ആർസിബിയിലെ തട്ടിപ്പ് സമ്മതിച്ച് നടപടികളുമായി സിപിഎം
1415712
Thursday, April 11, 2024 4:09 AM IST
മൈലപ്രയിൽ സിപിഎം നേതൃത്വം നേരിട്ട് ഇടപെടുകയോടെ തട്ടിപ്പുകളെ സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല. സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചതെങ്കിലും ഭരണസമിതിയിൽ ഇതര പാർട്ടിക്കാരും ഉൾപ്പെട്ടിരുന്നു.
ജെറി ഈശോ ഉമ്മനാകട്ടെ സിപിഎം ബന്ധത്തിൽ വരുന്നതിനു മുന്പേ ബാങ്ക് പ്രസിഡന്റുമായിരുന്നു. എന്നാൽ, കോന്നി റീജണൽ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ക്തമായ നടപടികൾ സിപിഎം ഭാഗത്തുനിന്നുണ്ടായി.
വർഷങ്ങളായി സിപിഎം ഭരണസമിതി നേതൃത്വം നല്കിവരുന്ന ബാങ്കിൽ 2017 ഫെബ്രുവരിയിലാണ് സാന്പത്തിക ക്രമക്കേട് ആദ്യമായി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരൻ തന്നെ കണ്ടെത്തിയ ക്രമക്കേടു സംബന്ധിച്ച് പ്രസിഡന്റിനും ഭരണസമിതിക്കും റിപ്പോർട്ട് നൽകി.
ബാങ്കിലെ വായ്പ, ചിട്ടി ഇനങ്ങളിൽ വൻ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും അഞ്ചു കോടിയിലധികം രൂപ തട്ടിയെടുത്തതായും കണ്ടെത്തി. ബാങ്കിലെ കംപ്യൂട്ടർ മുഖേന നടത്തിയ ഇടപാടുകളും മുൻ സെക്രട്ടറി എസ്. ഷൈലജ, ക്ലാർക്ക് ജൂലി ആർ. നായർ, അറ്റൻഡർ മോഹനൻ നായർ എന്നിവരുടെ പേരിലാണ് ക്രമക്കേടുകൾ സംബന്ധിച്ചു പരാതികളുണ്ടായത്.
കുറ്റക്കാരെന്നു കണ്ടെത്തി ഇവർക്കെതിരേ നടപടി ഉണ്ടായി. സെക്രട്ടറിയെയും ക്ലാർക്കിനെയും ബാങ്കിൽനിന്നു പുറത്താക്കി. അറ്റൻഡറെ സസ്പെൻഡ് ചെയ്തു. ഇതിനിടെ 70 ലക്ഷം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തു.
ബാങ്ക് പ്രസിഡന്റായിരുന്ന വി.ബി. ശ്രീനിവാസനെതിരേ സിപിഎമ്മും നടപടിയെടുത്തു. ബാങ്ക് പ്രസിഡന്റു സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയതിനു പിന്നാലെ സിപിഎമ്മിൽനിന്നും പുറത്താക്കുകയും ചെയ്തു. സഹകരണ വകുപ്പിലെ 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണവും ഭരണമിതിയുടെ ആഭ്യന്തര അന്വേഷണവും പൂർത്തീകരിച്ചിരുന്നു.
ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി പോലീസിൽ കേസ് നൽകുകയും ചെയ്തു. ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. തട്ടിപ്പു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഭരണസമിതിക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്ന അന്വേഷണ റിപ്പോർട്ട് വന്നതോടെ മുൻ പ്രസിഡന്റ് ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ സെക്രട്ടറി എസ്. ഷൈലജ, ക്ലാർക്കായിരുന്ന ജൂലി ആർ. നായർ എന്നിവരെ അന്വേഷണസംഘം അറസ്റ്റു ചെയ്തു റിമാൻഡിലാക്കുകയും ചെയ്തതാണ്.