ഈവി കനാൽപാലം അപകടാവസ്ഥയിൽ
1441238
Friday, August 2, 2024 3:22 AM IST
അടൂർ: കരുവാറ്റ - തട്ട ഈവി റോഡിലെ കനാൽ പാലം അപകടാവസ്ഥയിൽ. അറപ്പുര ഭാഗത്തെ കനാൽ പാലമാണ് അപകടാവസ്ഥയിലുള്ളത്. പാലത്തിന്റെ മധ്യഭാഗത്ത് വിള്ളൽ വീണിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ചേരുന്ന ഭാഗത്ത് വിള്ളലും കുഴിയും രൂപപ്പെട്ടു. 45 വർഷം പഴക്കമുള്ള പാലത്തിനു യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പാലം അപകടാവ സ്ഥയിലാകാൻ കാരണം.
കെപി റോഡിൽ നിന്ന് തട്ട, ചെറുലയം, പെരുമ്പുളിക്കൽ ഭാഗത്തേക്ക് പോകാനുള്ള പ്രധാന റോഡാണിത്. ഒരു സ്വകാര്യ ബസും കെഎസ്ആർടിസി ബസും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. ഏറെ തിരക്കുള്ള ഗ്രാമീണ പാതയാണ്.
തടി കയറ്റി വരുന്ന ലോറികൾ പാലത്തിലൂടെ സ്ഥിരം പോകുന്നതു മൂലം പാലം കൂടുതൽ അപകടാവസ്ഥയിലായതായി നാട്ടുകാർ പറഞ്ഞു. പാലം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ നടപടി സ്പീകരിക്കണമെന്ന് സിപിഐ കരുവാറ്റ ബ്രാഞ്ച് സെക്രട്ടറി ജോൺസൺ ആവശ്യപ്പെട്ടു.