ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേറെ
Saturday, November 25, 2023 1:01 PM IST
വിദേശ ഇനങ്ങൾ വിട്ടു നാടൻ ചെടികളോട് ഇഷ്ടം കൂടുകയാണു പുഷ്പ സ്നേഹികൾ. നല്ല പച്ചപ്പും എപ്പോഴും പൂക്കളുമുള്ള നാടൻ ഇനങ്ങൾക്കു പണ്ടുണ്ടായിരുന്ന സ്ഥാനം ഇടയ്ക്കു നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ അവ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്.
വർണ വലിപ്പ വൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങൾക്കൊപ്പം നാടൻ ഇനങ്ങളെയും നട്ടു പരിപാലിച്ചുപോരുന്ന പുഷ്പസ്നേഹിയായ വീട്ടമ്മയാണ് കണ്ണൂർ ജില്ലയിൽ ഇരിട്ടി ഉളിക്കൽ വാളിയക്കിഴക്കേൽ ഷാന്റി ഷാജി.
കാഴ്ചഭംഗിക്കു മാത്രമല്ല, ഗൃഹവൈദ്യത്തിലും ഉപയോഗിക്കാം എന്നതുകൊണ്ടു കൂടിയാണ് നാടൻ ഇനങ്ങൾ പൂന്തോട്ടങ്ങളിലെ താരങ്ങളായി മാറുന്നത്. കാലവ്യത്യാസമില്ലാതെ പൂവിടുന്നതും രോഗങ്ങളും കീടങ്ങളും കാര്യമായി ബാധിക്കാത്തതും കുറഞ്ഞ പരിചരണവും പുഷ്പസ്നേഹികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ഇതിൽ പ്രധാനമാണ് ചെന്പരത്തി. പൂവേലി ഒരുക്കാൻ ഇതിന്റെ ചുവപ്പ് ഇനമാണ് ഉപയോഗിക്കുന്നത്. മുളകു ചെന്പരത്തി, കോറൽ ഹിബിസ്കസ്, വൈസ്റോയി, ഷാരോണ് ഹിബി സ്ക്സ്, ഹാവായ്, ഓസ്ട്രേലിയൻ ഇനങ്ങളും ഉദ്യാനങ്ങളിൽ വസന്തമൊരുക്കുന്ന താരങ്ങളാണ്.
ഹവായ്, ഓസ്ട്രേലിയൻ ഇനങ്ങളിൽ ഭൂരിഭാഗവും ബഹുവർണത്തിലുള്ള വലിയ പുക്കളുണ്ടാകുന്നവയാണ്.

നടീൽ
ചെന്പരത്തിയുടെ കന്പുകൾ മുറിച്ചെടുത്താണു നടുന്നത്. ചിങ്ങത്തിൽ നട്ടാൽ പെട്ടന്നു വേര് പിടിക്കും. ചട്ടികളിൽ മണ്ണു നിറച്ചും നടാം. ഗ്രാഫ്റ്റിംഗ് വഴി തൈകൾ ഉത്പാദിപ്പിച്ച് നടുന്ന രീതിയുമുണ്ട്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് കൂടുതൽ പൂക്കളുണ്ടാകും.
ചട്ടികളിൽ നടുന്നവയ്ക്കു മാസത്തിൽ ഒരു തവണ അല്പം ചാണകപ്പൊടിയോ മണ്ണിര കന്പോസ്റ്റോ നൽകുന്നതു നല്ലതാണ്. നിലത്തു വളരുന്നവയ്ക്ക് കാര്യമായ വളമോ പരിചരണമോ ആവശ്യമില്ല.
വേനലിൽ സമൃദ്ധമായി പൂവ് ഉണ്ടാകാനും വളർച്ച നിയന്ത്രിക്കാനും മഴക്കാലം തുടങ്ങുന്നതിനു മുന്പു കന്പുകൾ താഴ്ത്തി മുറിച്ചു മാറ്റണം. മുറിപ്പാടുകളിൽ കുമിൾനാശിനി തളിച്ചു സംരക്ഷണം നൽകുകയും വേണം.
