കാണാം... വടവാതൂർ സെമിനാരിയിലെ ഏദൻ തോട്ടം
Sunday, November 19, 2023 11:31 AM IST
ഔഷധഗുണമുള്ള ശുദ്ധമായ പാൽ ചുരത്തുന്ന നാടൻ പശുക്കൾ, വലിയ കുളങ്ങളിൽ നീന്തിത്തുടിക്കുന്ന താറാവുകളും മത്സ്യങ്ങളും. മാംസത്തിനായി ആട്, പന്നി, പൂവൻ കോഴികൾ, പച്ചക്കറികൾ സമൃദ്ധമായി വിളഞ്ഞു കിടക്കുന്ന തോട്ടങ്ങൾ.
പന്തലുകളിൽ നിറഞ്ഞു കായ്ച്ചുകിടക്കുന്ന കക്കിരിയും പാഷൻഫ്രൂട്ടും. ആരുടെയും കണ്ണുടക്കുന്ന അത്യാകർഷകമായ ഉദ്യാനവും ഫലവൃക്ഷങ്ങളും. മാലിന്യം ഒരു തരി പോലും കളയാതെ സംസ്കരിച്ചു പുനരുപയോഗം.
കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ കൃഷിക്കാഴ്ചകൾ എത്രകണ്ടാലും മതിയാവില്ല. അക്ഷരാർഥത്തിൽ ഭൂമിയിലെ ഏദൻതോട്ടം.
സെമിനാരിയിലെ ഏഴു ബാച്ചുകളിലുള്ള മുന്നൂറിലധികം വൈദിക വിദ്യാർഥികൾക്കും 18 വൈദികർക്കും 35 ജീവനക്കാർക്കും 20 അതിഥികൾക്കുമുള്ള ഭക്ഷണത്തിന്റെ നല്ലൊരു പങ്കും 34 ഏക്കർ വരുന്ന സെമിനാരിയുടെ കൃഷിയിടത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
എല്ലാറ്റിനും നേതൃത്വം നൽകുന്നത് സെമിനാരി പ്രൊക്യുറേറ്റർ ഫാ. ബേബി കരിന്തോളിൽ.

കുന്നിൻ ചരുവിലെ കൃഷിയിടം
കോട്ടയത്തെ ഉയർന്ന പ്രദേശങ്ങളിലൊന്നാണ് വടവാതൂർ. ടേബിൾ ടോപ് പോലെയാണു സെമിനാരി സ്ഥിതി ചെയ്യുന്ന സ്ഥലം. വെട്ടുകല്ലിന്റെ അംശം ധാരാളമുള്ള മണ്ണായതിനാൽ കൃഷിക്ക് അത്ര യോജിച്ചതായിരുന്നില്ല.
ചാണകപ്പൊടിയും കരിയിലയുമെല്ലാം ഇട്ടു മണ്ണിന്റെ ജൈവാംശം മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. പിന്നെ ഇടകൈയാലകൾ തീർത്തും മുളകൾ നട്ടും മണ്ണൊലിപ്പിനു തടയിട്ടു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം ചെറിയ തോതിൽ കൃഷി ആരംഭിച്ചു.
കപ്പയും വാഴയുമായിരുന്നു ആദ്യം. വിളവ് മോശമായില്ല. പിന്നീട്, വാഴ, ചേന്പ്, ചേന, പാവൽ, പയർ, സാലഡ് വെള്ളരി, വഴുതന, ചീര എന്നുവേണ്ട ഒട്ടുമിക്ക ഇനങ്ങളും നട്ടു.
കൃഷിയിടത്തിലൂടെയുള്ള നടപ്പാതയ്ക്കു മുകളിൽ തീർത്തിരിക്കുന്ന പന്തലുകളിൽ പാഷൻ ഫ്രൂട്ടും സാലഡ് വെള്ളരിയും പടർന്നു പന്തലിച്ചു. നടപ്പുകാർക്ക് അതു തണലുമായി.
പൂന്തേൻ തേടി തേനീച്ചകൾ കൂട്ടമായി എത്തിത്തുടങ്ങിയതോടെ അവയ്ക്കായി കൂടുകളുമൊരുക്കി. അങ്ങനെ തേനീച്ച വളർത്തലും തുടങ്ങി.
