ആശുപത്രിയുടെ ആകാശത്ത് ഹരിത വാർഡ്
Friday, November 24, 2023 1:37 PM IST
പ്രകൃതിദത്ത ഭക്ഷണത്തിലൂടെ ആരോഗ്യം സംരക്ഷിച്ച് ഡോക്ടറെ അകറ്റി നിർത്തുക, മൂല്യവത്തായ ഈ സന്ദേശം സമൂഹത്തിന് നൽകുന്നത് ആരെന്നോ?, കൊച്ചിയിലെ പ്രമുഖ മൾട്ടി സ്പെഷാലിറ്റി ആശുപത്രി!.
എറണാകുളത്ത് പാലാരിവട്ടത്തുള്ള റിനൈ മെഡിസിറ്റി ആണ് മട്ടുപ്പാവിൽ ന്ധഹരിത വാർഡ്’ ഒരുക്കി മാതൃകയാവുന്നത്. ചീര, വെണ്ട, പയർ, പാവൽ, പടവലം, വഴുതന, തക്കാളി, പീച്ചിൽ തുടങ്ങി ആശുപത്രിയുടെ എട്ടാം നിലയുടെ മുകളിൽ വിളയാത്തതായി ഒന്നുമില്ല.
3000 ചതുരശ്രയടി ടെറസിൽ 1000 മൂടിലേറെ പച്ചക്കറികളാണു മത്സരിച്ചു വളരുന്നത്. ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു കൃഷി.
ഹൗസ് കീപ്പിംഗ് സീനിയർ സൂപ്പർ വൈസർ സുന്ദരേശനാണ് ടെറസ് പച്ച പിടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരും ഒഴിവു സമയങ്ങളിൽ ഒപ്പം ചേരും.
ഹരിത മാതൃക
ആശുപത്രി ജൈവവത്കരണത്തിന് മാനേജ്മെന്റിന്റെ പൂർണ പിന്തുണയും സഹായവും ഉണ്ടെന്ന് സുന്ദരേശൻ. ന്ധഡയറക്ടർമാർ, എല്ലാ ദിവസവും രാവിലെ നടക്കാൻ പോകുന്നവഴി തോട്ടത്തിൽ കയറും.
ആശുപത്രിയിലെ ഡോക്ടർമാരും ഒഴിവു സമയങ്ങളിൽ മട്ടുപ്പാവിലെത്തും. പച്ചക്കറികൾ പൂത്തും കായ്ചും നിൽക്കുന്നതു മനസിനു കുളിർമ പകരുമെന്നതിന് സംശയം വേണ്ട.

വിളന്പുന്നതു വിഷരഹിത ഭക്ഷണം
വിഷരഹിത പച്ചക്കറികൾക്ക് ആശുപത്രിയിൽ തന്നെ വൻ ഡിമാൻഡാണ്. മാനേജ്മെന്റ് പ്രതിനിധികളും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും (മിതമായ വിലയ്ക്ക്) വാങ്ങിക്കൊണ്ടു പോകും.
ആശുപത്രി കാന്റീനിലും കൊച്ചി നഗരത്തിലുള്ള റിനൈയുടെ നക്ഷത്ര ഹോട്ടലുകളിലും വിളന്പുന്നത്, മട്ടുപ്പാവിൽ നിന്ന് കിട്ടുന്ന ഈ സുരക്ഷിത ഭക്ഷ്യവിഭവങ്ങളാണ്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശുദ്ധവും പോഷക സമൃദ്ധവുമായ ആഹാരമാണ് റിനൈ നൽകുന്നതെന്ന് മാർക്കറ്റിംഗ് മാനേജർ മജേഷ് രാഘവൻ പറയുന്നു. ആളുകൾക്ക് രോഗങ്ങൾ ഇല്ലാതിരിക്കണം എന്നാണ് എല്ലാവരെയും പോലെ ഞങ്ങളുടെയും ആഗ്രഹം. രോഗികളെ സൃഷ്ടിക്കേണ്ട കാര്യമില്ല.
രോഗം വന്നവർക്ക് വരാനുള്ളതാണ് ആശുപത്രി, അങ്ങനെയെത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, രോഗം വരാതെ നോക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമയും ആശുപത്രിക്കുണ്ട്.’
