കാട്ടുപന്നികൾ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു
1423387
Sunday, May 19, 2024 4:20 AM IST
അടൂർ: കാട്ടുപന്നികൾ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സിവിൽ ഡിഫൻസ് അംഗം സജി ഡേവിഡ് പന്നികളെ പുറത്തെടുത്തു. അടൂർ കരുവാറ്റ പ്ലാവിളത്തറ പാലത്തിനു സമീപം ഷെല്ലിയുടെ വീട്ടിലെ കിണറ്റിലാണ് പന്നികൾ വീണത്.
ശനിയാഴ്ച പുലർച്ചെ 12.15നാണ് തള്ളയും രണ്ടു കുട്ടികളുമായി പന്നികൾ കിണറ്റിൽ വീണത്. അടൂർ നഗരസഭ വാർഡ് കൗൺസിലർ അനുവസന്തൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
നഗരസഭാ പരിധിയിലെ ഷൂട്ടറുമായി ബന്ധപ്പെട്ട് വെടിവയ്ക്കാനാണ് മറുപടി ലഭിച്ചതെന്നും കൗൺസിലർ പറഞ്ഞു. എന്നാൽ അടൂർ നഗരസഭയിൽ ഷൂട്ടറുടെ സേവനം ലഭ്യമല്ല. ഇതോടെ നാട്ടുകാർ അടൂർ അഗ്നിരക്ഷാ സേനാനിലയത്തിൽ വിവരം അറിയിച്ചു. ഇവിടെ നിന്നുമാണ് സജി ഡേവിഡിനെ സുരക്ഷ ഉറപ്പാക്കി പന്നികളെ പുറത്തെടുക്കാൻ നിർദേശം നൽകിയത്.
രാവിലെ ഏഴിന് സ്ഥലത്തെത്തിയ സജി 8.30ന് കിണറ്റിൽനിന്നും രണ്ടു കുഞ്ഞു പന്നികളെ പുറത്തെടുത്തു. വലിയ പന്നിയെ പുറത്തെടുക്കാൻ ഏറെ പ്രയാസപ്പെട്ടു.
ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ വലിയ പന്നിയെ കിണറിനു പുറത്തെത്തിച്ചു. തുടർന്ന് വനംവകുപ്പ് എത്താത്തതിനേത്തുടർന്ന് മൂന്നു പന്നികളെയും നാട്ടുകാർ തുറന്നു വിട്ടു.
സമീപത്തെ വസ്തുവിൽനിന്നു പാഞ്ഞു വന്നതായിരുന്നു പന്നിക്കൂട്ടം. സമീപത്തെ വസ്തുവിനേക്കാൾ കിണറിന്റെ ഉപരിതലം താഴ്ന്നതായതിനാലാണ് പന്നികൾ കിണറ്റിൽ വീണത്.