പത്തനംതിട്ടയിൽ ഇത്തവണ അധികമഴയില്ല
1441524
Saturday, August 3, 2024 3:00 AM IST
പത്തനംതിട്ട: കാലവർഷം അധികമായി ലഭിച്ചുവന്ന പത്തനംതിട്ടയിൽ ഇക്കുറി ജൂൺ മുതൽ ഇന്നലെ വരെയുള്ള കണക്കിൽ എട്ടു ശതമാനം മഴയുടെ കുറവ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പത്തനംതിട്ട ജില്ലയിൽ കാലവർഷത്തിൽ കുറവുണ്ടാകുന്ന വർഷമാണിത്.
ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 1011.2 മില്ലമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് പത്തനംതിട്ടയിൽ ഇത്തവണ ലഭിച്ചത് 933.4 മില്ലിമീറ്റർ മഴയാണ്. ഇക്കുറി വേനൽമഴയിൽ പത്തനംതിട്ടയിൽ 35 ശതമാനം കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞവർഷം ഏറ്റവും അധികം മഴ ലഭിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. തെക്കൻ ജില്ലകളിൽ ഇത്തവണ മഴ പൊതുവേ കുറവാണ്. സമീപ ജില്ലകളായ കോട്ടയത്ത് ഒരു ശതമാനത്തിന്റെയും കൊല്ലത്ത് ഒന്പതു ശതമാനത്തിന്റെയും ഇടുക്കിയിൽ 26 ശതമാനത്തിന്റെയും ആലപ്പുഴയിൽ 17 ശതമാനത്തിന്റെയും കുറവാണുള്ളത്.
വടക്കൻ ജില്ലകളിൽ പെരുമഴയും കെടുതികളും രൂക്ഷമായപ്പോഴും കേരളത്തിന്റെ മൊത്തം കണക്കിൽ നാല് ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1342 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 1293 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ ഇക്കാലയളവിൽ ലഭിച്ചത്.
മഴ ദുർബലമായി
ഇന്നലെ ജില്ലയിൽ മഴ ദുർബലമായിരുന്നു. അയിരൂരിൽ ഒന്പതു മില്ലിമീറ്ററും കോന്നിയിൽ രണ്ടു മില്ലിമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ മലയോര മേഖലയിലും മഴ ദുർബലമായതോടെ നദികളിലെ ജലനിരപ്പും കുറഞ്ഞു. ഇന്ന് ക്ഷേത്രക്കടവുകളിൽ പിതൃബലി തർപ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.
സംഭരണികളിൽ വെള്ളം പകുതി മാത്രം
സാധാരണ നിലയിൽ കാലവർഷത്തോടനുബന്ധിച്ച് 80 ശതമാനത്തിനു മുകളിൽ ജലനിരപ്പ് എത്തുന്ന കക്കി, പന്പ സംഭരണികളിൽ ഇക്കുറി അന്പതു ശതമാനം വെള്ളം എത്തിയത് കഴിഞ്ഞദിവസത്തെ മഴയിലാണ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി ആനത്തോട് സംഭരണിയിൽ 53.05 ശതമാനം മാത്രമാണ് ഇന്നലത്തെ ജലനിരപ്പ്.
പന്പയിൽ 27.03 ശതമാനമാണ് വെള്ളം ഉള്ളത്. കക്കിയിൽ 981.46 മീറ്ററാണ് സ്ഥാപിതശേഷി. 966.18 മീറ്ററാണ് ഇന്നലെ ജലനിരപ്പ്. പന്പയിൽ 986.33 മീറ്ററാണ് ശേഷി. 972.1 മീറ്ററാണ് ഇന്നലെ ജലനിരപ്പ്.
ശബരിഗിരി സംഭരണിയിൽ ജലനിരപ്പ് കാലവർഷത്തോടനുബന്ധിച്ച് ഇത്രയും താഴ്ന്നു നിൽക്കുന്നതും ഏറെക്കാലത്തിനുശേഷമാണ്. 2018ലെ മഹാപ്രളയകാലത്ത് സംഭരണികൾ പൂർണതോതിൽ നിറഞ്ഞ് ഷട്ടറുകൾ തുറന്നിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ജലനിരപ്പ് 80 ശതമാനത്തിലെ്തുന്പോൾ മുന്നറിയിപ്പ് നൽകി ജലനിരപ്പ് ക്രമീകരിച്ചു വരികയാണ്.
ഇക്കൊല്ലം ഇതാദ്യമായാണ് 50 ശതമാനത്തിനു മുകളിലേക്ക് ജലനിരപ്പ് എത്തിയത്. കാലവർഷത്തോടനുബന്ധിച്ച് സംഭരണികളിൽ വെള്ളം നിറയാത്തത് കെഎസ്ഇബിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇക്കാലയളവിൽ സംഭരണികൾ നിറഞ്ഞെങ്കിൽ മാത്രമേ വൈദ്യുതി ഉത്പാദനം സുഗമമാകുയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
വേനൽമഴയിലെ കുറവും സംഭരണികളിലെ ജലനിരപ്പിനെ ബാധിച്ചിട്ടുണ്ട്. മൂഴിയാറിൽ 82.16 ശതമാനം വെള്ളം ഉണ്ട്. ശബരിഗിരിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളവും വൃഷ്ടി പ്രദേശങ്ങളിലെ മഴയും ചേർത്താണ് കക്കാട് പദ്ധതിയുടെ മൂഴിയാറിൽ ജലനിരപ്പ് ക്രമീകരിക്കുന്നത്.