ചെങ്ങന്നൂര്‍-പമ്പ റെയില്‍പാത ജനവാസ മേഖലകളെ ബാധിക്കരുത്: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
1337798
Saturday, September 23, 2023 10:54 PM IST
കോഴഞ്ചേരി: ചെങ്ങന്നൂര്‍-പമ്പ നിർദിഷ്ട ആകാശ റെയില്‍പാതയുടെ നിർമാണം ജനവാസ മേഖലകളെ ഒഴിവാക്കി നദീതീരങ്ങളിലൂടെ നടപ്പാക്കണമെന്ന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്.
റെയില്‍പാതയുടെ നിർമാണം കേന്ദ്ര സര്‍ക്കാർ ആദ്യം നിർദേശിച്ചതുപോലെ പമ്പാനദീതീരത്തുകൂടി തന്നെയാകണമെന്നും ജനവാസം കൂടിയ മേഖലയില്‍ കൂടിയുള്ള നിർമാണം ഒഴിവാക്കണമെന്നും പഞ്ചായത്ത് വിളിച്ചുകൂട്ടിയ ജനകീയ യോഗം അഭിപ്രായപ്പെട്ടു.
നിലവില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വിവിധയിടങ്ങളിലായി നിരവധിയാളുകളുടെ വീടുകളുടെ സമീപത്തുവരെയെത്തി മണ്ണു പരിശോധന നടത്തിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്.
പദ്ധതിയെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്കു നൽകുക പോലും ചെയ്യാതെ സ്വകാര്യ ഭൂമിയിൽ മണ്ണു പരിശോധനയ്ക്കെത്തിയ നടപടിയെ യോഗം അപലപിച്ചു. പരിശോധനാ വിവരം ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട പഞ്ചായത്തുകളെ അറിയിക്കേണ്ടിയിരുന്നുവെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബിജോ പി. മാത്യു വൈസ് ചെയര്‍മാനായും മിനി സുരേഷ്, ബിജിലി പി. ഈശോ, സാലി ഫിലിപ്പ്, ഗീതുമുരളി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റോയ്സണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ശ്യാം മോഹന്‍, കുര്യന് മടയ്ക്കല്‍, മാത്യൂസ് ജോര്‍ജ്, ബാബു വടക്കേല്‍ തുടങ്ങിയവർ അംഗങ്ങളുമായി സമിതി രൂപീകരിച്ചു.