വയനാടിന് കൈത്താങ്ങ്
1441240
Friday, August 2, 2024 3:22 AM IST
ഇവാൻജലിക്കൽ സഭ സഹായം നൽകും
തിരുവല്ല: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് അടിയന്തര പ്രാധാന്യം നൽകി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം.
മരണമടഞ്ഞവരുടെ ബന്ധുക്കളെ ബിഷപ് അനുശോചനം അറിയിച്ചു. സ്വന്തം ജീവൻ പണയംവച്ച് ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോടു സഭ ഐക്യദാർഢ്യം അറിയിച്ചു.
പ്രാഥമികമായി ബംഗളൂരു ഇടവക സമാഹരിച്ച അവശ്യവസ്തുക്കൾ സെന്റർ പ്രസിഡന്റ് റവ. ലാജി വർഗീസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ഭരണകുടത്തിനു കൈമാറി. സഭയുടെ യുവജനപ്രവർത്തന ബോർഡ്, നോർത്ത് കേരള ഡയോസിസ് യൂത്ത്സ് യൂണിയൻ,
നിലമ്പൂർ സെന്റർ യൂത്ത്സ് യൂണിയനുകൾ ചേർന്ന് പദ്ധതികൾക്കു നേതൃത്വം നൽകുമെന്നും സഭയുടെ ചുമതലയിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് ഭവനങ്ങൾ അടിയന്തരമായി നിർമിച്ചുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും നാലിനു സഭയിലെ എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർഥന ക്രമീകരിച്ചിട്ടുണ്ടെന്നും സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി. മാത്യു എന്നിവർ അറിയിച്ചു.
വയനാട് ദുരന്തം: കളക്ഷൻ സെന്ററുമായി സവാക്ക്
തിരുവല്ല: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കാൻ കേരളത്തിലെ കലാപ്രവർത്തകരുടെ സംഘടനയായ സവാക്കിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സാധന സാമഗ്രികളുടെ കളക്ഷൻ സെന്റർ തിരുവല്ലയിൽ ആരംഭിച്ചു.
തിരുവല്ല എലൈറ്റ് ഹോട്ടലിന് എതിർവശമുള്ള സെന്റ് ജോർജ് സിറ്റി സെന്ററിൽ സവാക്ക് ജില്ലാ പ്രസിഡന്റ് പ്രകാശ് വള്ളംകുളം അധ്യക്ഷത വഹിച്ചയോഗം മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി ഉദ്ഘാടനം ചെയ്തു. സവാക്ക് സംസ്ഥന ജനറൽ സെക്രട്ടറി സുദർശനൻ വർണം മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി അജി എം. ചാലാക്കേരി, സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത് പി ചാക്കോ, ജില്ലാ സെക്രട്ടറി ഷാജി പഴൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. വിനോജ്, ജയൻ ചെങ്ങറ, മണി ഗാന്ധിദേവൻ, പൊതുപ്രവർത്തകരായ കെ.പ്രകാശ് ബാബു, സോമൻ താമരച്ചാൽ, ടോണി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരള സ്നേഹകൂട്ടായ്മ ചെയർമാൻ ജയിംസ് മാത്യു ആദ്യ സംഭാവന നൽകി.
സാധനങ്ങൾ സമാഹരിച്ച് കോൺഗ്രസ് കമ്മിറ്റികൾ
തിരുവല്ല: തിരുവല്ല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാടിന് കൈത്താങ്ങുമായിസമാഹരിച്ച സാധനസാമഗ്രികൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കു കൈമാറി. മണ്ഡലം പ്രസിഡന്റ് സജി എം. മാത്യുവിൽനിന്ന് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ സാധനങ്ങൾ ഏറ്റുവാങ്ങി.
ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തനം തുടങ്ങി. സാധനങ്ങൾ നൽകാൻ താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ടാൽ നേരിട്ടെത്തി ശേഖരിക്കുന്നതിനു വോളണ്ടിയർമാരെ നിയോഗിച്ചു. ഞായറാഴ്ചവരെ ലഭിക്കുന്ന സാധനങൾ ശേഖരിച്ചു പത്തനംതിട്ട ഡിസിസി വഴി വയനാട്ടിൽ എത്തിക്കും.