വിപുലമായ രീതിയിലാണ് വൈദിക വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള തേനീച്ച വളർത്തൽ. കുട്ടിച്ചേട്ടനാണ് കൃഷികാര്യങ്ങളുടെ മേൽനോട്ടക്കാരൻ.
കുളങ്ങളിൽ മത്സ്യങ്ങളും താറാവുകളും
നന്നായി കൃഷി ചെയ്യണമെങ്കിൽ വെള്ളമില്ലാതെ പറ്റില്ല. കുന്നിൻ മുകളായതിനാൽ വേനൽക്കാലത്ത് ജലക്ഷാമമുണ്ട്. അതുകൊണ്ടു തന്നെ മഴക്കാലത്ത് പരമാവധി വെള്ളം കൃഷിയിടത്തിൽത്തന്നെ സംഭരിക്കാൻ അഞ്ച് പടുതാക്കുളങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വലുതിന് 35 ലക്ഷം ലീറ്റർ സംഭരണ ശേഷിയുണ്ട്. ഓരോ കുളത്തിനു ചുറ്റും താറാവുകൾക്കായി കൂടുകളുണ്ട്. ചാര, ചെന്പല്ലി, വിഗോവ ഇനങ്ങളിലായി ആയിരത്തോളം താറാവുകൾ. നാടൻ താറാവുകളുടെ കുഞ്ഞുങ്ങളെ കോട്ടയം പരിപ്പിലുള്ള താറാവു കർഷകരിൽ നിന്നാണ് വാങ്ങുന്നത്.
തിരുവല്ലയിലെ സർക്കാർ ഫാമിൽ നിന്നാണ് വിഗോവ ഇനം താറാവുകളെ വാങ്ങിച്ചത്. മുട്ടയ്ക്കും ഇറച്ചിക്കുമായാണു താറാവുകളെ വളർത്തുന്നത്. അപൂർവ ഇനം മണിത്താറാവുകളും ഇവിടുണ്ട്. അതു മുന്നൂറോളം വരും.
ഏതാനും വർഷങ്ങൾക്കു മുന്‍പു കൊണ്ടുവന്ന മൂന്നു ജോടിയിൽനിന്ന് പെരുകിയതാണിത്. മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നതാണ് ഇവയുടെ പ്രത്യേകത.
താറാവുകളുള്ള എല്ലാ കുളങ്ങളിലും വിവിധയിനം മത്സ്യങ്ങളെയും വളർത്തുന്നു. വിവിധയിനം കാർപ്പുകൾ, തിലാപ്പിയ, ജയന്റ്ഗൗരാമി തുടങ്ങിയവയാണ് പ്രധാനം.
പച്ചക്കറിയവശിഷ്ടങ്ങളും മിച്ചഭക്ഷണവും സാന്ദ്രിത തീറ്റയും ഇലവർഗങ്ങളും താറാവുകൾക്കു ഭക്ഷണമാകുന്പോൾ ചേന്പില ഉൾപ്പെടെയാണ് മത്സ്യങ്ങളുടെ തീറ്റ.

സങ്കരയിനം പശുക്കളും ആടുകളും
പതിനെട്ടോളം പശുക്കളും മൂന്ന് എരുമകളും സെമിനാരിയിലെ തൊഴുത്തിലുണ്ട്. ഒരു നേരം 100 ലിറ്റർ പാൽ കിട്ടും. 50 ലിറ്റർ സെമിനാരി ആവശ്യത്തിനു വേണം. ബാക്കി പ്രാദേശികമായും ക്ഷീരസംഘത്തിലും കൊടുക്കും.
കുറച്ചു സ്ഥലത്ത് അത്യുത്പാദന ശേഷിയുള്ള തീറ്റപ്പുൽ കൃഷിയുമുണ്ട്. 18 വയസുള്ള അമൃത എന്ന വെച്ചൂർപ്പശു ഫാമിന്റെ അഴകാണ്. ഓമനകളായി അമൃതയുടെ മകൾ മാളുവും മാളുവിന്റ മകൻ മാണിക്യനും.
