ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ കമുക് നിറയെ അടയ്ക്ക
Wednesday, November 29, 2023 3:03 PM IST
കർണാടകത്തിൽ കൂട്ടുകൃഷിയിലുണ്ടായ നഷ്ടം നികത്താനാണു പാലക്കാട് ധോണി ശങ്കരമങ്കലം സി.ഒ. ഉമ്മൻ ആറു വർഷം മുന്പു പാലക്കാട് കോണ്ടാട് ഒന്പതാം മൈലിൽ ഒന്നരയേക്കർ കമുകിൻ തോട്ടം വാങ്ങിയത്. എന്നാൽ, പ്രതീക്ഷിച്ചത്ര ഉത്പാദനമുണ്ടായില്ല.
അടയ്ക്ക തീരെ കുറവ്. വർഷത്തിൽ മൂന്നോ നാലോ വിളവെടുപ്പ് മാത്രം. പലതരത്തിലുള്ള പരിചരണങ്ങൾ മാറിമാറി പരീക്ഷിച്ചെങ്കിലും മെച്ചമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ഹോമിയോ ഡോക്ടറായ വിഷ്ണുദാസിനെ പരിചയപ്പെടുന്നത്.
അദ്ദേഹം നൽകുന്ന മരുന്നു കൂട്ടും സ്വയമൊരുക്കിയ പ്രത്യേക വളക്കൂട്ടും പ്രയോഗിച്ചതോടെ മുരടിച്ചു നിന്ന കമുകുകൾക്കു പുതുജീവനായി. കൂടുതൽ ഇലകൾ വിടർത്തി നല്ല കായ് ഫലം നൽകിത്തുടങ്ങി.
കൃഷി ഭ്രാന്ത്
ആർമി ഉദ്യോഗസ്ഥനായിരുന്ന ഉമ്മൻ റെയിൽവേയിൽ ക്ലർക്കായി ജോലി നേടിയ ശേഷമാണു പാലക്കാട്ട് എത്തിയത്. ചെറുപ്പം മുതൽ അദ്ദേഹത്തിന് കൃഷിയോട് വല്ലാത്തൊരു ആഭിമുഖ്യമുണ്ടായിരുന്നു.
ജോലിക്കൊപ്പം കൃഷിയും എന്ന ഉദ്ദേശ്യത്തോടെ ധോണിയിൽ കുറച്ചു റബർ തോട്ടം വാങ്ങി. കൃഷി നോക്കാനുള്ള സൗകര്യത്തിന് അവിടെ വീടും വച്ചു താമസമാക്കി. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും നട്ടു പരിപാലിച്ചു.
റെയിൽവേയിൽ നിന്നു വിരമിച്ചശേഷം കർണാടകത്തിലെത്തി സ്ഥലം വാങ്ങി റബർ കൃഷി തുടങ്ങി. മികച്ച വരുമാനം കിട്ടിത്തുടങ്ങിയതോടെ അതിന്റെ മേൽനോട്ടം മകനെ ഏല്പിച്ചു.
പിന്നീട്, സുഹൃത്തുക്കളുമായി ചേർന്നു വേറെ കുറച്ചു സ്ഥലം വാങ്ങി കമുക് കൃഷി തുടങ്ങി. എന്നാൽ, അതിൽ കൈ പൊള്ളി. വലിയ നഷ്ടമാകുമെന്നു കണ്ടു കൃഷിയും കൂട്ടുകെട്ടും ഉപേക്ഷിച്ചു.
തുടർന്നു പാലക്കാട്ടെത്തി ഒന്പതാം മൈലിൽ കമുകിൻ തോട്ടം വാങ്ങുകയായിരുന്നു. മരങ്ങൾക്ക് ആരോഗ്യം കുറവായിരുന്നെങ്കിലും പരിചരിച്ചു നന്നാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ, മുടക്കുമുതലിന് അനുസരിച്ചു വിളവ് കിട്ടിയില്ല. കൃഷി ഉപേക്ഷിക്കാൻ പലരും ഉപദേശിച്ചെങ്കിലും കൃഷിയോടുള്ള സ്നേഹം മൂലം ഉമ്മന് പിന്മാറാൻ കഴിഞ്ഞില്ല.
പുതിയ രീതി
തോട്ടം സംരക്ഷിച്ച് വിളവ് വർധിപ്പിക്കാനുള്ള പരിശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി. എന്നാൽ, കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് 20 വർഷത്തിലേറെയായി കൃഷിയോടൊപ്പം സഞ്ചരിക്കുന്ന പാലക്കാട്ടെ ഹോമിയോ ഡോക്ടർ വിഷ്ണുദാസിനെക്കുറിച്ചു കേട്ടത്.
