പദ്ധതി വിഹിതം വെട്ടിക്കുറച്ചു: ഗ്രാമപഞ്ചായത്തുകൾ വെട്ടിൽ
1336036
Saturday, September 16, 2023 11:28 PM IST
കോഴഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിവിഹിതം വെട്ടിക്കുറച്ചതു ഗ്രാമപഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. വിഹിതം വെട്ടിക്കുറച്ചതുമാത്രമല്ല അവശേഷിക്കുന്ന തുക ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചിട്ടുമില്ല.
മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി പദ്ധതിവിഹിതത്തിന്റെ 40 മുതല്‍ 60 ശതമാനംവരെയുള്ള തുകയാണ് കുറച്ചിരിക്കുന്നത്. ഇതുമൂലം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല.
ഇപ്പോഴത്തെ കണക്കനുസരിച്ച് സര്‍ക്കാര്‍ നല്കുന്ന പദ്ധതിവിഹിതം 16 മുതല്‍ 17 വരെ വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ ഒരു വാര്‍ഡിന് നാലുലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ.
ഈ തുകയും പഞ്ചായത്തിലെ തനതുഫണ്ടിലെ തുകയും ചേര്‍ത്താല്‍പോലും പത്തുലക്ഷം രൂപയില്‍ താഴെമാത്രമേ വരികയുള്ളൂ. ഇതുകൊണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഒരു റോഡിന്റെപോലും നിര്‍മാണം പൂര്‍ത്തീകരിക്കാനാകില്ലെന്ന് ഭരണ,പ്രതിപക്ഷ ഭേദമില്ലാതെ ഗ്രാമപഞ്ചായത്തംഗങ്ങള്‍ പറയുന്നു.
തനതു ഫണ്ട് കുറവുള്ള പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ നിലച്ചനിലയിലാണ്. കാലവര്‍ഷം ശക്തമായതിനാല്‍ ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്നു തുടങ്ങി.
ഇപ്പോഴത്തെ സാമ്പത്തികനിലയില്‍ ഒരു റോഡുപോലും നവീകരിക്കാന്‍ കഴിയുകയില്ല. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നില്ലെങ്കില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍തന്നെ ബുദ്ധിമുട്ടാകുമെന്നാണ് മുന്നണികളുടെ വിലയിരുത്തൽ.
ഫണ്ടില്ലാതെ ജില്ലാ പഞ്ചായത്തും
ജില്ലാ പഞ്ചായത്തുകള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരുന്ന തുകയും വെട്ടിക്കുറച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ നവീകരണവും മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
ഒരു ഗ്രാമപഞ്ചായത്തില്‍ ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നില്‍കൂടുതല്‍ റോഡുകളുണ്ട്. ജില്ലാപഞ്ചായത്തിന്റെ ആസ്തിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റോഡുകള്‍ മാത്രമേ ജില്ലാപഞ്ചായത്തിനു നവീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും ബാക്കിയുള്ളവ ഗ്രാമപഞ്ചായത്തുകള്‍ നന്നാക്കണമെന്നുമാണ് ജില്ലാ പഞ്ചായത്ത് നല്കുന്ന വിശദീകരണം. ഇതുമൂലം പല വാര്‍ഡുകളിലും മെംബര്‍മാരും ജില്ലാപഞ്ചായത്ത് അംഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുണ്ട്
കരാറുകാരും പിന്‍വലിഞ്ഞു
ത്രിതലപഞ്ചായത്തുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകാതെ കരാറുകാര്‍ ഒഴിയുകയാണ്. മുന്‍കാലത്ത് ചെയ്ത ജോലികളുടെ ബില്ലുകള്‍ ഒന്നുംതന്നെ സമയബന്ധിതമായി പാസാക്കി നല്‍കിയിട്ടില്ലെന്നതാണ് കാരണം.
ഓണക്കാലത്ത് അഞ്ചുലക്ഷംരൂപവരെയുള്ള ബില്ലുകള്‍ മാറിനല്കാമെന്ന് ധനകാര്യവകുപ്പില്‍ നിന്നും അറിയിച്ചിരുന്നുവെങ്കിലും അതു നടപ്പിലാകട്ടെ എന്നാണ് കരാറുകാരുടെ നിലപാട്.
ഭൂമിയും വീടും ധനകാര്യസ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വായ്പയെടുത്ത് ത്രിതലപഞ്ചായത്തുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാര്‍ ഇപ്പോള്‍ ജപ്തിഭീഷണിയിലാണ്.
പഞ്ചായത്തുകളുടെ തനതുഫണ്ട് കുറഞ്ഞതോടെ അതുപയോഗിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളും മുമ്പോട്ടു നീങ്ങിയിട്ടില്ല. പഞ്ചായത്തുവക കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, തെരുവുവിളക്കുകളുടെ സ്ഥാപനം തുടങ്ങിയ ജോലികളും തടസപ്പെട്ടിരിക്കുകയാണ്.