ക്ഷേത്രങ്ങളിൽ നാളെ ബലിതർപ്പണം
1441237
Friday, August 2, 2024 3:22 AM IST
പത്തനംതിട്ട: കർക്കടകവാവു ദിനമായ നാളെ ക്ഷേത്രങ്ങളിൽ പിതൃബലി തർപ്പണത്തിനുള്ള ഒരുക്കങ്ങളായി. പുലർച്ചെ മുതൽ ക്ഷേത്രക്കടവുകളിലും തീർഥ സ്നാനങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. മഴയേ തുടർന്ന് നദികളിൽ ജലനിരപ്പുയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ കടവുകളിൽ ഒരുക്കിയിട്ടുണ്ട്. പോലീസും ഫയർഫോഴ്സും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ടാകും.
ജില്ലയിൽ ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവ്, തൃപ്പാറ മഹാദേവ ക്ഷേത്രം, വള്ളിക്കോട് തൃക്കോവിൽ പത്മനാഭ സ്വാമി ക്ഷേത്രം, വലഞ്ചുഴി ദേവി ക്ഷേത്രം, മല്ലപ്പള്ളി തിരുമാലിട ക്ഷേത്രം, വാഴമുട്ടം മഹാവിഷ്ണു ക്ഷേത്രം, തുന്പമൺ വടക്കുംനാഥ ക്ഷേത്രം, വടശേരിക്കര, റാന്നി ക്ഷേത്രക്കടവുകൾ എന്നിവിടങ്ങളിൽ ബലിതർപ്പണ ക്രമീകണങ്ങളായിട്ടുണ്ട്.
കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ നൂറ്റാണ്ടുകളായി ആചരിച്ചു വരുന്ന കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള 1001 മുറുക്കാന്‍ സമര്‍പ്പണവും 1001 കരിക്കിന്റെ മലയ്ക്ക് പടേനിയും വാവൂട്ടും നാളെ നടക്കും.
നാളെ രാവിലെ 4.30 ന് മല ഉണർത്തലും കരിക്ക് പടേനി സമര്‍പ്പണം, 5.30 മുതല്‍ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ തുടർന്ന് കര്‍ക്കടക വാവ് ബലി കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് പർണശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മവും അച്ചന്‍കോവിലാറ്റില്‍ സ്നാനവും നടക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ വിവിധ പൂജകളും ഉണ്ടാകും.