ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരേ സംയുക്ത അധ്യാപകസമിതി ധർണ നടത്തി
1441527
Saturday, August 3, 2024 3:00 AM IST
പത്തനംതിട്ട: സമയത്തെപ്പോലും പരിഗണിക്കാതെ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ വ്യഗ്രത സംശയാസ്പദമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. സംയുക്ത അധ്യാപക സമിതി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ സമൂലമായ മാറ്റം നിർദ്ദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊതു സമൂഹത്തിനു മുന്നിൽ പ്രസിദ്ധീകരിക്കാതെയും യാതൊരു തരത്തിലുള്ള ചർച്ചകളോ വിശകലനങ്ങളോ നടത്താതെയുമാണ് നടപ്പാക്കാനുള്ള തീരുമാനം.
കേരളം നേരിടുന്ന സമാനതകളില്ലാത്ത ദുരന്തസമയം കൂടി പരിഗണിക്കാതെ മന്ത്രിസഭയുടെ മുമ്പാകെവച്ച് തിരക്കിട്ട് അംഗീകരിപ്പിച്ചെടുക്കാനുള്ള വ്യഗ്രത സംശയാസ്പദമാണെന്നും ,കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അക്കാദമികമായും ഭരണപരമായും തകർക്കുന്ന റിപ്പോർട്ട് ഏകപക്ഷീയമായി അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംയുക്ത അധ്യാപക സമിതി അഭിപ്രായപ്പെട്ടു .
സയുക്ത അധ്യാപക സമിതി ജില്ലാ ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. എച്ച്എസ്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറിഅനിൽ എം. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് എ. സരേഷ് കുമാർ,
സെക്രട്ടറി സാമുവൽ കിഴക്കുപുറം, ഘടക സംഘടനനേതാക്കളായ മീന ഏബ്രഹാം, സജി അലക്സാണ്ടർ, ബിന്ദു ബി.ചന്ദ്രൻ, ജിജി സാം മാത്യു, എസ്. പ്രേം, ഹബീബ് മദനി, കെ. റഹ്മത്തുള്ള, കെ.എം. സുരേഷ് കുമാർ, അനിത ബേബി എന്നിവർ പ്രസംഗിച്ചു.