നഷ്ടം വിലയിരുത്താനെത്തിയ വനിതാ മെംബറെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞതായി പരാതി
1296529
Monday, May 22, 2023 10:43 PM IST
പുല്ലാട്: സിപിഐ അംഗവും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ വനിതാനേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനി രാജു കുഴിക്കാലയാണ് പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. രാത്രി 7.30ഓടെ ആന്താലിമണ്‍ ഭാഗത്തെത്തിയ മെംബര്‍ റെനി രാജുവിനെ വാഹനത്തില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു ശ്രമിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരേയാണ് മെംബര്‍ പരാതി നല്‍കിയിരിക്കുന്നത്.
റെനി രാജു പ്രതിനിധീകരിക്കുന്ന കോയിപ്രം നാലാം വാര്‍ഡില്‍പെട്ട കുറവന്‍കുഴി, ആന്താലിമണ്‍ പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടമുണ്ടായതറിഞ്ഞു സ്ഥലത്തെത്തിയപ്പോഴാണ് തടയാന്‍ ശ്രമം ഉണ്ടായത്. മെംബര്‍ സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. കാന്‍സര്‍ രോഗിയായ തന്റെ സഹോദരനെയും കൊണ്ട് ആശുപത്രിയിലായിരുന്നതിനാലാണ് വൈകിയതെന്ന് മെംബര്‍ വിശദീകരിച്ചെങ്കിലും പ്രവര്‍ത്തകര്‍ തൃപ്തിയായില്ല. മെംബറും ഭര്‍ത്താവുമാണ് സ്വകാര്യ വാഹനത്തില്‍ എത്തിയത്.
സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.