റവന്യു ടവറിലെ മാലിന്യക്കൂമ്പാരം: അടിയന്തര നടപടിയെടുക്കണം
1441540
Saturday, August 3, 2024 3:15 AM IST
തിരുവല്ല : റവന്യു ടവറിലെ മാലിന്യക്കൂമ്പാരം മാറ്റി വൃത്തിയാക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് തിരുവല്ല ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. മാലിന്യവും കാടും പിടിച്ച് റവന്യു ടവറിന് അകവും പുറവും ഒരുപോലെ മലീമസമായിരിക്കുകയാണ്. സാംക്രമിക രോഗങ്ങൾ ഏത് സമയത്തും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി റവന്യു ടവർ മാറിയിരിക്കുകയാണ്. കോടതിയിൽ എത്തിയ കക്ഷിക്കും കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ സംഭവമുണ്ടായി. കൂടാതെ റവന്യു ടവറിലും പരിസരത്തെ റോഡിലും രൂക്ഷമായ ഗതാഗത കുരുക്കും പതിവാണ്. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ റവന്യു ടവർ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
റവന്യു ടവറിലെ സ്ഫോടനാത്മകായ സ്ഥിതിവിശേഷം അടിയന്തരമായി പരിഹരിക്കാൻ ദുരന്തനിവാരണ നിയമം അനുസരിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് ബാർ അസോസിയേഷൻ പ്രസിഡന്റ് സതീഷ് ചാത്തങ്കരി പരാതി നൽകി.