നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
Thursday, November 23, 2023 11:33 AM IST
കൂണ് കൃഷിയിലെ പരന്പരാഗത രീതികൾ തകർത്തെറിഞ്ഞു പുത്തൻ കൃഷിരീതി പരീക്ഷിച്ചു വിജയിച്ച മർച്ചന്റ് നേവിക്കാരൻ രാഹുൽ ഗോവിന്ദ് യുവ കർഷകർക്കു പുത്തൻ മാതൃക. കണ്ണൂർ ജില്ലയിലെ ഇരിട്ടി മീത്തലെപുന്നാട് സ്വദേശിയാണ് ഈ മുപ്പത്തിമൂന്നുകാരൻ.
ചെന്നൈയിൽ മർച്ചന്റ് നേവി പഠനം കഴിഞ്ഞു നാട്ടിലെത്തിയതോടെയാണ് വഴി മാറിച്ചവിട്ടാൻ രാഹുൽ തീരുമാനിച്ചത്. അമ്മയ്ക്കുവേണ്ടി വീടിനോടു ചേർന്നു പരന്പരാഗത രീതിയിൽ നിർമിച്ച കൂണ് ഷെഡിൽ നിന്നായിരുന്നു തുടക്കം.
അതിനൂതന കൃഷി രീതിയിലേക്കുള്ള വളർച്ചയ്ക്കു കാരണം നൂറു ശതമാനം ആത്മാർഥതയോടെ കൃഷിയെ സമീപിച്ചതും പുതിയ കൃഷി രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുള്ള പരിശീലനവുമാണ്.
ലഭിച്ച അറിവുകൾ പ്രയോഗികമാക്കി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു തുടങ്ങിയിത്തോടെ രാഹുൽ കേരളം മുഴുവൻ അറിയപ്പെടുന്ന കൂണ് സംരംഭകനായി.
മണ്സൂണ് മഷ്റൂം
മഷ്റൂം കൃഷിയുടെ എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്തി ഇന്ത്യയിലുടനീളം മഷ്റൂം കൃഷിക്ക് ആവശ്യമായ എന്തും ചെയ്തു കൊടുക്കുന്ന രാഹുലിന്റെ സ്വന്തം ബ്രാൻഡ് നെയിം ആണ് "മണ്സൂണ് മഷ്റൂം’.
നേരന്പോക്കിനുവേണ്ടി കൃഷിചെയ്തു വന്നിരുന്നവരുടെ കൈയിൽ നിന്ന് ഈ രംഗം മർച്ചന്റ് നേവി പഠനം കഴിഞ്ഞ ചെറുപ്പക്കാരൻ ശരിക്കും പിടിച്ചെടുക്കുകയായിരുന്നു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. ജയരാജ് നൽകിയ പരിശീലനം രാഹുൽ എന്ന കൂണ് കൃഷിക്കാരനെ രൂപപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പരിശീലന ക്ലാസുകൾ നയിക്കുന്നതു രാഹുലാണ്. മണ്സൂണ് മഷ്റൂം എന്ന യൂട്യൂബ് ചാനലിലൂടെയും അല്ലാതെയുമായി നിരവധി പേരുടെ സംശയങ്ങൾക്കു മറുപടി നൽകുന്ന രാഹുൽ വിത്തു മുതൽ വില്പന വരെ കൃഷിക്കാർക്ക് പരിശീലനം നൽകുന്നു.
പെല്ലറ്റ് ഉപയോഗിച്ചു കൃഷി നടത്തുന്ന 500 ൽ അധികം കർഷകരും മറ്റു രീതിയിൽ ചെയ്യുന്ന 1000 ൽ അധികം പേരും രാഹുലിന്റെ മേൽനോട്ടത്തിലുണ്ട്.
