റോഡ് നിര്‍മാണത്തോടൊപ്പം പൈപ്പും മാറ്റി; പക്ഷേ കുടിവെള്ളമില്ല
1336039
Saturday, September 16, 2023 11:28 PM IST
മൈലപ്ര: പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ പുനര്‍നിര്‍മാണത്തോടൊപ്പം കുടിവെള്ള പൈപ്പുകള്‍ മാറ്റിയെങ്കിലും മൈലപ്രയിലെ നിരവധി പ്രദേശങ്ങളില്‍ കുടിവെള്ളം ഇനിയും എത്തിയിട്ടില്ല. മൈലപ്ര തയ്യില്‍പ്പടി മുതല്‍ ഉതിമൂട് വരെയുള്ള അഞ്ച് കിലോമീറ്ററിലെ പൈപ്പ് ലൈന്‍ ജോലികള്‍ ജലഅഥോറിറ്റി പൂര്‍ത്തീകരിക്കാത്തതാണ് കുടിവെള്ള വിതരണം തടസപ്പെടാന്‍ കാരണം.
റോഡ് പുനര്നിര്മിച്ചതിനു പിന്നാലെ വെട്ടിക്കുഴിക്കുന്നത് ഒഴിവാക്കാനും വശങ്ങള് പാറ നിറഞ്ഞതായതിനാലും ജിഐ പൈപ്പ് സ്ഥാപിച്ചു ജലവിതരണം നടത്താമെന്നായിരുന്നു ധാരണ.
എന്നാല്‍, മൂന്നുവര്‍ഷമായിട്ടും ജിഐ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
റോഡിന്റെ ഉപരിതലത്തില്‍കൂടി ഓടയോടു ചേര്‍ന്നാണ് ജിഐ പൈപ്പുകള്‍ ഇടുന്നത്.തയ്യില്‍പ്പടി മുതല്‍ ഉതിമൂട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരത്താണ് ജിഐ പൈപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്.
ഇതിന്റെ ജോലികള്‍ പാതിവഴിയില്‍ നിര്‍ത്തി കരാറുകാരന് പോയി. മൂന്നു വര്‍ഷം മുന്‍പ് റോഡ് പണി തുടങ്ങിയ അന്നു മുതല്‍ പ്രദേശവാസികള്‍ക്ക് പൈപ്പു വെള്ളം ലഭിക്കുന്നില്ല. റോഡിന്റെ വശത്ത് കുഴിച്ചിട്ടിരുന്ന പഴയ പിവിസി പൈപ്പില്‍ കൂടിയായിരുന്നു നേരത്തേ കുടിവെള്ളം ലഭിച്ചിരുന്നത്. റോഡ് വീതി കൂട്ടിയപ്പോള്‍ പൈപ്പുകള്‍ പൊട്ടി പൂര്‍ണമായി നാശം സംഭവിച്ചു.
റോഡ് പണി പൂര്‍ത്തീകരിച്ചെങ്കിലും പൈപ്പ് ഇടീല് എങ്ങുമെത്തിയില്ല മൈലപ്ര പഞ്ചായത്തില്‍ തന്നെ ഈ റോഡില്‍ കുമ്പഴ മുതല്‍ തയ്യില്പ്പടിവരെയുള്ള ഭാഗത്ത് പിവിസി പൈപ്പ് ഒരുവര്‍ഷം മുമ്പ് സ്ഥാപിച്ച് വെള്ളം എത്തിച്ചിരുന്നു.
പഞ്ചായത്ത് അതിര്‍ത്തിയായ ഉതിമൂട് വെളിവയല്പ്പടിവരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ മൂന്ന് ഇഞ്ച് വ്യാസമുള്ള ജിഐ പൈപ്പ് സ്ഥാപിക്കുന്നതിന് ലേബര്‍ ചാര്‍ജ് ഉള്‍പ്പെടെ 63 ലക്ഷം രൂപയാണ് ജലഅഥോറിറ്റി അനുവദിച്ചിരുന്നത്.
എന്നാല്‍, ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇടപെടലുണ്ടായില്ല. പൈപ്പു വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഈ ഭാഗത്തുണ്ട്. മൂന്നുവര്‍ഷമായി ഇവരില്‍ പലരും വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ്.