മനുഷ്യർക്കെന്നതുപോലെ എല്ലാത്തരം വിളകൾക്കും ഉപയോഗിക്കാവുന്ന ഹോമിയോ മരുന്നുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. നിരവധി പരീക്ഷണങ്ങളിലൂടെയാണു ഡോ. വിഷ്ണുദാസ് ഇതു കണ്ടെത്തിയത്.
കാലാവസ്ഥ, ചൂട്, മണ്ണിന്റെ ഘടന തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് മരുന്നുകൾ പ്രയോഗിക്കേണ്ടത്. വളപ്രയോഗവും അങ്ങനെതന്നെ. ചെടികളുടെ വളർച്ചയും ആരോഗ്യവും നോക്കി വളപ്രയോഗം നടത്തണം.
കറവപ്പശുക്കൾക്കു തീറ്റ കുറഞ്ഞാൽ പാലിന്റെ അളവും ഗുണവും കുറയുന്നതുപോലെ വിളവ് നൽകുന്ന ചെടികളുടെ ആരോഗ്യസംരക്ഷണത്തിനു തീറ്റയും മരുന്നും ആവശ്യമാണെന്ന തിരിച്ചറിവ് ഉമ്മന്റെ കാർഷക ജീവിതത്തിന് വഴിത്തിരിവായി.
പിന്നെ ഡോ. വിഷ്ണുദാസ് നിർദേശിച്ച കൃഷി പരിചരണം തുടരാൻ തീരുമാനിക്കുകയായിരുന്നു. മേൽനോട്ടത്തിന് ഡോക്ടറും ഒപ്പം കൂടിയതോടെ ഉമ്മന്റെ ഉത്സാഹം ഇരട്ടിച്ചു. മൂന്ന് മാസത്തെ പരിചരണം കഴിഞ്ഞപ്പോൾ തന്നെ കമുകുകൾക്കു പുത്തൻ ഉണർവായി.
തടികൾ കരുത്ത് നേടി. ഇലകളുടെ ഉേ·ഷവും പച്ചപ്പും കാര്യമായി വർധിച്ചു. ഇതോടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസം ഉമ്മനിലും പ്രതിഫലിച്ചു.
പരിചരണം
നല്ല രീതിയിൽ പരിചരണം നൽകിയാൽ ഒരു കമുകിൽ നിന്നു വർഷം 10 മുതൽ 13 വരെ കുലകൾ ലഭിക്കും. സാധാരണ ആരോഗ്യമുള്ള തൈകൾ നട്ട് 26 ഇലകൾ വന്നു കഴിഞ്ഞാൽ പുഷ്പിച്ചു തുടങ്ങും.
ചെറിയ കുഴികൾ എടുത്ത് ജൈവവളം ഇട്ടാണ് തൈകൾ നടുന്നത്. വേനൽക്കാലത്ത് ആഴ്ചയിൽ മുന്നു നന. വളർച്ച നോക്കി മൂന്നോ നാലോ മാസം കൂടുന്പോൾ ചാണകവും മറ്റ് ജൈവവളങ്ങളും നൽകണം.
തൈകൾ കുലച്ചു തുടങ്ങിയാൽ വർഷത്തിൽ ഒരു വളം മതി. മണ്ണിന്റെ ഘടന, ചെടിയുടെ വളർച്ച, ആരോഗ്യം, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പഠിച്ചശേഷം പ്രത്യേകം തയാറാക്കുന്ന വള ലായനിയാണ് ഉമ്മൻ നൽകുന്നത്.
തോട്ടത്തിലെ കളകൾ വെട്ടിയൊതുക്കിയിടുകയാണ് പതിവ്. ചുവട് ഒരുക്കലും കളചെത്തലും പൂർണമായി ഒഴിവാക്കി.

വേപ്പിൻ പിണ്ണാക്ക് കടലപ്പിണ്ണാക്ക്, ചാണകം, ശർക്കര, മുതിര, ചെറുപയർ, കടല, വെള്ളം എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന ലായനിയാണ് പ്രധാന വളം.
വലിയ കമുകുകൾക്ക് ഒരു ലിറ്റർ വീതം ആഴ്ചയിൽ ഒരിക്കൽ ചുവട്ടിൽ ഒഴിച്ച് കൊടുക്കും. മാസത്തിൽ രണ്ടു തവണ പ്രത്യേക അളവിൽ ഹോമിയോ മരുന്നും ചുവട്ടിലൊഴിച്ചു കൊടുക്കും.
വേരെ വളങ്ങൾ ഒന്നുമില്ല. ആരോഗ്യക്കുറവ് കാണപ്പെടുന്നവയ്ക്ക് മണ്ണിന്റെ ഘടന നോക്കി ജൈവവളം നൽകും.