മഷ്റൂം പെല്ലറ്റ്
പരന്പരാഗത രീതിയിൽ ഉപയോഗിക്കുന്ന വൈക്കോൽ, അറക്കപ്പൊടി എന്നിവയ്ക്കു പകരമുള്ള സ്റ്റെറിലൈസ്ഡ് ബെഡ് ആണ് ന്ധമഷ്റൂം പെല്ലറ്റ്’. അങ്കമാലിക്കാരനായ ആദം എന്ന ചെറുപ്പക്കാരനാണ് കേരളത്തിൽ ആദ്യമായി ഗുണനിലവാരമുള്ള പെല്ലറ്റുകൾ നിർമിച്ചത്.
വൈക്കോലിന്റെ ലഭ്യതയും ഗുണനിലവാരവും സ്റ്റെറിലൈസേഷൻ കാലതാമസവും കൂണുകൾക്ക് സംഭവിക്കാവുന്ന രോഗ സാധ്യതയും കണക്കിലെടുക്കുന്പോൾ പരന്പരാഗത രീതിയെക്കാൾ ചെലവ് അല്പം കൂടിയാലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നത് പെല്ലറ്റിന്റെ നേട്ടമാണ്.
ഒരു ബെഡ് തയാറാക്കാൻ വേണ്ടിവരുന്ന ഒരു കിലോ പെല്ലറ്റിന് 40 രൂപയാണ് ഏറ്റവും ഉയർന്ന വില. ഒരുകിലോ പെല്ലറ്റിൽ ഒന്നര ലിറ്റർ തിളക്കുന്ന വെള്ളം ഒഴിച്ച് ഏഴു മണിക്കൂറിനുശേഷം 150 ഗ്രാം വിത്ത് പാകി കവർ ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ചു കമിഴ്ത്തി വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
15 ദിവസം കഴിയുന്പോൾ അഞ്ചു ഹോൾ ഇടണം. 21 ദിവസം കൂണ് വിളവെടുപ്പിനു പാകമാകുന്ന ഒരു ബെഡിൽ നിന്നു കുറഞ്ഞത് ഒരു കിലോ മഷ്റൂം വരെ ലഭിക്കും. രോഗങ്ങൾ പിടിപെടാതെ അണുവിമുക്തമായ സാഹചര്യത്തിലായിരിക്കണം ബെഡുകൾ തയാറാക്കി സൂക്ഷിക്കേണ്ടത്.
നൂതന ഫാം
കൂണ് കൃഷിയിൽ പരന്പരാഗത രീതിയെ മാറ്റിനിർത്തി കൂടുതൽ സൗകര്യത്തോടെ കൃഷി ചെയ്യുന്നതുകൊണ്ട് ഉത്പാദനം കൂടുകയും അതുവഴി കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്യും. ഇതിനായി പഴയ ഫാം പൊളിച്ചുമാറ്റി 600 സ്ക്വയർ ഫീറ്റിൽ പുതിയ ഫാം നിർമിച്ചിരിക്കുകയാണ് രാഹുൽ.
80 ശതമാനം ഹ്യുമിഡിറ്റി ക്രമീകരിച്ചിരിക്കുന്ന എയർ ടൈറ്റ് ഫാമിന്റെ നിർമാണച്ചെലവ് എട്ടു ലക്ഷം ആയിരുന്നു. എന്നാൽ, അതിലും ഒരു പൊളിച്ചെഴുത്തു നടത്തിയ രാഹുൽ കേരളത്തിൽ എവിടെയും നാലു ലക്ഷം രൂപയ്ക്കു ഫാം ചെയ്തു കൊടുക്കാൻ തുടങ്ങി.
ഇത്തരം ഒരു ഫാമിൽ നിന്നു ഒരു ദിവസം കുറഞ്ഞത് 10 കിലോ കൂണ് വിളവെടുക്കാം. മുടക്കു മുതൽ ഏകദേശം ഒരു വർഷം കൊണ്ടുതന്നെ തിരിച്ചെടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.

