അയിരൂരിൽ ഐഎച്ച്ആർഡി നഴ്സിംഗ് കോളജ്: 40 കുട്ടികൾക്ക് നഴ്സിംഗ് ബിരുദ പ്രവേശനം
1441526
Saturday, August 3, 2024 3:00 AM IST
റാന്നി: നോളജ് പദ്ധതിയുടെ ഭാഗമായി അയിരൂരിൽ നഴ്സിംഗ് കോളജ് ആരംഭിക്കാൻ അനുമതി തേടി. ഐഎച്ച്ആർഡിയുടെ ചുമതലയിൽ നഴ്സിംഗ് കോളജ് അനുവദിക്കുന്നതിലേക്കാണ് അപേക്ഷ നൽകിയതെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തിനായി റാന്നിയിൽ വിദ്യാർഥികൾ കൂടുതലായി തെരഞ്ഞെടുക്കുന്നത് നഴ്സിംഗ് മേഖലയാണ് . ഇവരുടെ വൈജ്ഞാനിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് പുതിയ നഴ്സിംഗ് കോളജ്. അയിരൂർ ഐഎച്ച്ആർഡി യുടെ കാന്പസിനൊപ്പം മൂന്ന് ഏക്കർ സ്ഥലം ഗ്രാമപഞ്ചായത്ത് ഇതിനായി കണ്ടെത്തി നൽകും. ഹോസ്റ്റൽ, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഘട്ടംഘട്ടമായി നൽകും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ആദ്യ പരിശോധന പൂർത്തിയായതായും എംഎൽഎ അറിയിച്ചു. തുടർന്ന് കേരള നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ, ആരോഗ്യ സർവകലാശാല, ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ എന്നീ സമിതികളുടെയും അംഗീകാരം ലഭിക്കേണ്ടതായുണ്ട്.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നഴ്സിംഗ് കോളജ് ആരംഭിക്കണമെന്ന നിർദേശം പരിഗണിച്ചാണ് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാർ റാന്നിയെ തെരഞ്ഞെടുത്തത്. ആദ്യഘട്ടമായി സംസ്ഥാനത്ത് ഐഎച്ച്ആർഡി ആരംഭിക്കുന്ന മൂന്ന് നഴ്സിംഗ് കോളജുകളിലൊരെണ്ണമാണ് റാന്നിയിൽ ആരംഭിക്കുന്നത്.
ബിഎസ് സി നഴ്സിംഗ് കോഴ്സിൽ 40 വിദ്യാർഥികൾക്കായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം. സ്ഥലം കണ്ടെത്തൽ, കെട്ടിടനിർമാണം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി എംഎൽഎ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, സർക്കാർ ഫണ്ടുകൾ, മറ്റ് ഇതര ഫണ്ടുകൾ, ഏജൻസികളിലൂടെ സഹായം, സിഎസ്ആർ ഫണ്ട് എന്നിവയെല്ലാംസമാഹരിക്കുന്നത് ഉൾപ്പെടെ വിശദമായ മാസ്റ്റർ പ്ലാൻ ഇതിനായി തയാറാക്കും.
പ്രാഥമിക ആലോചന യോഗം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.പ്രസാദ്, ജെസി സൂസൻ,
ഐഎച്ച്ആർഡി അക്കാഡമിക് കൗൺസിൽ അംഗം ഡോ.ലത, ജേക്കബ് കോശി, തോമസ് ഡാനിയേൽ, എൻ.ജി. ഉണ്ണികൃഷ്ണൻ, കെ.മോഹൻദാസ്, തോമസ് കളിക്കൽ, ഫാ.ഫിലിപ്പ് സൈമൺ, അനിതാകുറുപ്പ്, ശ്രീജ വിമൽ, സാംകുട്ടി അയ്യക്കാവിൽ , കെ.ടി.സുബിൻ എന്നിവർ പ്രസംഗിച്ചു.