ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്നത്തിന് കുട്ടനാട്ടുകാരന് പേറ്റന്റ്
Thursday, November 30, 2023 1:20 PM IST
ഫിലിപ്പീൻസിൽ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന അബാക്ക ഇനം വാഴയുടെ നാരിൽ നിന്ന് ഉന്നത നിലവാരമുള്ള വ്യവസായിക ഉത്പന്നം നിർമിക്കുന്നതിന് കുട്ടനാട്ടുകാരനു പേറ്റന്റ്ലഭിച്ചു.
റിട്ട. അധ്യാപകരായ എടത്വാ ചെത്തിപ്പുരയ്ക്കൽ സി.എ. കുര്യൻ- സൂസൻ ദന്പതികളുടെ മകനും കോട്ടയം സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം സീനിയർ അസി. പ്രഫസറുമായ ഡോ. റിറ്റിൻ ഏബ്രഹാം കുര്യനാണു പേറ്റന്റ് നേടിയത്.
കോയന്പത്തൂരിലെ കാരുണ്യ യുണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി. ഗവേഷണവുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തോടനുബന്ധിച്ച് 2020ൽ സമർപ്പിച്ച അപേക്ഷയിലാണ് അദ്ദേഹത്തിനു പേറ്റന്റ് ലഭിച്ചത്.
അബാക്ക ഇനം വാഴയുടെ പഴത്തിനേക്കാൾ പിണ്ടിക്കാണു ഫിലിപ്പീൻസുകാർ പ്രധാന്യം നൽകുന്നത്. ഇതിന്റെ വിളവെടുപ്പിന് 16 മുതൽ 24 മാസം വരെ വേണം. 13 മുതൽ 22 അടി വരെ ഉയരം വയ്ക്കും.
കുല വെട്ടിക്കഴിഞ്ഞാൽ പിണ്ടി വെട്ടി പോള തിരിച്ചു നാരുകളാക്കി മാർക്കറ്റിൽ എത്തിച്ചു വിൽക്കുന്നതാണ് അവിടുത്തെ രീതി. വാഴയുടെ വലിപ്പത്തിന് ആനുപാതികമായി വലിപ്പം കുലയ്ക്കില്ല.
വിത്തുകൾക്കൊപ്പം വാഴപ്പഴത്തിലെ കുരുവിൽ നിന്നും പുതിയ ചെടി വളർത്തിയെടുക്കുന്നു. ചീകി ഒരുക്കിയ അബാക്ക നാരുകൾ സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ മുക്കി ശേഷി വർധിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
പിന്നീട് എപ്പോക്സിയും, മൾട്ടി വാൾഡ് കാർബണ്‍ നാനോ ട്യൂബുകളും നിശ്ചിത അനുപാതത്തിൽ സംയോജിപ്പിച്ച് പുതിയ സംയുക്തം രൂപപ്പെടുത്തിയെടുത്തു. എം.ജി സർവകലാശാലയുടേയും കുസാറ്റിന്റെയും ലാബുകളിൽ നടത്തിയ ശാസ്ത്രീയ ഗുണനിലവാര പരിശോധനകളുടെ ഫലം സഹിതമാണ് പേറ്റന്റിന് അപേക്ഷിച്ചത്.
കേന്ദ്രസർക്കാരിന്റെ പേറ്റന്റ് ഓഫീസു വഴിയും പരിശോധനകൾ നടന്നു. തുടർന്നാണു കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ഓഫീസിൽ നിന്നു 2020 ഒക്ടോബർ 24 മുതൽ 20 വർഷത്തേക്ക് പേറ്റന്റ് അനുവദിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ത്യൻ പേറ്റന്റ് ഓഫീസിൽനിന്ന് ഡോ. റിറ്റിനു ലഭിച്ചത്.

അബാക്കാ നാരിൽനിന്നു ചാക്ക്, വസ്ത്രങ്ങൾ, കർട്ടനുകൾ, ചരടുകൾ എന്നിവ ഫിലിപ്പീൻസിൽ വ്യാപകമായി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഡോ. റിറ്റിൻ അതുപയോഗിച്ച് ഷീറ്റുകൾ നിർമിക്കാനുള്ള സാധ്യതകളാണ് കണ്ടെത്തിയത്.
ഇതുവഴി ഓട്ടോമൊബൈൽ രംഗത്ത് സൈലൻസർ ഗാർഡുകൾ, റിയർ വ്യൂ മിറർ കവർ, വൈസർ എന്നിവ നിർമിക്കാനാകും. പ്ലൈവുഡ്, മൾട്ടി വുഡ് എന്നിവ ഉപയോഗിക്കുന്ന എല്ലാ മേഖലകളിലും അബാക്ക ഫൈബർ ഷീറ്റുകൾ മറ്റുള്ളവയെക്കാൾ കൂടിയ ഗുണത്തിലും കുറഞ്ഞ ചെലവിലും ഉപയോഗിക്കാനാകും എന്നാണ് പ്രതീക്ഷ.
സീലിംഗ് മെറ്റീരിയലുകൾ, വാഹനങ്ങളുടെ ഡോർ പാനലുകൾ എന്നിവ നിർമിക്കാനും പുതിയ സംയുക്തം ഉപയോഗിക്കാമെന്നാണ് നിഗമനം. പോളിപ്രോപ്പലിൻ ഉത്പന്നങ്ങളെക്കാൾ കൂടിയ നിലവാരത്തിലുള്ള ഇവ കൂടുതൽ കാലം നിലനില്ക്കും.
നിലവിൽ സീലിംഗ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്ലൈവുഡ്, മൾട്ടി വുഡ് ഉത്പന്നങ്ങൾക്കു പകരക്കാരനായി ഇത് മാറും എന്നാണ് ഡോ. റിറ്റിന്റെ കണക്കുകൂട്ടൽ.
നിർമാണ ചെലവ് കുറഞ്ഞതും, കൂടുതൽ ഈട് നിൽക്കുന്നതും മണ്ണിൽ അലിഞ്ഞ് ചേരുന്നതുമായതിനാൽ പരിസ്ഥിതി സൗഹൃദ ഉത്പന്നം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഡോ. ഫിലിപ്പ് സെൽവരാജ്, ഡോ.എം. ശേഖർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഡോ. റിറ്റിൻ ഗവേഷണം പൂർത്തിയാക്കിയത്.
ആന്റണി ആറിൽചിറ