ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെറുതേനീച്ച കൃഷി
Tuesday, November 28, 2023 1:40 PM IST
കുറഞ്ഞ ചെലവിൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന കൃഷിയാണു ചെറുതേനീച്ച കൃഷി. വൻ തേനിനേക്കാൾ ഔഷധഗുണമുള്ള ചെറുതേനിന് എപ്പോഴും നല്ല ഡിമാൻഡുമുണ്ട്.
വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിലുണ്ടാകുന്ന വൃണങ്ങൾ ഉണങ്ങാനും ചെറുതേൻ സഹായിക്കുന്നു.
പ്രമേഹരോഗികൾക്കു പോലും കഴിക്കാവുന്ന ചെറുതേൻ കാൻസർ രോഗത്തിനെതിരേ ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധമാണ്. പെട്ടികളിലും പിവിസി പൈപ്പുകളിലും മണ്കുടങ്ങളിലും മുളംതണ്ടിലുമൊക്കെ വളർത്താവുന്ന ചെറുതേനീച്ചകൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ തേൻ ഉത്പാദിക്കൂ.
ഇന്ത്യൻ തേനീച്ച എന്നറിയിപ്പെടുന്ന വൻ തേനീച്ചകളുടെ ഒരു കൂട്ടിൽ നിന്നു വർഷം 6-8 കിലോ വരെ തേൻ ലഭിക്കുന്പോൾ ചെറുതേനീച്ച കൂട്ടിൽ നിന്നു ലഭിക്കുന്നതു 200- 900 ഗ്രാം മാത്രം. എന്നാൽ, ഇതിനു കിലോ 1500- 2000 രൂപ വരെ വിലയുണ്ട്.
പാറവിടവുകളിലും മരപ്പൊത്തുകളിലും കാണപ്പെടുന്ന ചെറുതേനീച്ചകളെ കൂടുകളിലേക്കു മാറ്റുകയാണ് ആദ്യഘട്ടം. പ്രവേശന കവാടം, മുട്ട- പുഴു അറകൾ, പൂന്പൊടി-തേൻ ശേഖരം എന്നീ ക്രമത്തിലാണ് കൂടിന്റെ ഘടന.
കൂടുകെട്ടുന്ന രീതിയും കൂടിന്റെ രൂപവും ആകൃതിയും തേൻ- പൂന്പൊടി ശേഖരിച്ചുവയ്ക്കുന്ന രീതിയുമെല്ലാം ഏറെ വ്യത്യസ്തമാണ്.

ചെറു തേനീച്ചകൾ അടകൾ നിർമിക്കുന്നതു മെഴുകും ചെടികളിൽ നിന്നു ശേഖരിക്കുന്ന പശയും (റസിൻ) കൂട്ടിച്ചേർത്തുണ്ടാക്കുന്ന അരക്കുപോലുള്ള മിശ്രിതം കൊണ്ടാണ്.
പ്രവേശന കവാടത്തിൽ മെഴുകിൽ മണൽ തരികളോ പൊടികളോ ഒട്ടിച്ചുണ്ടാക്കുന്ന കുഴലുണ്ടാകും. ഇതിനു വിവിധ ആകൃതിയും നീളവുമായിരിക്കും. കുഴലിന്റെ അഗ്രഭാഗത്ത് 5-6 വേലക്കാരി ഈച്ചകൾ (ഗാർഡ് ബീസ്) കാവലിനുണ്ടാകും.
മുളങ്കൂടുകളാണു ചെറുതേനീച്ച കൃഷിക്ക് ഏറ്റവും ഉത്തമം. ഏറ്റവും കൂടുതൽ പുഴു വളർത്തലും തേൻ- പൂന്പൊടി ശേഖരവും ഇത്തരം കൂടുകളിലാണു നടക്കുന്നത്. തേനെടുക്കാനും ഏറ്റവും എളുപ്പം ഇതിൽ നിന്നു തന്നെ.
മുളന്തണ്ട് സമാന്തരമായി നീളത്തിൽ മുറിച്ചശേഷം രണ്ടു ഭാഗങ്ങളും കൂട്ടിച്ചേർത്ത് കന്പിയോ കയറോ ഉപയോഗിച്ചു കെട്ടിയാണു കൂടാക്കേണ്ടത്. തടിപ്പെട്ടികളും ഇതേപോലെ തന്നെ മുറിച്ച് കൂടാക്കി മാറ്റാം.
ഇത്തരം കൂടുകളിൽ വളരുന്ന ചെറു തേനീച്ചകളെ വിഭജിച്ചു പുതിയ കോളനികളുണ്ടാക്കാനും എളുപ്പമാണ്.

ഇന്ത്യൻ തേനീച്ചകളെ ആഴ്ചയിലൊരിക്കൽ കൂടു തുറന്നു പരിശോധിക്കേണ്ടി വരുന്പോൾ ചെറു തേനീച്ചകളെ പൊതുവേ തേനെടുക്കാനും വിഭജിക്കാനുമാണു തുറക്കുന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തേനെടുക്കാനും ഒക്ടോബർ, നവംബർ മാസങ്ങളിൽ വിഭജനത്തിനായിട്ടുമാണു കൂടുകൾ തുറക്കുന്നത്. കൂടു തുറക്കുന്പോൾ മുഖം മൂടി വയ്ക്കുന്നതു നല്ലതാണ്.
ഈ വേളയിൽ വേലക്കാരി ഈച്ചകൾ തമ്മിൽ കടിച്ചു ചാകാതിരിക്കാൻ കൂടു തുറക്കുന്നതിനു മുന്പ് അവയെ കുപ്പിയിലാക്കി സൂക്ഷിക്കുകയും തേനെടുത്തശേഷം അവയെ തിരികെ കൂട്ടിലെത്തിക്കുകയും ചെയ്യുന്നതിനു ശ്രദ്ധിക്കണം.
കോളനി കൂട്ടം പിരിഞ്ഞു നശിക്കാതിരിക്കാൻ യഥാസമയം കോളനി വിഭജിക്കേണ്ടതാണ്. നവംബർ, ഡിസംബർ മാസങ്ങളിലാണു കോളനി വിഭജിക്കാൻ ഉത്തമം. സായാഹ്നങ്ങളാണു നല്ല സമയം.
റാണി ഉള്ള അറകൾ വേണം വിഭജനത്തിന് തെരഞ്ഞെടുക്കാൻ. ആദ്യം വേലക്കാരി ഈച്ചകളെ കുപ്പികളിലേക്കു മാറ്റണം. തുടർന്നു കൂടു തുറന്നു പകുതി പുഴു അടയും പൂന്പൊടി ശേഖരവും കുറച്ച് തേൻ ശേഖരവും പുതിയ കൂട്ടിലേക്കു മാറ്റണം.
പിന്നീട് രണ്ടു കൂടും അടച്ച് സുരക്ഷിതമാക്കിയ ശേഷം പുതിയ കൂട് പഴയ കൂടിന്റെ സ്ഥാനത്ത് പ്രവേശന ദ്വാരം അതേ ദിശയിൽ വരത്തക്കവിധം തൂക്കിയിടുക.
അതിനുശേഷം രണ്ടു പെട്ടികളുടെയും വാതിൽക്കലിലേക്ക് കുപ്പി തുറന്നു വച്ച് വേലക്കാരി ഈച്ചകളെ കടത്തിവിടുക.
ഫോണ് : 9539582262
അഖില വിജയ് (കാർഷിക കോളജ്, വെള്ളായണി)