ശബരിമല മാസ്റ്റർ പ്ലാൻ: വനംവകുപ്പ് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി
1335230
Wednesday, September 13, 2023 12:37 AM IST
പത്തനംതിട്ട: ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനുള്ള വനം വകുപ്പിന്റെ തടസങ്ങൾക്ക് പരിഹാരമായതായി മന്ത്രി കെ. രാധാകൃഷ്ണൻ. നിയമസഭയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കാനനക്ഷേത്രമായതിനാൽ ധാരാളം പരിമിതികൾ ഇപ്പോഴും ശബരിമലയിൽ നിലനിൽക്കുന്നുണ്ട്. അതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ദീർഘവീക്ഷണത്തോടുകൂടി തയാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചത്.
വനം വകുപ്പിന്റെ വിവിധ സംയുക്ത പരിശോധനകൾ പൂർത്തിയാക്കുകയും മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ടുപോവുകയുമാണെന്ന് മന്ത്രി പറഞ്ഞു.
2011-2012 സാമ്പത്തിക വർഷം മുതൽ സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം നൽകികൊണ്ടാണ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത്. 335 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിൽ 142.5 കോടി രൂപ ചെലവഴിച്ചു. ഈ വർഷം ശബരിമല മാസ്റ്റർ പ്ലാനിനായി സംസ്ഥാന സർക്കാർ 30 കോടി രൂപയാണ് അനുവദിച്ചത്. ഇക്കൊല്ലം തീർഥാനകാലം ആരംഭിക്കുന്നതിനു മുന്പ് ശബരിമല മാസ്റ്റർ പ്ലാനിലെ വിവിധ പദ്ധതികൾ പൂർത്തീകരിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു.