ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
Friday, December 1, 2023 12:23 PM IST
രാജ്യാന്തര വ്യാപാരത്തിലെ കുതിപ്പിൽ കൊക്കോയും കാപ്പിയും തിളങ്ങുന്നു. പശ്ചിമേഷ്യൻ സംഘർഷം കൊച്ചി തേയില ലേല കേന്ദ്രത്തിൽ മ്ലാനത പരത്തുന്നു. സുഗന്ധ വ്യഞ്ജന വ്യാപാരരംഗം ഉത്സവാഘോഷങ്ങളുടെ നിറവിൽ.
താങ്ങ് നഷ്ടമായ കേരളത്തിലെ നാളികേര കർഷകരെ നാഫെഡിന്റെ കൊപ്ര വില്പന കൂടുതൽ സമ്മർദത്തിലാക്കും. രാത്രിമഴയുടെ ഉണർവിൽ റബർ ടാപ്പിംഗ് ഊർജിതമായി മുന്നേറുന്നു.
കാപ്പി
ക്രിസ്മസ് കഴിഞ്ഞ് പുതിയ കാപ്പി വിളവെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ കർഷകർ കഴിഞ്ഞ സീസണിലെ സ്റ്റോക്ക് വിറ്റഴിക്കുന്ന തിരക്കിലാണ്.
കാലാവസ്ഥിലെ വ്യതിയാനങ്ങൾ ഉത്പാദന രംഗത്ത് തളർച്ച കാഴ്ചവച്ചുവെങ്കിലും വിദേശ വിപണികളിലെ അനുകൂല ഘടകങ്ങൾ ഉത്പാദകരുടെ ആവേശം ഉയർത്തുന്നു.
ഉത്പന്നത്തിന്റെ നിരക്ക് ആകർഷകമായതോടെ ഹൈറേഞ്ചിലെ കർഷകർ കാപ്പി കൃഷിയിൽ ഏറെ താത്പര്യം പുലർത്തുന്നുണ്ട്.
കേരളവും കർണാടകവും കാപ്പി കൃഷിയിൽ കാണിക്കുന്ന താത്പര്യം ആഗോള വ്യാപാര രംഗത്ത് വരും വർഷങ്ങളിൽ പുത്തൻ ചരിത്രം കുറിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉണ്ട കാപ്പി 7,200 രൂപയിലും പരിപ്പ് 2,300 ലുമാണ് വില്പന.
കുരുമുളക്
ഉത്തരേന്ത്യൻ ഇടപാടുകാരുടെ ശൈത്യകാല വാങ്ങലുകൾ കുരുമുളക് വിപണന രംഗത്ത് ആവേശം ഉയർത്തുന്നുണ്ട്. ഉത്പന്നത്തിന്റെ വില ചെറിയ തോതിൽ ഉയർന്നെങ്കിലും വൻകിട കർഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളക് വില്പനയ്ക്ക് ഇറക്കുന്നില്ല.
കാലാവസ്ഥ വ്യതിയാനം അടുത്ത സീസണിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കതന്നെയാണ് അവരെ വിപണിയിൽനിന്ന് അകറ്റുന്നത്. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 60,800 രൂപയിലും ഗാർബിൾഡ് 62,800 ലുമാണ് വില്പന.
രാജ്യാന്തര വിപണിയിൽ ടണ്ണിന് 7750 ഡോളറാണ് നമ്മുടെ നിരക്ക്. ഉത്സവ സീസണിലെ ആവശ്യങ്ങൾ മുൻനിർത്തി ഉത്തരേന്ത്യൻ ഇടപാടുകാർ ഉത്പാദനമേഖലയിൽ ഇറങ്ങി ചരക്കെടുക്കാൻ ശ്രമിക്കുന്നുണ്ട്.
ജാതിക്ക
ഓഫ് സീസണ് ആയതിനാൽ ജാതിക്ക വരവ് കുറഞ്ഞ തോതിലാണ്. ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും ഉത്പന്നത്തിൽ താത്പര്യം കാണിക്കുന്നുണ്ട്.
ജാതിക്ക തൊണ്ടൻ കിലോഗ്രാമിന് 200-240 രൂപയിലും തൊണ്ടില്ലാത്ത് 400-430 രൂപയിലുമാണ് വ്യാപാരം.
ഏലം
ആഭ്യന്തര തലത്തിൽ ഏലത്തിന് ഏറ്റവും ശക്തമായ ഡിമാൻഡാണ് നിലവിലുണ്ട്. ദീപാവലി ആവശ്യത്തിനുവേണ്ട ചരക്ക് ഏതാണ്ട് സംഭരിച്ചുകഴിഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണ് അടുത്തതോടെ ഏലത്തിന് ആവശ്യം ഇനിയുമുയരും. മുന്തിയ ഇനം ഏലം 3000 രൂപയിലും ശരാശരി കിലോ 1690-2000ത്തിലുമാണ് വ്യാപാരം. കയറ്റുമതിക്കാരും രംഗത്തുണ്ട്.
ചുക്ക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ചുക്കിന് ശരത്കാല ഡിമാൻഡ് ഉയർന്നു. ഇഞ്ചിവില ഉയർന്നതിന്റെ ചുവടുപിടിച്ചു ചുക്കും ചൂടിലാണ്. ക്വിന്റലിന് 35,500 രൂപയിലാണ് കൊച്ചിയിൽ വ്യാപാരം.
