വയനാടുകാർക്ക് സഹായവുമായി തൃക്കരിപ്പൂരിലെ കർണാടക കൂട്ടായ്മ
1441946
Sunday, August 4, 2024 7:29 AM IST
തൃക്കരിപ്പൂർ: വയനാടിലെ മലയാളി സോദരർക്ക് ആശ്വാസമേകാൻ തൃക്കരിപ്പൂരിലെ കർണാടക സ്വദേശികളുടെ കൂട്ടായ്മയും. ദുരിതമനുഭവിക്കുന്നവർക്ക് പുതുവസ്ത്രങ്ങളും ചെരിപ്പുകളും ഉൾപ്പെടെ 20 ഇനങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഇവർ പാക്ക് ചെയ്ത് നൽകിയത്. കാൽ നൂറ്റാണ്ടിലധികമായി തൃക്കരിപ്പൂരിലും പരിസരങ്ങളിലും താമസിച്ചു വരുന്ന കർണാടക ഹാസൻ ജില്ലയിലെ കുടുംബങ്ങളാണ് കൂടുതലും.
പഴയ തുണിത്തരങ്ങൾ ശേഖരിച്ച് ബംഗളൂരുവിൽ എത്തിച്ചു കിട്ടുന്ന വരുമാനം ഉപജീവനത്തിനുപയോഗിച്ചുവരുന്ന ഇവരിൽ ചിലർ പ്ലാസ്റ്റിക് പാത്രങ്ങൾ വിൽപന നടത്തുന്നുമുണ്ട്. തൃക്കരിപ്പൂർ കേന്ദ്രീകരിച്ച് കർണാടക സ്വദേശികളായ 30 കുടുംബങ്ങളിലായി 250ൽപ്പരം ആളുകളുണ്ട്. വ്യാഴാഴ്ച രാത്രി ഓരോ കുടുംബവും 1000 രൂപ വീതം സ്വരൂപിച്ച് സാധനങ്ങൾ വാങ്ങി വെള്ളിയാഴ്ച രാവിലെ പാക്ക് ചെയ്ത് വാനിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.
വയനാട്ടിലെ സാഹചര്യത്തിന് ഉപയോഗിക്കാൻ ഗം ബൂട്ടുകൾ, പാചകത്തിനായി ആട്ടപ്പൊടി, കുട്ടികളുടെ വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, ചെരിപ്പുകൾ, തൊപ്പി, സാനിറ്ററി നാപ്കിനുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, ഹാൻഡ് വാഷ്, വളർത്തുമൃഗങ്ങൾക്ക്കാലിത്തീറ്റ തുടങ്ങി 20ൽപ്പരം ഇനങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഇവർ നൽകിയത്.
കോഴിക്കോട് കളക്ട്റേറ്റുമായി ബന്ധപ്പെട്ടാണ് സാധനങ്ങൾ കൊണ്ടുപോയത്. കർണാടക ഹാസൻ ജില്ല പരിധിയിലുള്ള കുടുംബങ്ങളാണ് തൃക്കരിപ്പൂരിൽ താമസിച്ചുവരുന്നത്. അണ്ണപ്പൻ, രാമചന്ദ്രൻ, സന്തോഷ്, പ്രശാന്ത്, അനു, ഭാഗ്യരാജ്, ഗണേശ്, ലോകേഷ്, ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങൾ ശേഖരിച്ച് പാക്ക് ചെയ്ത് ഒരുക്കിയത്. പ്രശാന്തിന്റെ നേതൃത്വത്തിലാണ് നാലുപേർ വയനാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളുമായി പുറപ്പെട്ടത്.