സ്റ്റേഡിയം നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും: മന്ത്രി വീണാ ജോർജ്
1441538
Saturday, August 3, 2024 3:15 AM IST
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
തടസരഹിതനിര്‍മാണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍നല്‍കുന്നതിന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തി. മണ്ണിട്ട് നികത്തിയുള്ള ഘട്ടത്തിനാണ് വേഗം കൂട്ടേണ്ടത്.
തുടങ്ങിവച്ച പൈലിംഗ് ജോലികളും സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. മരങ്ങള്‍ നീക്കുന്നതും വൈദ്യുതപോസ്റ്റുകള്‍ മാറ്റുന്നതും ഉള്‍പ്പടെയുള്ള വിവിധ അനുമതികള്‍ കാലതാമസം കൂടാതെ ലഭ്യമാക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്.
നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തരമായ തീര്‍പ്പാക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പ്രാദേശികമായ പ്രശ്നങ്ങളെല്ലാം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ എട്ട് ലെയ്ന്‍ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, പവലിയന് - ഗാലറി മന്ദിരങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്.
രണ്ടാം ഘട്ടത്തിലാണ് ഹോസ്റ്റലിന്റെ നിര്‍മാണം. ലാൻഡ് ഡെവലപ്മെന്റ് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറല്‍ ഫുഡ്ബോള്‍ ടര്‍ഫ് പ്രവൃത്തികളാണ് ചെയ്യുക.
നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് ചീഫ് എൻജിനിയര്‍ പി. കെ. അനില്‍കുമാര്‍, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സുധീര്‍, ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജി.എം. ഗോപകുമാര്‍, കിഫ്ബി എൻജിനിയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.