പുതമൺ-കൂട്ടത്തോട് റോഡിന്റെ പുനരുദ്ധാരണം ഉടൻ ആരംഭിക്കും
1441530
Saturday, August 3, 2024 3:00 AM IST
റാന്നി: ചെറുകോൽ പഞ്ചായത്തിലെ പുതമൺ - കൂട്ടത്തോട് റോഡിന്റെ പുനരുദ്ധാരണം പത്തിനകം ആരംഭിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നിയിൽ ചേർന്ന പൊതുമരാമത്ത് അധികൃതരുടെയും ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഒന്പതു കോടി രൂപ ചെലവഴിച്ചാണ് പുതമൺ- കുട്ടത്തോട്, പാലച്ചുവട് - നരിക്കുഴി റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്.
എന്നാൽ, പൈപ്പ് സ്ഥാപിക്കുന്നതിന് ഉണ്ടായ കാലതാമസം നിർമാണം വൈകാനിടയായി. പുതമൺ - കുട്ടത്തോട് റോഡിൽ ജല അഥോറിറ്റി പൈപ്പ് സ്ഥാപിച്ച കഴിഞ്ഞു. 5.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ 3.3 കിലോമീറ്റർ ജല അഥോറിറ്റിയും 2.3 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പുമാണ് പുനരുദ്ധരിക്കുക.
ഇതിൽ ജല അഥോറിറ്റി പുനരുധരിക്കേണ്ട ഭാഗത്തിന്റെ നിർമാണമാണ് 10ന് ആരംഭിക്കുന്നത്. പൊതുമരാമത്ത് വിഭാഗത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കരാർ റദ്ദ് ചെയ്ത് പുതിയ ടെൻഡർ ചെയ്യാനാണ് നീക്കം.
പുതമൺ താത്കാലിക പാത കോൺക്രീറ്റ് ചെയ്യണം
റാന്നി: കക്കൊഴൂർ - കോഴഞ്ചേരി പാതയിലെ പുതമൺ താത്കാലിക പാത ടാറിംഗോ കോൺക്രീറ്റിംഗ് നടത്തിയോ ഗതാഗതയോഗ്യമാക്കണമെന്ന് ചെറുകോൽ പഞ്ചായത്ത് പൗരസമിതി ആവശ്യപ്പെട്ടു.
നിലവിൽ നിർമിച്ചിട്ടുള്ള താത്കാലിക പാത മഴ പെയ്താൽ വെള്ളത്തിലാകുകയാണ്. ഇതോടെ ഗതാഗതം മുടങ്ങും. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ പാത തകർന്നു. ബസുകളൊഴികെയുള്ള വാഹനങ്ങൾക്ക് പാത ഉപകാരപ്പെടുന്നില്ല.
പുതിയ പാലത്തിന്റെ പണി പുതമണ്ണിൽ ആരംഭിക്കുന്നതോടെ പാതയിലൂടെ കൂടുതൽ വാഹനങ്ങൾ കടത്തിവിടേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ താത്കാലിക പാത അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.