ജനറൽ ആശുപത്രിയിൽ എച്ച്എംസി കൂടാനായില്ല; ഭരണച്ചുമതലയെച്ചൊല്ലിയും തർക്കം
1441535
Saturday, August 3, 2024 3:15 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ വികസനസമിതി രൂപീകരിച്ചെങ്കിലും യോഗം കൂടാനാകാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നു. സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യമന്ത്രിയുടെ തിരക്ക് കാരണമാണ് യോഗം വൈകുന്നതെന്നാണാക്ഷേപം.
ജില്ലാ പഞ്ചായത്തിന് ആശുപത്രിയുടെ നിയന്ത്രണം കൈമാറിയതിനു പിന്നാലെയാണ് വികസന സമിതിയും ഇല്ലാതായതാണ്. നഗരസഭയുടെ നിയന്ത്രണത്തിലായിരുന്ന ആശുപത്രി കഴിഞ്ഞ ജനുവരിയിൽ പ്രത്യേക ഉത്തരവിലൂടെയാണ് ജില്ലാ പഞ്ചായത്തിനു നൽകിയത്. ഇതിനെതിരേ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹൈക്കോടതിയിൽ നൽകിയ കേസും തീർപ്പായിട്ടില്ല.
നിലവിൽ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി. കഴിഞ്ഞ ജൂലൈ പത്തിനു ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം വികസനസമിതി പുനഃസംഘടിപ്പിച്ച് തീരുമാനമെടുത്തിരുന്നു. അംഗീകൃത രാഷ്ട്രീയകക്ഷി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് വികസനസമിതി രൂപീകരിച്ചത്. കഴിഞ്ഞ ജൂലൈ 22നു യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും മന്ത്രിയുടെ അസൗകര്യം കാരണം ഉപേക്ഷിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ വേണം ആശുപത്രി വികസനസമിതി യോഗം ചേർന്നാൽ മതിയെന്ന നിർദേശമുണ്ടായിരുന്നു. മന്ത്രിയുടെ അസൗകര്യങ്ങൾ കാരണം നഗരസഭയുടെ ചുമതലയിൽ ഇരിക്കുന്പോഴും വികസനസമിതി യോഗങ്ങൾ വൈകിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിനുശേഷം വികസനസമിതി കൂടിയിട്ടേയില്ല.
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി തിരക്കിലായതോടെയാണ് 22നു ചേരേണ്ടിയിരുന്ന വികസന സമിതിയോഗം ഉപേക്ഷിച്ചത്. പിന്നീട് വയനാട് വിഷയം കൂടിയായതോടെ മന്ത്രി തിരക്കിലുമായി.
ജില്ല ആശുപത്രിയുടെ നിയന്ത്രണം നിലവിൽ ജില്ലാ പഞ്ചായത്തിനാണ്. ഇതുകൂടാതെ ജില്ല ആയുർവേദ, ഹോമിയോ ആശുപത്രികളുടെയും നിയന്ത്രണമുണ്ട്. ഇതിനു പുറമേയാണ് പ്രത്യേക ഉത്തരവിലൂടെ ജനറൽ ആശുപത്രിയുടെ നിയന്ത്രണവും നൽകിയത്.
നഗരസഭാ പരിധിയിൽ ജില്ലാ പഞ്ചായത്തിനു പ്രതിനിധിയോ അധികാരമോ ഇല്ലെന്നിരിക്കേ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയെന്ന പരിഗണനയിൽ മാത്രം നിയന്ത്രണാധികാരം നൽകിയെങ്കിലും തുടർ പ്രവർത്തനങ്ങളിൽ സ്തംഭനമാണുണ്ടായത്.
ഇടപെടൽ അനിവാര്യം
ജനറൽ ആശുപത്രിയിൽ ഒപി, അത്യാഹിത വിഭാഗങ്ങൾക്കായി പുതിയ കെട്ടിടങ്ങൾ നിർമിച്ചുവരവേ ഉണ്ടായിട്ടുള്ള സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുകയാണ്. ഒപി ബ്ലോക്കിൽ പ്രവർത്തിച്ചുവന്നിരുന്ന സംവിധാനങ്ങൾ ഒന്നടങ്കം ബി ആൻഡ്സി ബ്ലോക്കിലേക്കു മാറ്റിയത്.
