വാലാങ്കര-അയിരൂർ റോഡിൽ ഇന്റർലോക്ക് ഇടാൻ 55 ലക്ഷം
1441529
Saturday, August 3, 2024 3:00 AM IST
റാന്നി: കിഫ്ബിയുടെ ചുമതലയിൽ നിർമാണത്തിലിരിക്കുന്ന വാലാങ്കര - അയിരൂർ റോഡിന്റെ മുതുപാലഭാഗത്ത് ഇന്റർലോക്ക് ചെയ്യുന്നതിനും വശംകെട്ടി സംരക്ഷിക്കുന്നതിനും 55 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
നേരത്തെ റോഡ് നിർമാണം നടത്തിയപ്പോൾ 40 മീറ്ററോളം ഭാഗം ഒന്നും ചെയ്യാതെ കിടക്കുകയായിരുന്നു.
വാലാങ്കര -അയിരൂർ റോഡ് ബിഎംബിസി നിലവാരത്തിൽ ടാറിംഗ് നടത്തിവരികയായിരുന്നു. 24 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. എന്നാൽ വൈദ്യുത പോസ്റ്റും പൈപ്പും മാറ്റുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും ഫണ്ട് തികയാതെവന്നതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു.
തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതി പുനരുദ്ധരിക്കുന്നതിന് എംഎൽഎയുടെ ആവശ്യപ്രകാരം 8.73 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി കെആർഎഫ്ബി യുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മുതുപാല ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ട് യാത്ര ദുഷ്കരമായത്. ഇക്കാര്യം എംഎൽഎ കെആർഎഫ് ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തരമായി ഇന്റർലോക്കിടാൻ 55 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.