വിളവെടുപ്പ്
തടിയുടെ ചുറ്റളവിന്റെ മൂന്നിരട്ടിയോളം വീതിയുള്ള പാളകൾ പൊഴിഞ്ഞ് പൂക്കുല പുറത്തു വന്നു വിരിഞ്ഞു കഴിഞ്ഞാൽ എട്ടാം മാസം വിളവെടുക്കാം. നല്ല കുലകളിൽ നിന്നു 10 മുതൽ 15 കിലോ വരെ പഴുക്ക ലഭിക്കും.
ഇതു ഉണക്കി തൊണ്ടു കളഞ്ഞാൽ 50 ശതമാനം ലഭിക്കണം. പുത്തൻ കൃഷി പരിചരണത്തിലൂടെ ഉമ്മന് ഒരു കുലയിൽ നിന്ന് പത്ത് കിലോയ്ക്ക് മുകളിൽ അടയ്ക്ക ലഭിക്കുന്നുണ്ട്.
ഏതാണ്ട് എല്ലാമാസവും വിളവെടുക്കാൻ പാകത്തിൽ പുതിയ പൂക്കുലകൾ ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. വിളവെടുപ്പിന്റെ ഭാഗമായി കുലകൾ നിലത്തേക്കു വെട്ടിയിടാറില്ല. പകരം കെട്ടിയിറക്കുകയാണ് ചെയ്യുന്നത്.
ഇതിനുള്ള യന്ത്രസംവിധാനം താമസിയാതെ തോട്ടത്തിൽ ഏർപ്പെടുത്തും. കുലകൾ കെട്ടിത്തൂക്കി ഉണക്കാനുള്ള പ്രത്യേക ഡ്രയർ ഇതിനോടകം കൃഷിയിടത്തിൽ ഒരുക്കികഴിഞ്ഞു.
കാസർഗോഡ്, മോഹിത്, മംഗള തുടങ്ങി ഇനത്തിൽപെട്ട 850 മരങ്ങൾ തോട്ടത്തിലുണ്ട്. തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുള്ളതിനാൽ കൃത്യമായ രീതിയിൽ പരാഗണവും നടക്കുന്നു.
തേനീച്ചകളുടെയും ചെറുപ്രാണികളുടെയും സാന്നിധ്യം കൂടിയായാൽ വിളവ് കൂടും.
പെയിന്റിൽ ചേർക്കാൻ അടയ്ക്കാ നീര്
ഗൾഫ് നാടുകളിലെ വാഹനങ്ങളിൽ അടിക്കുന്ന പെയിന്റ് കടുത്ത ചൂടിൽ പൊള്ളി പൊളിയുന്നതു സാധാരണയാണ്. ഇതു ചെറുക്കാൻ അടയ്ക്കയിൽ നിന്നെടുക്കുന്ന നീര് പെയിന്റിൽ ചേർക്കാറുണ്ട്.
മറ്റ് പെയിന്റുകളിലും അടയ്ക്ക നീര് ചേർത്ത് വരുന്നു. വസ്ത്രങ്ങൾക്ക് നിറം നൽകാനും അടയ്ക്ക ഉപയോഗിക്കുന്നുണ്ട്. നാലും കൂട്ടി മുറുക്കാനും ഇത് അത്യാവശ്യം. പച്ചപ്പാക്കിനും വേവിച്ചെടുത്ത പച്ചപ്പാക്കിനും ഔഷധമൂല്യമുണ്ട്.
ദഹന സഹായിയുമാണ്. കണ്ഠശുദ്ധി വരുത്താനും കാഴ്ച ശക്തി കൂട്ടാനും ശോധന വർധിപ്പിക്കാനും സഹായിക്കുന്നു. ഉദരരോഗങ്ങൾക്ക് ഫലപ്രദം. വേവിച്ച പച്ചപ്പാക്കിന് ത്രിദോഷങ്ങളും ദുർമേദസും കുറയ്ക്കാനുള്ള കഴിവുണ്ട്.
ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും വിവിധ രോഗശമനത്തിനായി ഉണങ്ങിയ പാക്കും വേവിച്ചുണങ്ങിയ പാക്കും ഉപയോഗിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഇന്നും കൊച്ചു കുട്ടികളെ കുളിപ്പിക്കുന്നതു കമുകിൻ പാളകളിലാണ്.
അടുക്കള ആവശ്യത്തിനുള്ള മുറം ഉണ്ടാക്കാനും സദ്യകൾക്കുള്ള പ്ലെയിറ്റുകളും കപ്പുകളും നിർമിക്കാനും പായ്ക്കിംഗ് ബോക്സുകൾ ഉണ്ടാക്കാനും പാളകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഫോണ്: 9447422444.
നെല്ലി ചെങ്ങമനാട്