ബോയർ, മലബാറി ഇനങ്ങളിൽപ്പെട്ട ആടുകളാണ് പ്രധാനമായും ഇവിടെയുള്ളത്. സിരോഹി, ജമുനാപ്യാരി ഇനങ്ങളിൽപ്പെട്ട മുട്ടന്മാരുമുണ്ട്. ഇറച്ചിക്കാണു ബോയറുകളെ കൂടുതലായും ഉപയോഗിക്കുന്നത്.
ബ്രൗണ്‍ നിറത്തിലുള്ള തലയും കഴുത്തുമാണ് ബോയർ ആടുകളുടെ പ്രത്യേകത. നെറ്റിയിൽ വെളുത്ത പൊട്ടും കാണാറുണ്ട്. ആട്ടിൻ കൂടുകളിൽ പുൽത്തൊട്ടിയും അതിനുമുകളിൽ ആടിന്റെ തലയ്ക്കു മുകളിൽ വരത്തക്കവിധം വെള്ളപാത്രവും ഉറപ്പിച്ചിരിക്കുന്നു.
കാഷ്ഠിക്കുന്പോൾ വാൽ ചലിപ്പിക്കുന്ന സ്വഭാവം ആടുകൾക്ക് ഉള്ളതിനാൽ വെള്ളത്തിൽ കാഷ്ഠം വീഴാതിരിക്കാനാണ് കുടിവെള്ളപ്പാത്രം ഉയരത്തിൽ വയ്ക്കുന്നത്. കൂടിനു താഴേക്കു വീഴുന്ന കാഷ്ഠവും മൂത്രവും അപ്പോൾതന്നെ പറന്പിൽ വളമായി എത്തും.
പൂവൻകോഴികളും പന്നിയും
ഇറച്ചിക്കാണു പൂവൻകോഴികളെ വളർത്തുന്നത്. ബ്രോയിലർ കോഴിയോടുള്ള താത്പര്യം കുറഞ്ഞു വരുന്നതാണു നാടൻ കോഴികളെ വളർത്താൻ കാരണം. മണർകാട്ടുള്ള സർക്കാർ ഹാച്ചറിയിൽനിന്ന് ഒരു ദിവസം പ്രായമുള്ള പൂവൻ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയാണു വളർത്തുന്നത്.
രണ്ടാഴ്ച വരെ ബ്രൂഡിംഗ് നൽകും. തുടർന്ന് വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രത്യേകം കൂടുകളിലേക്കു മാറ്റും. ചിക്കിച്ചികയാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പശുത്തൊഴുത്തിനടുത്ത് ചാണകം ശേഖരിക്കുന്ന സ്ഥലമാണ് ചിക്കി ചികയാൻ നൽകിയിരിക്കുന്നത്.
ഇതുകൊണ്ടു രണ്ടുണ്ട് ഗുണം. കോഴികൾക്ക് തീറ്റയും ഒപ്പം ചാണകം പൊടിഞ്ഞും കിട്ടും. മൂന്നു ബാച്ചുകളിലായി മൂവായിരത്തോളം പൂവൻകോഴികളുണ്ട്. മിച്ചഭക്ഷണ സംസ്കരണത്തിനും ഇറച്ചിക്കുമായി 25 പന്നികളുമുണ്ട്.
ഡ്യുറോക്, സങ്കര ഇനങ്ങളിൽ പെട്ടവയാണവ. മൃഗസംരക്ഷണ വകുപ്പിലെ റിട്ടയേർഡ് ഡോക്ടർ ബിജുവിനാണ് പരിപാലനത്തിന്റെ ചുമതല.
ഉദ്യാനത്തിന് അഴകായി ഡ്രാഗണ്‍ഫ്രൂട്ട്
ആരുടെയും മനംമയക്കുന്ന ഉദ്യാനമാണു സെമിനാരിയിലുള്ളത്. പൂന്തോട്ടം പരിപാലിക്കാനും ചെടികൾ ഭംഗിയായി ക്രമീകരിക്കാനും തോട്ടക്കാരൻ രാമറിനൊപ്പം വൈദികരും വൈദിക വിദ്യാർഥികളും ചേരും.
