കൊളസ്ട്രോൾ നിയന്ത്രണത്തിന് കാന്താരി മുളക്
Tuesday, April 29, 2025 4:23 PM IST
അടുക്കള ആവശ്യത്തിനൊപ്പം ആയുർവേദ മരുന്നുകൾക്കും വ്യാപകമായി ഉപയോഗിക്കുന്ന കാന്താരി മുളക്, എരിവ് കൂടിയ നാടൻ ഇനമാണ്. കൊളസ്ട്രോൾ നിയന്ത്രണത്തിന് ഫലപ്രദമെന്നു കണ്ടെത്തിയതോടെ ആവശ്യക്കാരേറി.
വിലയും കൂടി. ഇതു കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമാണ്. അരി മുളപ്പിച്ച് നാലോ അഞ്ചോ ഇലയാകുന്പോൾ നേരത്തെ തയാറാക്കിയ തടത്തിലേക്ക് പറിച്ച് മാറ്റി നടുന്നതാണ് രീതി. നനയും കൈ വളവും കൊടുത്താൽ തഴച്ചു വളരും.
രോഗപ്രതിരോധ ശേഷി കൂടുതലുണ്ടെങ്കിലും വെള്ളീച്ച ശല്യവും ഇല മുരടിപ്പും കാണാറുണ്ട്. വെള്ളീച്ചയെ ഒഴിവാക്കാൻ ഇലകളിൽ നന്നായി വെള്ളമൊഴിച്ചു കൊടുത്താൽ മതിയാകും.
അല്ലെങ്കിൽ കാന്താരിമുളകും വെളുത്തുള്ളിയും ഇടിച്ചു ചേർത്ത് ഒരു ദിവസം വെള്ളത്തിലിട്ടശേഷം അടുത്ത ദിവസം കൂടുതൽ വെള്ളം ചേർത്ത് ഇലകളിൽ തളിച്ചാലും മതിയാകും.
ഇല മുരടിപ്പിന് കഞ്ഞി വെള്ളം ഒരു ദിവസം വച്ചു പുളിപ്പിച്ചശേഷം ശുദ്ധജലം ചേർത്ത് നേർപ്പിച്ച് തളിച്ചു കൊടുത്താൽ മതി.