വനാമി അഥവ വെള്ളക്കാലൻ കൊഞ്ച്
Tuesday, April 29, 2025 4:29 PM IST
ശാന്തസമുദ്രത്തിന്റെ കീഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന പ്രത്യേകയിനം കൊഞ്ചാണ് വനാമി. വെള്ളക്കാലൻ കൊഞ്ച് എന്നും ഇതിനു പേരുണ്ട്. കൃഷിയിലൂടെ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന ഇനമാണിത്.
മെക്സിക്കോ മുതൽ പെറു വരെയുള്ള ശാന്ത സമുദ്രപ്രദേശത്താണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഏറ്റവും അധികം വനാമി ഉത്പാദനം നടക്കുന്ന രാജ്യം ചൈനയാണ്. തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, പനാമ, യു.എസ്.എ തുടങ്ങി രാജ്യങ്ങളിലും മികച്ച രീതിയിൽ കൃഷിയുണ്ട്.
കടലോരപ്രദേശങ്ങളിലും ലവണാംശമുള്ള ഉൾനാടൻ പ്രദേശങ്ങളിലും ലാഭകരമായി കൃഷി ചെയ്യാം. നമ്മുടെ നാട്ടിലും വനാമി വളർത്തൽ വ്യാപകമായി വരുന്നുണ്ട്. ഉയർന്ന വളർച്ചാ നിരക്കും നല്ല ഡിമാൻഡും ഉള്ളതിനാൽ ഒരിക്കലും നഷ്ടമാകാറില്ല.
എന്നാൽ, പ്രാരംഭ മുതൽമുടക്ക് മറ്റു മത്സ്യകൃഷികളെക്കാൾ കൂടുതലാണ്. കുളം ഒരുക്കലും ഹാച്ചറികളിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി നിശ്ചിതകാലം നഴ്സറികളിൽ പരിപാലിക്കുന്നതും പിന്നീട് കുളങ്ങളിൽ നിക്ഷേപിക്കുന്നതുമൊക്കെ അതീവ ശ്രദ്ധയോടെ വേണം.
ആദ്യഘട്ടത്തിലെ ചെലവ് കഴിഞ്ഞാൽ പിന്നീടുണ്ടാകുന്ന ചെലവുകൾ താരതമ്യേന കുറവാണ്.