മെറ്റല്‍ക്കൂന പോലെ മൗവേനി-വരിക്കമാവ് റോഡ്
1338920
Thursday, September 28, 2023 1:30 AM IST
മണ്ഡപം: ഗ്രാമീണപാതകള്‍ പോലും മെക്കാഡം ടാറിംഗ് നടത്തി അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന കാലത്തും ഫണ്ടില്ലെന്നു പറഞ്ഞും സാങ്കേതികപ്രശ്നങ്ങള്‍ പറഞ്ഞും അനാഥമാക്കിയിടുന്ന റോഡുകളുണ്ട്. എന്നോ നടത്തിയ ടാറിംഗ് പാടേ തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാതെ കാല്‍നടയാത്രപോലും കഴിയാത്ത അവസ്ഥയിലാണ് ഇതില്‍ പലതും.
ഈ രീതിയിലാണ് വെസ്റ്റ് എളേരി-ഈസ്റ്റ് എളേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മൗവേനി-ഗോക്കടവ് റോഡിന്റെ അവസ്ഥ. ഈസ്റ്റ് എളേരിയില്‍ ഉള്‍പ്പെടുന്ന ഗോക്കടവ് മുതല്‍ വരിക്കമാവ് വരെയുള്ള ഭാഗം പൂര്‍ണമായും തകരുന്നതിനു മുമ്പേ ടാറിംഗ് നടത്തിയതാണ്. എന്നാല്‍ വെസ്റ്റ് എളേരിയില്‍ ഉള്‍പ്പെടുന്ന മൗവേനി മുതല്‍ വരിക്കമാവ് വരെയുള്ള അര കിലോമീറ്റര്‍ ഭാഗം ടാറിംഗ് പാടേ തകര്‍ന്ന് മെറ്റല്ക്കൂനയായി കിടക്കുകയാണ്.
ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യാനാണ് പദ്ധതിയെന്നും തത്കാലം ഫണ്ട് ലഭ്യമായിട്ടില്ലെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോലും റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന കാലത്ത് അധികൃതര്‍ എത്രകാലം ഇങ്ങനെ കൈമലര്ത്തുമെന്നാണ് നാട്ടുകാരുടെ ചോദ്യം.