെ താത്പര്യം പരസ്യപ്പെടുത്തിയപ്പോള്‍, പലരും പരിഹാസവുമായി വിളിച്ചിരുന്നതായും അജിത് പറഞ്ഞു.
വര്‍ഷങ്ങളായി ടാക്സി ഓടിക്കുന്ന അജിത് എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ പിഞ്ചോമനകളെ മാറോടു ചേര്‍ത്തു പിടിക്കാന്‍ അവസരം കാത്ത് അധികൃതരോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാ നിയമവശങ്ങളും പാലിച്ച് കുഞ്ഞിനെ അധികൃതര്‍ ഏല്പിക്കുകയാണെങ്കില് പൊന്നുപോലെ നോക്കിക്കൊള്ളാമെന്നും അജിത്ത് പറയുന്നു.