സെമിനാരിയുടെ മുൻ ഭാഗത്ത് 146 ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളും വളരുന്നു. അതിമനോഹരമായ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾക്കൊപ്പം കല്ലുവാഴ പോലെയുള്ള അപൂർവ ഇലച്ചെടികളും ഉദ്യാനത്തിലുണ്ട്. ഒൗഷധ സസ്യങ്ങൾ മാത്രമായി ഒരു തോട്ടവും സംരക്ഷിക്കുന്നു.
നൂറുമേനി വിളവുമായി റെഡ് ലേഡി പപ്പായ, വിയ്റ്റാനം സൂപ്പർ ഏർളി പ്ലാവുകൾ, നാരകം, ഈന്ത്, കുറ്റി കുടംപുളി, കുറ്റിക്കുരുമുളക്, അൽഫോൻസിയൻ ഉൾപ്പെടെയുള്ള മാവുകളും.

മാതൃകയായി മാലിന്യ സംസ്കരണം
മുന്നൂറിലധികം പേർ സ്ഥിരമായി താമസിക്കുന്ന സ്ഥാപനമായതിനാലും കൃഷിയും മൃഗപരിപാലനവും ഉള്ളതിനാലും ഓരോ ദിവസവും ധാരാളം ജലം വേണ്ടിവരും.
ജലം ഒട്ടും പാഴാകാതെ പ്രത്യേകം ടാങ്കുകളിൽ ശേഖരിച്ച് അവയിലെ ഖരാംശങ്ങൾ നീക്കം ചെയ്തു കൃഷിയിടത്തിൽ എത്തിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ഇതിനായി ആറു ടാങ്കുകളുണ്ട്.
ടാങ്കുകൾക്ക് മുകളിൽ പന്തൽ നിർമിച്ച് പച്ചക്കറി കൃഷിയും ചെയ്യുന്നു. സെമിനാരിയുടെ മേൽക്കൂരയിൽ നിന്നും കാന്പസിൽ നിന്നും വരുന്ന വെള്ളം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കനാലിലൂടെയാണ് ടാങ്കുകളിൽ എത്തിക്കുന്നത്.
ഇവിടെ നിന്നു മോട്ടോർ ഉപയോഗിച്ച് പന്പു ചെയ്തു കൃഷിയിടങ്ങൾ നനയ്ക്കുന്നു. സെമിനാരി ലൈബ്രറിയുടെ മുകളിലും പി.ജി. വിഭാഗം കെട്ടിടത്തിനു മുകളിലുമായി സ്ഥാപിച്ചിട്ടുള്ള സോളർ യൂണിറ്റിൽ നിന്നു പ്രതിദിനം 100 കിലോവാട്ട് വൈദ്യുതി ലഭിക്കും. ഇതിലൂടെ വൈദ്യുതി ഇനത്തിൽ മാസം 50,000 രൂപയുടെ ലാഭം കിട്ടും.
ഔട്ട്ലെറ്റും ഓണ്‍ലൈൻ വിപണിയും
സെമിനാരിയിലെ ഭക്ഷ്യോത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയായതിനാൽ ആവശ്യത്തിനു ശേഷമുള്ള പച്ചക്കറികളും പഴങ്ങളും മുട്ടയും പാലും മാംസവും വിൽക്കാനായി സെമിനാരിയിൽ തന്നെ ഒരു ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഇതുകൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും ഓണ്‍ലൈൻ വഴിയായും സാധനങ്ങൾ വിൽക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്കു കൂടകളിൽ വളർത്തിയ കറിവേപ്പിൻ തൈകൾ സമ്മാനമായി നൽകുകയും ചെയ്യും. ഫാ. വിൻസെന്റ് നെടുങ്ങാടിനാണ് ഒൗട്ട്ലെന്റിന്റെ ചുമതല.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജീവികളോടുള്ള കരുതലും കരുണയും സെമിനാരി പഠനത്തിനൊപ്പം വൈദിക വിദ്യാർഥികൾക്ക് പകർന്നു നൽകുന്നതിനു കൂടിയാണ് കൃഷിയും മൃഗപരിപാലനവും പരിസ്ഥിതി സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നതെന്ന് ഫാ. ബേബി കരിന്തോളിൽ പറഞ്ഞു.
ഫോണ്‍ : 9496494058
ജിബിൻ കുര്യൻ