റബർ
കാലാവസ്ഥ അനുകൂലമായതോടെ കേരളത്തിൽ റബർ ഉത്പാദനം ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ ക്വിന്റലിന് 15,250 രൂപയിലും അഞ്ചാം ഗ്രേഡ് 15,000 രൂപയിലുമാണു വ്യാപാരം. ചെറുകിടക്കാരാണ് പ്രധാനമായും റബർ വില്പനയ്ക്ക് ഇറക്കുന്നത്.
വൻകിട തോട്ടം ഉടമകൾ ചരക്ക് പിടിച്ചുവയ്ക്കുകയാണ്. രാത്രി മഴ നിലനില്ക്കുന്നതിനാൽ ഉത്പാദനം മികച്ച തോതിൽ മുന്നേറുകയാണ്. ജനുവരി പകുതിവരെ ടാപ്പിംഗ് ഇതേ തലത്തിൽ തുടരാനാവുന്നത് കാർഷിക മേഖലയിൽലഭിക്കുന്ന വിവരം.
നാളികേരം
നടപ്പു സീസണിലെ കൊപ്ര സംഭരണം ഡിസംബറിൽ പൂർത്തിയാക്കേണ്ടതാണ്. താങ്ങുവിലയ്ക്ക് 50,000 ടണ് കൊപ്ര സംഭരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്.
കേന്ദ്ര വെയർ ഹൗസിംഗ് കോർപറേഷനിൽനിന്ന് യഥാസമയം അനുമതി ലഭ്യമാക്കാത്തതിനാൽ താങ്ങുവിലയിലെ സംഭരണം അനിശ്ചിതമായി നീളുകയാണ്.
അയൽ സംസ്ഥാനങ്ങളെല്ലാം ഇതിനകം താങ്ങുവില സംഭരണം പൂർത്തിയാക്കി കഴിഞ്ഞു. ഇതിനിടയിൽ നാഫെഡ് നേരത്തെ താങ്ങുവിലയ്ക്ക് സംഭരിച്ച കൊപ്ര വിപണിയിൽ ഇറക്കാനുള്ള നീക്കത്തിലാണ്.
അവരുടെ കൈവശം ഒരു ലക്ഷം ടണ് കൊപ്ര സ്റ്റോക്കുണ്ട്. ഈ ചരക്ക് വിപണിയിൽ ഇറങ്ങുന്നത് വിപണിയിലെ സമ്മർദം കൂടുതൽ രൂക്ഷമാകും.
ദീപാവലി വേളയിൽ ഭക്ഷ്യയെണ്ണ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളും നാളികേര കർഷകർക്കു തിരിച്ചടിയാകും. കുറഞ്ഞ വിലയ്ക്കു വ്യാപകമായ തോതിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി നടക്കുന്നു.

തേയില
ഒക്ടോബർ മധ്യത്തിലെ ശക്തമായ മഴ കേരളത്തിലെയും തമിഴ്നാട്ടിലെയും തേയില തോട്ടങ്ങളിൽ കൊളുന്തു നുള്ളലിന് തടസമായി. ഇതു വരുംദിനങ്ങളിൽ ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്കു നീക്കത്തെ പ്രതികൂലമായി ബാധിക്കും.
പശ്ചിമേഷ്യയിലെ യുദ്ധകാഹളവും വിപണിയിൽ ഭീതി ഉയർത്തുന്നുണ്ട്. ഇസ്രയേലിലേക്ക് കാര്യമായി തേയില കയറ്റുമതി ചെയ്യുന്നില്ല. എന്നാൽ, ദുബായി വഴി ഇറാനിലേക്ക് ഉയർന്ന അളവിൽ തേയില പോകുന്നുണ്ട്.
പുതുവർഷാഘോഷങ്ങൾക്ക് മുൻപായി ഉയർന്ന അളവിൽ തേയില ശേഖരിക്കാൻ കയറ്റുമതിക്കാർ രംഗത്ത് എത്തേണ്ട സന്ദർഭമാണിത്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യയിലെ ചൂടും ചൂരും തേയില വിപണികളിൽ സ്വാധീനം ചെലുത്തുകതന്നെ ചെയ്യും.
കൊക്കോ
ആഗോളതലത്തിൽ കൊക്കോ ഉത്പാനത്തിൽ ദൃശ്യമായ തളർച്ച, ഈ ചോക്ലേറ്റ് ഉത്പന്നത്തിന്റെ നിലയിൽ പ്രകടമായ കുതിപ്പുളവാക്കി. പ്രതികൂല കാലാവസ്ഥയും രോഗ- കീട ബാധകളുമാണ്.
കൊക്കോ ഉത്പാദനത്തെ ബാധിച്ചത്. 2023-24 കാലയളവിൽ ആഗോള ഉത്പാദനം 20 ശതമാനം കുറയുമെന്നാണു വിലയിരുത്തപ്പെടുന്നത്. ലണ്ടൻ വിപണിയിൽ കൊക്കോ വില എക്കാലത്തെയും ഉയർന്ന തലത്തിലാണ്.
അമേരിക്കൻ തുറമുഖങ്ങളിൽ ഉത്പന്നത്തിന്റെ സ്റ്റോക്ക് നില ഒന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലാണ്. കിലോഗ്രാമിന് 250 രൂപ പ്രകാരമാണ് ഇവിടെ കൊക്കോ വില്പന.
ലില്ലിബെറ്റ് ഭാനുപ്രകാശ്