ജോയിന്റ് ആർടിഒമാരുടെ കള്ളക്കളി അവസാനിപ്പിക്കണം: ഐഎൻടിയുസി
1571000
Saturday, June 28, 2025 5:28 AM IST
മഞ്ചേരി: അഴിമതി നടത്തുന്ന ജോയിന്റ് ആർടിഒമാരെ കൈയോടെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഐഎൻടിയുസി ജില്ലാ കമ്മിറ്റി. കൈമടക്കും പാരിതോഷികവും നൽകാത്ത ഡ്രൈവിംഗ് സ്കൂളുകളെ പീഡിപ്പിക്കുന്ന നയമാണ് ഇവർ സ്വീകരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകൾ മുഴുവനായും തുറക്കാതെയാണ് ഇവർ ചില ഡ്രൈവിംഗ് സ്കൂളുകളെ പീഡിപ്പിക്കുന്നത്.
ലേർണിംഗ് കാലാവധി തീരുന്ന പേപ്പറുകൾക്ക് 60 ദിവസം സ്ലോട്ടുകൾ അനുവദിക്കേണ്ടതാണ്. എന്നാൽ പലപ്പോഴും ഇത് 15 ദിവസമായി ചുരുക്കുകയാണ്. എന്നാൽ ചില ഡ്രൈവിംഗ് സ്കൂളുകൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളും ലേണിംഗ് ടെസ്റ്റ് സ്ലോട്ടുകളും യഥേഷ്ടം അനുവദിക്കുന്നുമുണ്ട്.
തിരൂർ ജോയിന്റ് ആർടിഒക്കെതിരേ ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ഇതിനകം ഉയർന്നത്. വിവേചനപരമായ നടപടി തുടരുന്ന പക്ഷം ശക്തമായ പ്രതിഷേധ നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
യോഗം ജില്ലാ പ്രസിഡന്റും മഞ്ചേരി നഗരസഭാ വൈസ് ചെയർമാനുമായ വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജോമേഷ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹസൻ പുല്ലംകോട്, സുബൈർ പാച്ചേരി, അറക്കൽ കൃഷ്ണൻ, ജയൻ അറക്കൽ എന്നിവർ പ്രസംഗിച്ചു.