കാറ്റും മഴയും: കോയിപ്രത്തും തോട്ടപ്പുഴശേരിയിലും കനത്ത നാശം
1296530
Monday, May 22, 2023 10:43 PM IST
പുല്ലാട്: കാറ്റിലും മഴയിലും കോയിപ്രം, തോട്ടപ്പുഴശേരി ഗ്രാമപഞ്ചയാത്ത് പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം.
ഞായറാഴ്ച വൈകുന്നേരം മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ കോയിപ്രം ഗ്രാമപഞ്ചായത്തിലെ പുല്ലാട്, ആല്മാവ് ജംഗ്ഷന്, തെറ്റുപാറ, ആന്താലിമണ്‍ കോളനി, കുറവന്‍കുഴി, ഇളപ്പുങ്കല്‍ പ്രദേശങ്ങളിലും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ, തോണിപ്പുഴ, ചേറ്റുതടം, തിരുവഞ്ചാംകാവ് ക്ഷേത്രസമീപം എന്നിവിടങ്ങളിലുമാണ് നാശനഷ്ടം ഉണ്ടായത്.
കനത്ത കാറ്റിനേ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണും മരങ്ങള്‍ കടപുഴകിയും വന്‍കൃഷിനാശവും ഉണ്ടായി.
മരങ്ങള്‍ കടപുഴകി, വൈദ്യുതിബന്ധം
താറുമാറായി
കാറ്റില്‍ മരങ്ങള്‍ വ്യാപകമായി കടപുഴകിയതോടെ വൈദ്യുതി ബന്ധം താറുമാറായി. ഇതു പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമം തുടങ്ങിയെങ്കിലും നാളെയോടെ മാത്രമേ പൂര്‍ത്തിയാക്കാനാകൂവെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
ആല്മാവ് കവല - കുരിശുകവല റോഡിലെ കുറവന്‍കുഴി, വള്ളിക്കാല പ്രദേശങ്ങളിലും കുന്നന്താനം - ആല്മാവ് കവല റോഡിലെ അരുവിക്കുഴി ഭാഗത്തും വൈദ്യുതി തൂണുകള്‍ വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഗതാഗതതടസം ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല.
മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. കാര്‍ഷിക മേഖലയിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
കുറവന്‍കുഴി പേക്കാവുങ്കല്‍ ഗോപാലകൃഷ്ണന് നായര്‍, മന്നാത്തുകുഴി ഷൈല പുഷ്പന്കുട്ടി, കണ്ണന്താനത്ത് കുഞ്ഞമ്മ കുര്യന്, ളാഹേത്ത് ചേപ്പേതില് ഓമന ബാബു, ആന്താലിന്പാറയില് സുനില്‍, പൂവണ്ണുനില്‍ക്കുന്നതില്‍ ശോഭ ഫിലിപ്പ് എന്നിവരുടെ വീടുകളിലേക്ക് മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്.
കാര്‍ഷിക
മേഖലയില്‍
നാശനഷ്ടം
കാറ്റും മഴയും കാര്‍ഷിക മേഖലയിലും നാശം വിതച്ചു. നാമമാത്ര കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടം നേരിട്ടു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴകള്ക്കാണ് നഷ്ടമേറെയും. വിളവെടുക്കാറായവയും കുലച്ചതുമായ ഏത്തവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു.
ചേന, മരച്ചീനി, ചേമ്പ് തുടങ്ങിയ ഇടവിളക്കൃഷികളും പൂര്‍ണമായും നശിച്ചു. സ്വന്തം കൃഷിയിടങ്ങളിലും പാട്ടത്തിനെടുത്ത ഭൂമിയിലും ഏത്തവാഴ കൃഷി ചെയ്ത പലര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലുമില്ല. കാട്ടുപന്നിയുടെ ശല്യംമൂലം കൃഷി നശിക്കുന്നതിനൊപ്പാണ് കാറ്റിലും മഴയിലുമുണ്ടായ നഷ്ടം.
കൃഷിനാശം സംഭവിച്ച കര്‍ഷകരെ കാണാനോ കൃഷിയിടങ്ങളിലെ നഷ്ടം തിട്ടപ്പെടുത്താനോ റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിട്ടില്ലെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.
ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉള്ളവര്‍ക്കു പോലും നഷ്ടം പൂര്‍ണമായി പരിഹരിക്കാനാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു.