സൂംബ ഡാൻസിനെ എതിർക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യം: എകെഎസ്ടിയു
1571620
Monday, June 30, 2025 5:31 AM IST
മലപ്പുറം: വിദ്യാഭ്യാസരംഗത്തെ കാലാനുസൃത പരിഷ്കാരങ്ങൾ പാരന്പര്യ, മത, മൗലികവാദങ്ങൾ കൊണ്ട് എതിർക്കുന്നത് പൊതുവിദ്യാലയങ്ങളെ ഇകഴ്ത്താനുള്ള ഗൂഢലക്ഷ്യമാണെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ (എകെഎസ്ടിയു) ജില്ലാ നേതൃ പഠനക്യാന്പ് ക്യാന്പ് വിലയിരുത്തി.
സൂംബ ഡാൻസോടുകൂടിയാണ് ക്യാന്പ് ആരംഭിച്ചത്. സബ് ജില്ലാ സൂംബ ഡാൻസ് കോ ഓർഡിനേറ്റർ വി.ആർ. ഷൈനി സൂംബ ഡാൻസിന് നേതൃത്വം നൽകി. കോട്ടപ്പടി കെമിസ്റ്റ് ഭവനിൽ നടന്ന ക്യാന്പ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും കാലിക്കട്ട്് യൂണിവേഴ്സിറ്റി പിജി പരീക്ഷയിൽ റാങ്ക് ജേതാവായ ഐ.പി. രാഗേഷ്, മികച്ച ചലച്ചിത്ര ആസ്വാദന ഗ്രന്ഥത്തിനുള്ള സത്യജിത്ത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ് നേടിയ ഡോ. എം.ഡി. മനോജിനെയും സിപിഐ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവംഗം പി.ടി. ഷറഫുദ്ദീൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
സെകട്ടറി അനൂപ് മാത്യു റിപ്പോർട്ടും ജില്ലാ ട്രഷറർ റാഫി തൊണ്ടിക്കൽ ഭാവിപ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം. വിനോദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എം. ആശിഷ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.ഡി. മഹേഷ്, ഷീജ മോഹൻദാസ്, പി.എം. സുരേഷ്, ടി. സജീന, എന്നിവർ പ്രസംഗിച്ചു.