എംസി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ആറ് മരണം
1336362
Monday, September 18, 2023 12:06 AM IST
പന്തളം: അപകടങ്ങള്‍ തുടര്ക്കഥായാകുമ്പോള് എംസി റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ആറ് ജീവനുകളാണ് കുളനടയ്ക്കും കുരമ്പാലയ്ക്കും മധ്യേ നഷ്ടപ്പെട്ടത്. ഇതിനൊപ്പം ചെറുതും വലുതുമായ നിരവധി അപകടങ്ങളും നടന്നു.
ശനിയാഴ്ച രാത്രി കുളനട മാന്തുക ഗ്ലോബ് ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിരുന്ന തടി ലോറിക്കു പിന്നിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി രണ്ട് യുവാക്കള്‍ മരിച്ചതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം.
സ്കൂട്ടറിലുണ്ടായിരുന്ന മൂന്നാമത്തെയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അശ്രദ്ധയും നിയമലംഘനങ്ങളും അപകടത്തിനു കാരണമാകുമ്പോള്‍ ഇതു തടയാന്‍ ആരുമില്ലെന്ന മട്ടാണ്.
ലോറിക്ക് മുന്നറിയിപ്പ് ഉണ്ടായില്ല
തിരക്കേറിയ എംസി റോഡില്‍ കുളനട ഭാഗത്ത് യുവാക്കള്‍ ഇടിച്ചുകയറിയ ലോറി റോഡരികിലേക്ക് മാറ്റിയല്ല പാര്‍ക്ക് ചെയ്തിരുന്നതെന്ന് പറയുന്നു. റോഡിന്റെ ഇടതുഭാഗത്തു തന്നെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട് യാതൊരുവിധ സിഗ്നലുകളും ലോറിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
തടിയില്‍ റിഫളക്ടറുകളോ മറ്റോ ഉണ്ടായിരുന്നില്ല. സ്കൂട്ടറില്‍ മൂന്നംഗസംഘം അമിതവേഗത്തിലെത്തി ഇടിച്ചു കയറുകയായിരുന്നു. എംസി റോഡ് മെച്ചമാക്കിയശേഷം അശ്രദ്ധയോടെയുള്ള ഡ്രൈവിംഗാണ് പല അപകടങ്ങള്‍ക്കും കാരണമായിട്ടുള്ളത്.
കഴിഞ്ഞ 13ന് കെഎസ്ആര്‍ടിസി ബസിലേക്ക് ഡെലിവറി വാന്‍ ഇടിച്ചുകയറി രണ്ടുപേരാണ് മരിച്ചത്. വാന്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം.
കഴിഞ്ഞ തിരുവോണദിവസം മാന്തുകയില്‍ ജീപ്പ് ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓഗസ്റ്റില്‍ മാത്രം നാല് ജീവനുകളാണ് ഈ ഭാഗത്ത് പൊലിഞ്ഞത്. അപകടങ്ങളേറെയും രാത്രിയിലും പുലര്‍ച്ചെയുമാണ് ഉണ്ടാകുന്നത്.
റോഡ് സുരക്ഷാപദ്ധതികള്‍ പാളി
റോഡ് സുരക്്ഷയ്ക്കായി എംസി റോഡിനു നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ലോകബാങ്ക് ധനസഹായത്തോടെയുള്ള റോഡ് സുരക്ഷാ പദ്ധതി നടപ്പാക്കിയതും എംസി റോഡിലാണ്. എംസി റോഡില്ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന മേഖലയായി ഏനാത്ത് മുതല്‍ കുളനട വരെയുള്ള ഭാഗങ്ങള്‍ മാറിക്കഴിഞ്ഞു.
റോഡ് മെച്ചപ്പെടുത്തിയതിനു പിന്നാലെയാണ് അപകടങ്ങള്‍ ഏറിയത്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമാണ് പലപ്പോഴും അപകടത്തിന കാരണം. റോഡ് വികസനത്തിനൊപ്പം സുരക്ഷയ്ക്കു കൂടി പ്രാധാന്യം നല്‍കിയിരുന്നു. 146. 67 കോടി രൂപയുടെ സുരക്ഷാ ഇടനാഴിയും എംസി റോഡിനായി നടപ്പാക്കിയതാണ്.
എഐ കാമറാകളും പോലീസ് ടീമും എംസി റോഡില്‍ സജ്ജമാണ്. പക്ഷേ അമിതവേഗവും നിയമലംഘനങ്ങളും തുടരുകയാണ്. അപകട വളവുകള്‍ ഇപ്പോഴും റോഡിലുടനീളമുണ്ട്.
ഇത്തരം സ്ഥലങ്ങളിലെ അമിതവേഗം, അനവസരത്തിലെ മറികടക്കല്‍ എന്നിവ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍മാര്‍ ക്ഷീണിതരായി ഉറങ്ങിപ്പോകാനുള്ള സാധ്യതയും ഈ ഭാഗത്ത് കൂടുതലായി കണ്ടുവരുന്നു.
അപകടങ്ങള്‍ സംബന്ധിച്ചു നിരവധി പഠനങ്ങളും നടന്നുവെങ്കിലും അപകട മേഖലകളില്‍ സുരക്ഷ കൂട്ടാന്‍ നടപടികളുണ്ടായില്ല.