സാധാരണ നിലയിൽ നട്ട് ആറാം മാസത്തിൽ പൂക്കളുണ്ടായി തുടങ്ങും. വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ നന്നായി പുളിപ്പിച്ച് അതിന്റെ തെളി നേർപ്പിച്ചു നൽകുന്നതു നല്ലതാണ്. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം ഉണ്ടാകാം.
പുഴുക്കളെ കണ്ടാൽ ഉടനെ നശിപ്പിക്കണം. ജീവാണു കീടനാശിനിയായ ബാസ്ല്ലസ് തുറിൻജിയെൻസീസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം ചേർത്ത് ചെടിമുഴുവൻ തളിക്കുന്നതാണ് പ്രതിവിധി.
ഔഷധ ഗുണങ്ങൾ
വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള മൂന്നൂറിൽപരം ചെന്പരത്തി ഇനങ്ങളുണ്ട്. ഇന്ത്യയിൽ നൂറ്റിയന്പതോളം ഇനങ്ങളുണ്ടെന്നാണ് കണക്ക്. പ്രത്യേക മണമില്ലെങ്കിലും ഔഷധഗുണവും വർഷം മുഴുവൻ പൂക്കളുണ്ടാകാനുള്ള കഴിവുമാണ് ചെന്പരത്തിയെ താരമാക്കുന്നത്.
ഔഷധ ആവശ്യത്തിന് കൂടുതലായും ഉപയോഗിക്കുന്നത് നാടൻ ഇനങ്ങളാണ്. പച്ചയിലകളുള്ള ചെന്പരത്തിയുടെ ചുവന്ന പൂക്കളും മുട്ടും ഭക്ഷ്യയോഗ്യമാണ്. രക്തശുദ്ധിക്കും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നാടൻ ചെന്പരത്തിപ്പൂക്കളുടെ തോരൻ നല്ലതാണ്.
ചുവന്ന പൂക്കൾ ചായ നിർമാണത്തിന് ഉപയോഗിച്ചുവരുന്നു. ചെന്പരത്തി ചായ പല ആഘോഷപരിപാടികളിലെയും മുഖ്യ ആകർഷണമാണ്. ധാതുക്കളും ജീവകം-സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ചെന്പരത്തിപൂവും ഇലകളും ഉണക്കി സൂക്ഷിച്ചു വില്പന നടത്തുന്നവരുണ്ട്.
പരന്പരാഗത ചൈനീസ് ഉത്പന്നങ്ങളിൽ ത്വക്ക് സംരക്ഷണത്തിനുള്ള സൗന്ദര്യവസ്തുവായി ചെന്പരത്തിപ്പൂവിന്റെയും ഇലയുടെയും നീര് പ്രധാന അസംസ്കൃത വസ്തുവാണ്. തലമുടിയുടെ ശുദ്ധീകരണത്തിനും വളർച്ചയ്ക്കും കറുപ്പ് നിറത്തിനുമായി ഇലകളും പൂക്കളും ഉപയോഗിക്കുന്നുണ്ട്.
ചർമത്തിലെ പാടുകളും ചുളിവുകളും അകറ്റാൻ ചെന്പരത്തിയുടെ നീര് തേയ്ക്കാറുണ്ട്. ശരീരത്തിൽ നീര് തേച്ച് പിടിപ്പിച്ചാൽ സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് റേഡിയേഷനിൽ നിന്ന് രക്ഷ നേടാനാകും.
ആന്റി ഓക്സിഡന്റുകളാൽ സന്പന്നമായ ചെന്പരത്തിപ്പൂവ് ഷാംപു, സോപ്പ് തുടങ്ങിയവയുടെ നിർമാണത്തിന് ഉപയോഗിച്ചു വരുന്നു. ആയൂർവേദ കൂട്ടുകൾക്ക് ചെന്പരത്തിയിലയും പൂവും, മുട്ടും ഉപയോഗിക്കുന്നുണ്ട്. പൂക്കൾ ഇട്ട് തിളപ്പിച്ച വെള്ളം ഉത്തമ ദാഹശമിനിയാണ്.
ഫോണ്: 7907546564
ആഷ്ണ തങ്കച്ചൻ