നഗര റോഡുകളുടെ ശോച്യാവസ്ഥ: വരയരങ്ങിലൂടെ പ്രതിഷേധം
1336032
Saturday, September 16, 2023 11:28 PM IST
പത്തനംതിട്ട: മറ്റൊരു നഗരത്തിനും പത്തനംതിട്ടയുടെ ഗതി വരുത്തരുതെന്ന പ്രാര്‍ഥനയോടെ ചിത്രകാരന്‍മ്മാരുടെ വരയരങ്ങ്.
പത്തനംതിട്ടയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ കണ്ണങ്കര ജംഷനില്‍ മൂന്ന് ചിത്രകാരന്മാര് ചേര്‍ന്ന് സംഘടിപ്പിച്ച വരയരങ്ങ് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.
റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെടുകയും നിത്യേനയെന്നോണം അപകടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ മനംനൊന്താണ് കുമ്പഴ സ്വദേശി സ്മൃതി ബിജു ഇന്നലെ വൈകുന്നേരം കണ്ണങ്കര ജംഷനില്‍ വരയരങ്ങ് സംഘടിപ്പിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത്.
സ്മൃതി ബിജുവിന് പിന്തുണയുമായി ജോണ്സണ് ജെ. അടൂരും രാജൂസ് കുളനടയും എത്തിയതോടെ വരയരങ്ങ് ശ്രദ്ധേയമാവുകയായിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയിലെത്തിക്കാനുള്ള ചെറിയ ശ്രമമാണ് കലാകാരന്മാരെന്ന നിലയില്‍ തങ്ങള്‍ ചെയ്യുന്നതെന്ന് സ്മൃതി ബിജു പറഞ്ഞു.
അപകടങ്ങളില്‍ പൊലിയുന്ന മനുഷ്യ ജീവനുകളെപ്പറ്റി അധികാരികളുടെയും പൊതു സമൂഹത്തിത്തിന്റെയും മനസാക്ഷിയെ ഉണര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് സ്മൃതി ബിജു ചിത്രം വരച്ചത്.
റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാകുമ്പോള്‍ നഷ്ടമാകുന്ന വിലപ്പെട്ട സമയത്തെ പ്രമേയമാക്കിയ ചിത്രമാണ് രാജൂസ് കുളനട കാന്‍വാസില്‍ വരച്ചത്.
തകര്‍ന്ന റോഡുകളെ മനുഷ്യ ജീവനുകളെ വിഴുങ്ങാന്‍ കൊതിയോടെ നില്ക്കുന്ന രാക്ഷസനോടുപമിക്കുന്നതായിരുന്നു ജോണ്സണ്. ജെ അടൂരിന്റെ ചിത്രം.