കൊട്ടിക്കലാശം കളർഫുൾ
1418697
Thursday, April 25, 2024 3:21 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശം.രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവർത്തനങ്ങളാണ് ഇന്നലെ വൈകുന്നേരം അവസാനിച്ചത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ മത്സരിച്ചു തന്നെ എല്ലായിടത്തും കലാശക്കൊട്ട് കൊഴുപ്പിച്ചു.
കൊട്ടും പാട്ടും മുദ്രാവാക്യം വിളികളുമായി പ്രചാരണ സമാപനം പരമാവധി കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളും മത്സരിച്ചപ്പോൾ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടിമുടിയേറുന്ന കാഴ്ചയാണ് കണ്ടത്.
കാതടിപ്പിക്കുന്ന അനൗൺസ്മെന്റിനൊപ്പം ചെണ്ടമേളവും നാസിക് ഡോളും ബാന്റ്സെറ്റുമടക്കം വാദ്യമേളങ്ങളും, വാനിൽ പറന്ന ചിഹ്നം പതിച്ച വർണബലൂണുകളും പാർട്ടി പതാകകളുമെല്ലാം കൊട്ടിക്കലാശം വർണപ്പൊലിമയിലേക്ക് ഉയർത്തി. മുദ്രാവാക്യം വിളിച്ച് നൃത്തച്ചുവടുകളുമായി പ്രവർത്തകർ ആടിത്തിമർത്തു.
പത്തനംതിട്ട, അടൂർ, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി, പന്തളം, കോഴഞ്ചേരി തുടങ്ങി ജില്ലയിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് കൊട്ടിക്കലാശത്തോടനുബന്ധിച്ച് പ്രവർത്തകർ സംഗമിച്ചിരുന്നു. വനിതകളും യുവാക്കളും അടക്കമുള്ളവർ കലാശക്കൊട്ടിന് എത്തിയിരുന്നു. കാഴ്ചക്കാരായും നിരവധിപേരെത്തി.
തിരുവല്ലയിൽ
മൂന്ന് മുന്നണികളുടെയും വാശിയേറിയ പ്രകടനമാണ് കലാശക്കൊട്ടിനോടനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഇന്നലെ നടന്നത്. നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ കേന്ദ്രീകരിച്ചതിനുശേഷമാണ് പ്രവർത്തകർ എത്തിയത്.
മൂന്ന് മുന്നണികൾക്കും നേരത്തേതന്നെ പോലീസ് വ്യത്യസ്ത ഇടങ്ങൾ അനുവദിച്ചു നൽകിയിരുന്നു. ഈ സ്ഥലങ്ങളിൽ അതത് പ്രവർത്തകരെ തടഞ്ഞു പോലീസ് ക്രമസമാധാനം ഉറപ്പിച്ചു. ഡിവൈഎസ്പി അർഷാദിന്റെ നേതൃത്വത്തിലായിരുന്നു ക്രമസമാധാന പാലനം.
ചെണ്ടമേളവും അനൗൺസ് മെന്റുകളും മുദ്രാവാക്യങ്ങളുമായി മണിക്കൂറുകളോളം അന്തരീക്ഷം ശബ്ദമുഖരിതമായി.
അടൂരിലും കലാശക്കൊട്ട് സമാധാനപരം
അടൂർ: പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ സമാപനം കുറിച്ചുളള കലാശക്കൊട്ട് കെഎസ്ആർടിസി കോർണറിൽ നടന്നു. മൂന്ന് മുന്നണികൾക്കും മുൻകൂട്ടി പോലീസ് നിശ്ചയിച്ചു നൽകിയ പ്രകാരമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്.
ശിങ്കാരിമേളവും പ്രചാരണ വാഹനത്തിന്റെ മുകളിൽ കൊടികളും ബോർഡുകളുമായി പ്രവർത്തകർ കയറിനിന്ന് പരസ്പരം വീശി അഭിവാദ്യം ചെയ്തു.