മിൽക്ക് അനലൈസറിൽ ഗവേഷണ വിജയവുമായി യുവ സംരംഭകൻ
Saturday, December 2, 2023 11:48 AM IST
ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് അർഹമായ നിശ്ചിത വില ലഭ്യമാകുന്നത് തങ്ങളുടെ പാലിന്റെ ഗുണമേ·യനുസരിച്ചായിരിക്കുമല്ലോ.
ഓരോരുത്തരുടേയും പാലിലെ വിവിധ ഘടകങ്ങളുടെ അളവുകൾ സാന്പിൾ പരിശോധനയിലൂടെ അതിവേഗം കണ്ടെത്തി രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് ഉപകരണമാണ് മിൽക്ക് അനലൈസർ.
ഈ യന്ത്രം ലോകത്തിൽ ആദ്യമായി നിർമിച്ചത് റഷ്യയിലായിരുന്നെങ്കിലും ക്രമേണ മറ്റ് ചില രാജ്യങ്ങളിലും നിലവിൽ വരികയുണ്ടായി. ഇവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തവയാണ് മുൻകാലങ്ങളിൽ ഇന്ത്യയിലും ഉപയോഗിച്ചിരുന്നത്.
എന്നാൽ, വിദേശ അനലൈസറുകൾക്ക് വില വളരെ കൂടുതലാണെന്നു മാത്രമല്ല ഇവ ഉപയോഗത്തിലിരിക്കെ എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ആവശ്യമായ സ്പെയർ പാർട്സുകളോ സർവീസോ ലഭിക്കാൻ ഏറെ പ്രയാസവുമാണ്.
ഈ സാഹചര്യത്തിലാണ് കണ്ണൂർ പയ്യാവൂർ സ്വദേശിയും ബിടെക് ബിരുദധാരിയുമായ യുവസരംഭകൻ പി.എസ്. സനിത്ത് തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്ധമിൽക്കോസോണിക് ’ മിൽക്ക് അനലൈസർ ഏറെ ശ്രദ്ധേയമാകുന്നത്.
മലയോര ഗ്രാമത്തിലെ സാധാരണ കർഷക കുടുംബാംഗമായ സനിത്ത് സ്വന്തം നാട്ടിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ചെന്നൈയിൽ അണ്ണാ സർവകലാശാലയിലായിരുന്നു ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് പഠിച്ചത്.
ഇവിടെ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം ബംഗളൂരുവിലെത്തി സ്വന്തമായി സ്റ്റാർട്ട് അപ് സംരംഭം ആരംഭിച്ചു. തുടക്കത്തിൽ ഓട്ടോമാറ്റിക്ക് വാട്ടർ ടാങ്ക് കണ്ട്രോൾ സിസ്റ്റം, യുപിഎസ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണവും വിതരണവുമാണ് നടത്തിയത്.
ഇതിനിടെ വിദേശത്ത് നിന്ന് മിൽക്ക് അനലൈസർ ഇറക്കുമതി ചെയ്ത് വിപണനം നടത്തിയിരുന്നയാളെ പരിചയപ്പെടാനിടയായി.
വിദേശ നിർമിത അനലൈസർ ഇവിടെ ഉപയോഗിക്കുന്പോഴുണ്ടാകുന്ന പോരായ്മകൾ ശ്രദ്ധയിൽപ്പെട്ട സനിത്ത് അതേക്കുറിച്ച് കൂടുതൽ പഠനം നടത്തിയപ്പോൾ ഇവ ഇവിടെത്തന്നെ നിർമിക്കുകയാണെങ്കിൽ കുറവുകൾ പരിഹരിക്കാമെന്ന് മനസിലാക്കി.
തുടർന്ന് മൂന്നു വർഷം നീണ്ട ഗവേഷണ പരീക്ഷണങ്ങൾക്കൊടുവിലാണ് മിൽക്കോസോണിക്ക് മിൽക്ക് അനലൈസർ യാഥാർത്ഥ്യമായത്.
