പഞ്ചറായി പഞ്ചിംഗ്...നടപ്പായത് പകുതിയിൽതാഴെ ഓഫീസുകളിൽ
1441236
Friday, August 2, 2024 3:22 AM IST
പത്തനംതിട്ട: ജീവനക്കാരുടെ ജോലിസമയത്തിൽ കൃത്യതവരുത്താൻ ഏർപ്പെടുത്തിയ പഞ്ചിംഗ് സംവിധാനം ജില്ലയിലെ പകുതിയിലേറെ സർക്കാർ ഓഫീസുകളിലും നടപ്പായില്ല. രാവിലെ 10ന് തുടങ്ങി വൈകുന്നേരം അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കിത്തുടങ്ങിയത്. തുടക്കത്തിൽത്തന്നെ ജീവനക്കാർക്ക് സംവിധാനത്തോടു മടുപ്പായിരുന്നു.
മിക്ക ഓഫീസുകളും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുന്നത് 10.30നും 11നും ഒക്കെയാണ്. രാവിലെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ജീവനക്കാർ വരുന്നതുവരെയുള്ള കാത്തിരിപ്പിലുമാകും. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന താലൂക്ക്, വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പഞ്ചിംഗ് ഇല്ല. വൈകുന്നേരം അഞ്ചിന് മുൻപായി ഓഫീസുകൾ വിട്ടിറങ്ങുന്നവരെ നിയന്ത്രിക്കാനുമാകുന്നില്ല. ബസിന്റെ സമയമാണ് പല ഓഫീസുകളുടെയും പ്രവർത്തന സമയമെന്ന് ആക്ഷേപമുണ്ട്.
ചുമതല ഓഫീസ് മേധാവികൾക്ക്
പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തേണ്ട ചുമതല അതത് ഓഫീസ് മേധാവികൾക്കാണ് നൽകിയിരുന്നത്. വകുപ്പുകളുടെ ഡയറക്ടറേറ്റിൽനിന്നുള്ള നിർദേശമനുസരിച്ചാണ് പഞ്ചിംഗ് ഏർപ്പെടുത്തുന്നത്. ഇതിനായി പ്രത്യേകം ഫണ്ടും അനുവദിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയിൽ കളക്ടറേറ്റ്, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ബ്ലോക്ക് ഓഫീസുകൾ, പത്തനംതിട്ട നഗരസഭ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, പൊതുമരാമത്ത് ഓഫീസുകൾ, ലീഗൽ മെട്രോളജി ജില്ലാ ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ്, ട്രഷറികൾ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്,
വനംവകുപ്പ് ഓഫീസുകൾ, ജില്ലാ ലോട്ടറി ഓഫീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസ്, അലോപ്പതി, ആയുർവേദ ഡിഎംഒ, എസ്പി ഓഫീസ്, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പഞ്ചിംഗ് ഏർപ്പെടുത്തിയത്.
ആർഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ, ഗ്രാമപഞ്ചായത്ത് ഓഫീസുകൾ, താലക്ക് സർവേ ഓഫീസുകൾ, താലൂക്ക്തല മൃഗസംരക്ഷണ ഓഫീസുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, ഡിഇഒ, എഇഒ,
അടൂർ, പന്തളം, തിരുവല്ല നഗരസഭകൾ, പോളിടെക്നിക്, ഐടിഐ, എംപ്ലോയ്മെന്റ് ഓഫീസുകൾ, ടൗൺ പ്ലാനിംഗ്, പട്ടികജാതി വികസനം, ലോക്കൽ ഫണ്ട് ഓഡിറ്റ്, ആർടിഒ, ജിഎസ്ടി, ഇറിഗേഷൻ, കൃഷി ഓഫീസുകൾ എന്നിവിടങ്ങളിലാണ് ഇനിയും പഞ്ചിംഗ് ഏർപ്പെടുത്താനുള്ള സക്കാർ ഓഫീസുകൾ.