ഓണത്തെ വരവേല്‍ക്കാൻ നാടൊരുങ്ങി ; സൂപ്പര്‍മാര്‍ക്കറ്റായി കാഞ്ഞങ്ങാട്
1453175
Saturday, September 14, 2024 1:44 AM IST
കാഞ്ഞങ്ങാട്: തുണിത്തരങ്ങള്‍, പൂക്കള്‍, പച്ചക്കറി-പഴങ്ങള്‍, പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍... ഓണത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ടൗണിനെ മൊത്തത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റായി മാറ്റിയിരിക്കുകയാണ് വഴിയോരകച്ചവടക്കാര്‍. സൂചികുത്താന്‍ പോലും ഇടമില്ലാത്തവിധം കാഞ്ഞങ്ങാടിന്റെ മുക്കും മൂലയും കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഒഴികെ എല്ലാം ഇവിടെ നിന്നും കിട്ടുമെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. തുണിത്തരങ്ങള്‍ തന്നെയാണ് പ്രധാന കച്ചവടം. കുഞ്ഞുടുപ്പുകള്‍ മുതല്‍ സാരിയും ഷര്‍ട്ടും ജീന്‍സുമെല്ലാം ലഭ്യമാണ്.
നൂറു രൂപയ്ക്ക് രണ്ടു ഷര്‍ട്ടുകള്‍ നല്കുന്ന കച്ചവടക്കാര്‍ വരെയുണ്ട്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞിരിക്കുന്നതിനാല്‍ അളവ് കൃത്യമാണോയെന്നും തുണി നല്ലതാണോയെന്നും നോക്കാനൊന്നും അവസരമില്ല. എന്നിരുന്നാലും ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
ട്രാവല്‍ ബാഗുകള്‍ പോലും വഴിയോരത്ത് ലഭ്യമാണ്. ഇതരസംസ്ഥാനത്തു നിന്നുള്ള പൂക്കളാണ് ഇത്തവണയും വിപണി കീഴടക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇതരസംസ്ഥാനക്കാരായിരുന്നു ഭൂരിഭാഗം കച്ചവടക്കാരെങ്കിലും ഇത്തവണ നാട്ടുകാരായ കച്ചവടക്കാരാണ് കൂടുതലെന്നതും പ്രത്യേകതയാണ്. കടകളില്‍ മുമ്പില്‍ തന്നെ വഴിയോരകച്ചവടം നടത്തുന്നത് പലപ്പോഴും വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. ടെക്സ്റ്റൈല്‍ ഷോറൂമുകളിലും ഇലക്ട്രോണിക്സ് കടകളിലുമെല്ലാം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാടപ്പാച്ചില്‍ ഇന്നാണെങ്കിലും കാഞ്ഞങ്ങാട്ടെ ഓണത്തിരക്ക് തുടങ്ങിയിട്ട് ഒരാഴ്ചയോളമായി. അപ്രതീക്ഷിതമായെത്തുന്ന മഴയാണ് കച്ചവടക്കാര്‍ക്ക് വില്ലനായി മാറുന്നത്.