ഹോസ്പിറ്റൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണദാസ് പോളക്കുളത്ത് പറയുന്നു. സ്ഥലപരിമിതി തടസമാകാത്ത, ജൈവകൃഷിയുടെ ഈ മാതൃക കൊച്ചിയിലെ മറ്റ് സ്ഥാപനങ്ങളും, കുടുംബങ്ങളും പിന്തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പല ഭാഗങ്ങളിലായുള്ള, പോളക്കുളത്ത് ഗ്രൂപ്പിന്റെ എല്ലാ സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലും ജൈവ പച്ചക്കറി കൃഷിക്ക് വിത്തുപാകി കഴിഞ്ഞതായി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു.
ഓപ്പറേഷൻ ഗ്രീൻ റിനൈ
2013ലാണ് ആശുപത്രിയുടെ മട്ടുപ്പാവിൽ ജൈവകൃഷി ആരംഭിച്ചതെന്ന് സുന്ദരേശൻ. കൊറോണയ്ക്ക് ശേഷമാണ് പച്ചക്കറിത്തോട്ടം വിപുലീകരിച്ചത്. കഴിഞ്ഞ സീസണിൽ പത്തു ക്വിന്റലിലേറെ വിളവ് ലഭിച്ചു.
സർവം ജൈവം
ഉയരങ്ങളിലെ കൃഷിക്ക് പ്രത്യേകതകൾ പലതാണെന്ന് ആതുര സേവകരായ കർഷകർ. ഒരു ലോഡ് മണ്ണാണ്, പോട്ടിംഗ് മിക്സ് തയാറാക്കുന്നതിനായി ട്രോളികളിൽ നിറച്ച് ലിഫ്റ്റിൽ മുകളിൽ എത്തിച്ചത്.
ഡയാലിസിസിനുള്ള രാസലായനി വരുന്ന കന്നാസുകളുടെ മുകൾഭാഗം വെട്ടി മാറ്റിയശേഷം, അടിഭാഗത്ത് തുളകളിട്ട് അതിൽ മണ്ണും ചകിരിച്ചോറും നിറച്ചാണ് തൈ നടുന്നത്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി ചേർത്തുകൊടുക്കും.
കാക്കനാട് കൃഷിഭവനിൽ നിന്നാണ് വിത്തു വാങ്ങിയത്. നട്ട്, രണ്ടര മൂന്നു മാസം കൊണ്ട് വിളവെടുക്കാം. രണ്ട് ദിവസത്തിൽ ഒരിക്കൽ 50 കിലോയിലേറെ പച്ചക്കറികൾ ലഭിക്കും.
ജൈവവളങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ, പുകയില കഷായമാണ് പ്രധാന കീടനാശിനി. നല്ല വെയിലുള്ളതിനാലും ഉയരം കൂടുതലായതിനാലും ടെറസിൽ കീടശല്യം കുറവാണ്.
വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ ഗ്രീൻ നെറ്റ് വിരിച്ചിട്ടുണ്ട്. ദിവസവും രണ്ട് നേരവും നനയ്ക്കും. ആശുപത്രിയിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മുഴുവൻ സമയവും തോട്ടത്തിലുണ്ട്.
വിള പരിക്രമണം
അടുത്ത സീസണിൽ കോളിഫ്ളവർ, കാബേജ് തുടങ്ങിയ വേറിട്ട വിളകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് സുന്ദരേശൻ. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് (മിതമായ വിലയ്ക്ക്) പച്ചക്കറി വിത്തുകൾ നൽകാനും പരിപാടിയുണ്ട്.
സ്ഥലപരിമിതി, കൃഷി തുടങ്ങുന്നതിന് തടസമേ അല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ന്ധമനസ് വച്ചാൽ, ഒരു സെന്റിൽ പോലും വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ഗ്രോ ബാഗുകളിൽ വിളയിക്കാൻ കഴിയും.’
500 ബെഡും 40 ഓളം ഡിപ്പാർട്ട്മെന്റുകളും 1500 ലേറെ ജീവനക്കാരുമുള്ള വലിയ ആശുപത്രിയാണ് റിനെ മെഡിസിറ്റി. നിത്യവും നിരവധി രോഗികൾ എത്തുന്ന ഇവിടെ പ്രകൃതിക്കായും കരുതലുണ്ട് എന്നത് ശ്ലാഘനീയമാണ്.
രജീഷ് നിരഞ്ജൻ