സ്വർണക്കമ്മലുകൾ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രേയ
1441525
Saturday, August 3, 2024 3:00 AM IST
പത്തനംതിട്ട: സ്വർണക്കമ്മലുകൾ വിറ്റ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി അഞ്ചാം ക്ലാസ് വിദ്യാർഥിനി മാതൃകയായി. പത്തനംതിട്ട വലഞ്ചുഴി ശ്രീരാഗം വീട്ടിൽ പരേതനായ ശ്രീരാജിന്റെയും രമ്യയുടെയും മകൾ ശ്രേയയാണ് വയനാട്ടിലെ ജനതയുടെ കണ്ണീരൊപ്പാൻ ഇളംകൈയിലെ സംഭാവനയുമായി ഇന്നലെ പത്തനംതിട്ട ജില്ലാ കളക്ടറെ കണ്ടത്.
വയനാട്ടിലെ ദുരന്തവും നാട്ടുകാരുടെ സങ്കടങ്ങളും കണ്ട ഇവരെ സഹായിക്കാൻ തനിക്ക് എന്തുചെയ്യാൻ സാധിക്കുമെന്നു ചിന്തിച്ച പെൺകുട്ടി തന്റെ ഒരു ജോഡി സ്വർണക്കമ്മലുകൾ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാമെന്ന തീരുമാനത്തിലെത്തി.
രണ്ടു ഗ്രാമിന്റെ കമ്മലുകളാണ് നൽകിയത്. ഇത് വിറ്റുകിട്ടിയ 12,000 രൂപയാണ് സംഭാവനയായി നൽകിയത്. ശ്രേയയുടെ അച്ഛൻ ശ്രീരാജ് അഞ്ച് വർഷം മുൻപ് ഒരു വാഹനാപകടത്തിൽ മരിച്ചതാണ്.
സ്വർണക്കമ്മൽ നൽകണമെന്ന കാര്യം അമ്മ രമ്യയോടു ശ്രേയ അവതരിപ്പിച്ചപ്പോൾ മകളുടെ ആഗ്രഹത്തിന് അമ്മ പൂർണ പിന്തുണ നൽകി. കുട്ടിയുടെ അമ്മ വിവരം വാർഡ് കൗൺസിലറായ എ. സുരേഷ് കുമാറിനെ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് എ. സുരേഷ് കുമാറിനൊപ്പം പത്തനംതിട്ട കളക്്ടറേറ്റിൽ എത്തി ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനു തുക കൈമാറി. മുൻപ് കോവിഡ് സമയത്തും ദുരിതാശ്വാസ ഫണ്ടിലേക്കു ശ്രേയ പണം നൽകിയിട്ടുണ്ട്. പത്തനംതിട്ട അമൃത വിദ്യാലയം സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിനിയാണ് ശ്രേയ.