ശോച്യാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിലേക്ക് എല്ലാ സംവിധാനങ്ങളും ഒന്നിച്ചെത്തിയതോടെ സ്ഥലപരിമിതി അനുഭവപ്പെട്ടു. ഇതിനൊപ്പം കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം കെട്ടിട ഭാഗങ്ങൾ അടർന്നു വീഴാനും തുടങ്ങി.
കെട്ടിടത്തിലെ ഡ്രെയിനേജ്, ഇലക്ട്രിക്കൽ സംവിധാനങ്ങളെല്ലാം തകരാറിലായി. ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ, നിലവിലെ അത്യാഹിത വിഭാഗത്തിന്റെ ശോച്യാവസ്ഥ, ആശുപത്രി പരിസരത്തെ വെള്ളക്കെട്ട് തുടങ്ങിയവ അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളാണ്.
ഇതിനായി ഫണ്ട് അനുവദിച്ചാലും നിർവഹണം നടത്തേണ്ടത് വികസന സമിതിയാണ്. വികസനസമിതി യോഗം ചേരാൻ കഴിയാത്തതിനാൽ അനുമതികൾ നൽകാനുമാകുന്നില്ല. ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിച്ച ഫണ്ടിന്റെ വിനിയോഗവും വികസനസമിതി ഇല്ലാത്തതിനാൽ നടത്താനാകാത്ത സ്ഥിതിയാണ്.
തീരുമാനങ്ങൾ ഏകപക്ഷീയം
ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും നിർമാണം ഒന്നിച്ച് ആരംഭിച്ചതിനു പിന്നാലെ ഉണ്ടായേക്കാവുന്ന സ്ഥലപരിമിതി സംബന്ധിച്ച വിഷയങ്ങൾ തരണം ചെയ്യുന്നതു സംബന്ധിച്ച കൂട്ടായ ചർച്ചകളുണ്ടാകാതെ പോയതാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണമെന്നു പറയുന്നു.
ആശുപത്രിയിലെ താത്കാലിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകളിൽ നഗരസഭ അധികൃതർ ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് നഗരസഭയിൽ നിന്ന് ആശുപത്രിയുടെ നിയന്ത്രണാധികാരം എടുത്തുമാറ്റിയത്. താത്കാലിക സംവിധാനത്തിന്റെ ഭാഗമായി പുതിയ റോഡ് നിർമാണം അടക്കം നഗരസഭ ഏറ്റെടുത്തു നടത്തിവരുന്നതിനിടെയാണ് പൊടുന്നനെയുള്ള തീരുമാനം ഉണ്ടായത്.
പുതിയ ക്രമീകരണങ്ങൾ ഒരുക്കാതെ നിലവിലെ കെട്ടിടങ്ങളിലേക്ക് എല്ലാ സൗകര്യങ്ങളും കൊണ്ടുവന്നതോടെ ഡോക്ടർമാരും ജീവനക്കാരും ഒരേപോലെ ബുദ്ധിമുട്ടിലായി. കോവിഡ് കാലത്ത് കെട്ടി ഉയർത്തി ഷീറ്റിട്ട സ്ഥലമാണ് അത്യാഹിത വിഭാഗമായി രൂപാന്തരപ്പെട്ടത്. യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെയില്ല.
വേനൽക്കാലത്ത് അസഹ്യമായ ചൂടു കാരണം ജീവനക്കാർക്ക് കെട്ടിടത്തിൽ നിൽക്കാൻ പോലുമാകുമായിരുന്നില്ല. മഴ തുടങ്ങിയതോടെ വെള്ളം മുഴുവൻ ഉള്ളിലേക്ക് ഒഴുകുകയാണ്. ആശുപത്രിയിലെത്തുന്നവർക്ക് വിശ്രമിക്കാനോ ഇരിക്കാനോ സൗകര്യമിലലാത്ത സ്ഥിതിയുണ്ട്.