ബ്രാൻഡിംഗ്
കോവിഡ് കാലത്താണ് മഷ്റൂമിന്റെ നേരിട്ടുള്ള വില്പനയ്ക്ക് തുടക്കമിട്ടത്. ചെക്ക്പോസ്റ്റുകളിൽ പരിശോധനക്ക് നിൽക്കുന്ന പോലീസുകാർ തന്നെയായിരുന്നു കസ്റ്റമേഴ്സ്.
കൂണും കൂണിന്റെ ഉപയോഗവും ഓരോ ഉപഭോക്താവിനും വിശദീകരിച്ചുള്ള വില്പനയിലൂടെ വളരെ പെട്ടെന്നുതന്നെ മാർക്കറ്റിൽ സ്ഥിരം ഉപഭോക്താക്കളെ ലഭിച്ചുവെന്നു രാഹുൽ പറയുന്നു.
കണ്ണൂർ ജില്ലയുടെ 30 കിലോമീറ്റർ പരിധിയിൽ മാത്രമാണ് ഇപ്പോൾ വില്പനയുള്ളത്. പ്രോട്ടീൻ നിറഞ്ഞ മഷ്റൂം നല്ലതാണെങ്കിലും ഒരു ദിവസം 200 ഗ്രാമിൽ കൂടുതൽ മാഷ്റൂം ഉപയാഗിക്കരുതെന്ന മുന്നറിയിപ്പും രാഹുൽ നൽകുന്നുണ്ട്.
കൂണ് കൃഷിയിലേക്ക് എത്തുന്ന പുതിയ സംരംഭകർക്ക് പാക്കിംഗ് മുതൽ ബ്രാൻഡിംഗ് സ്റ്റിക്കർ, എഫ്എസ്എസ്ഐ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം നൽകി കച്ചവടത്തിന്റെ പുതിയ സാധ്യതയാണ് അദ്ദേഹം ഒരുക്കുന്നത്.
കേരളത്തിൽ ഇത്തരം നൂതന കൃഷിരീതി അവലംബിച്ചിരിക്കുന്നത് 20 ൽ താഴെ ഫാമുകൾ മാത്രമാണെന്നാണു കണക്ക്.
മഷ്റൂം ഹബ്
2025 ഓടെ തന്റെ പുരയിടം ഒരു ദിവസം 100 കിലോ കൂണ് വിളവെടുക്കുന്ന മഷ്റൂം ഹബായി ഉയർത്തുക എന്നതാണു രാഹുലിന്റെ ലക്ഷ്യം. രണ്ടു പുതിയ ഫാമുകൾ പണി പൂർത്തിയായി വരുന്നു. ഇപ്പോഴത്തെ ഫാമിനോടു ചേർന്നു പുതിയ നാലു ഫാം കൂടി നിർമിക്കാനും പദ്ധതിയുണ്ട്.
മഷ്റൂമിലെ തന്നെ പുതിയ ഇനങ്ങളായ പിങ്ക് മഷ്റൂം, ഗോൾഡൻ മഷ്റൂം പോലുള്ള വ്യത്യസ്തങ്ങളായ കൂണുകൾ ഉടൻ വില്പനക്ക് എത്തിക്കാനുള്ള തിരക്കിലാണ് ഈ ചെറുപ്പക്കാരൻ. മഷ്റൂമിന്റെ മൂല്യ വർധിത ഉത്പന്നമായ അച്ചാറുകൾ അമ്മ രമാദേവിയുടെ രുചിക്കൂട്ടിന്റെ മറ്റൊരു ഉത്പന്നമാണ്.
നിരന്തരമായി എത്തുന്ന ഫോണ് കോളുകൾക്കും മെസേജിനും ക്ഷമയോടെ മറുപടി കൊടുക്കുന്ന രാഹുലിന്റെ അച്ഛൻ ഗോവിന്ദൻ നന്പ്യാർ, അമ്മ രമാദേവി, ഭാര്യ അനുശ്രീ, മകൻ റയാൻ.
ഫോണ്: 9895912836
ബിജു പാരിക്കപ്പള്ളി