താമസിയാതെ സ്വന്തം നാട്ടിലെത്തിയ സനിത്തിന് പയ്യാവൂർ ചാമക്കാൽ ഭഗവതി ക്ഷേത്രത്തിനു സമീപം പരിമിതമായ സൗകര്യങ്ങളോടെയാണെങ്കിലും ഒരു നിർമാണ യൂണിറ്റ് ആരംഭിക്കാൻ സാധിച്ചു. ഇവിടെയിപ്പോൾ പാൽ പരിശോധനയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത മെഷീനുകൾ നിർമിക്കുന്നുണ്ട്.
പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസ്, പ്രോട്ടീൻ, സിഎൽആർ, പാലിൽ ചേർക്കപ്പെട്ട വെള്ളം എന്നിവ ഇരുപത്തഞ്ച് സെക്കൻഡിനുള്ളിൽ നിർണയിച്ച് ഡിജിറ്റൽ ഡിസ്പ്ലേയിൽ കാണിച്ചുതരുന്ന മോഡേണ് അൾട്രാ സോണിക് മിൽക്ക് അനലൈസറായ മിൽക്കോസോണിക് റാപ്പിഡ് ആണ് ഇവയിൽ പ്രധാനമായുള്ളത്.
പരിശോധനാ ഫലം എറ്റവും കൃത്യതയുള്ളതായിരിക്കാൻ പാലിൽ സ്വാഭാവികമായുള്ള ചെറുകുമിളകളെ നീക്കം ചെയ്യുന്ന ന്ധസ്റ്റിറർ’ എന്ന ലഘു ഉപകരണം കൂടി ഉൾപ്പെടുത്തിയ മിൽക്കോസോണിക് റാപ്പിഡ് കോംബോ എന്ന മെഷീനാണ് ഇപ്പോൾ കൂടുതലായും ഓർഡർ ലഭിക്കുന്നത്.
ഇതിനു പുറമേ മിൽക്ക് ഡാറ്റാ പ്രൊസസർ യൂണിറ്റ് എന്ന ഉപകരണമാണ് മൂന്നാമത്തേത്. അനലൈസറുമായി കേബിൾ വഴി ബന്ധപ്പെടുത്താവുന്ന ഈ യന്ത്രത്തിൽ വിവിധ പരിശോധനാ ഫലങ്ങളിലൂടെ നിർണയിക്കപ്പെടുന്ന വിവരങ്ങൾ നിശ്ചിത വിലയുൾപ്പെടെയുള്ളവ പ്രിന്റ് ചെയ്തെടുക്കാം.
ഏറെ വൈകാതെ തന്നെ ഈ മൂന്ന് യന്ത്ര സംവിധാനങ്ങളും ഒന്നിച്ചു ചേർത്ത് ഒറ്റമെഷീനായി നിർമിക്കാനുള്ള തയാറെടുപ്പിലാണ് സനിത്ത്. ഇതിനായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ ഫാക്ടറി കെട്ടിടവും സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ പ്രവർത്തിച്ചു വരുന്ന നിർമാണ യൂണിറ്റിൽ ഇരുപതിലേറെ ടെക്നീഷ്യൻമാരാണ് ജോലി ചെയ്യുന്നത്. ഏറെയും സമീപവാസികളായ വനിതകളാണ്. പ്രാദേശികമായി ഇനിയും കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാകാൻ സാധ്യതയുള്ള ഒരു സംരംഭം കൂടിയാണിത്.
കണ്ണൂർ പയ്യാവൂരിനടുത്ത് മുത്താറിക്കുളത്തെ പുളിയൻമാക്കൽ സത്യൻ- നിർമല ദന്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് മുപ്പത്തിനാലുകാരനായ സനിത്ത്. അന്പിളിയാണ് ഭാര്യ. നാല് വയസുള്ള നിതാര മകളാണ്.
സനിത്തിന്റെ ഫോണ് നന്പർ: 9400 410 571.
ബേബി സെബാസ്റ്റ്യൻ, ചെന്പേരി