പുതിയ റബറിനങ്ങൾക്ക് പൊടി കുമിൾരോഗം
Thursday, November 16, 2023 5:30 PM IST
പുതിയ റബർ ഇനങ്ങളായ ആർ.ആർ.ഐ.ഐ-430, ആർ.ആർ.ഐ.ഐ-417 എന്നീ ഇനങ്ങളെ വളരെ ഉയർന്ന തോതിലും അർ.ആർ.ഐ.ഐ.-414, ആർ.ആർ.ഐ.ഐ-422 എന്നീ ഇനങ്ങളെ ഉയർന്ന തോതിലും പൊടി കുമിൾ രോഗം ബാധിക്കുന്നതായി ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ടാപ്പു ചെയ്തു കൊണ്ടിരിക്കുന്ന റബർ മരങ്ങൾക്കു കഠിനമായ രോഗബാധ ഉണ്ടായാൽ അവയിൽ നിന്നുള്ള ഉത്പാദനം 30 % വരെ കുറഞ്ഞു പോകും. റബർ മരങ്ങളുടെ വളർച്ചയേയും ടാപ്പു ചെയ്യുന്ന മരങ്ങളുടെ പുതു പട്ടയുടെ വളർച്ചയേയും ഈ രോഗം പ്രതികൂലമായി ബാധിക്കും.
ഓയ്ഡിയം ഹീവിയേ എന്ന കുമിളാണ് പൊടിക്കുമിൾ രോഗം ഉണ്ടാക്കുന്നത്. പ്രായമായ റബർ മരങ്ങൾക്ക് ഉണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചിലിനുശേഷം ജനുവരി മുതൽ മാർച്ച് വരെ വരുന്ന തളിരിലകളേയും പൂക്കളേയും ഇളം കായ്കളെയുമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
റബർ നഴ്സറികളിലെ തൈകളെ സെപ്റ്റംബർ മുതൽ മെയ് വരെ ഈ രോഗം ബാധിക്കുന്നതായി കണ്ടുവരുന്നു. പ്രായം കുറഞ്ഞ റബർ മരങ്ങളിൽ ഫ്രെബ്രുവരി മുതൽ ഏപ്രിൽ വരെ ഉണ്ടാകുന്ന തളിരിലകളെയും ഈ രോഗം ബാധിക്കും.
സമുദ്രനിരപ്പിൽനിന്നു വളരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തോട്ടങ്ങളിലെ മരങ്ങളിലും തണൽ വീഴുന്ന റബർ തൈകളിലും മരങ്ങളിലും ഈ രോഗം വർഷം മുഴുവൻ കാണപ്പെടുന്നുണ്ട്.

രോഗം ബാധിച്ച തളിരിലകളുടെ മുകൾ ഭാഗത്തും അടിഭാഗത്തും വെളുപ്പു നിറത്തിൽ ചാരം പോലെയുള്ള പൂപ്പൽ ഇല മുഴുവനായോ ഇലയിൽ അവിടവിടയോ പറ്റിപ്പിടിച്ച് ഇരിക്കുന്നതു കാണാം.
കഠിനമായി രോഗം ബാധിച്ച തളിരിലകൾ ചുരുളുകയും കറുപ്പു നിറമായി പൊഴിഞ്ഞു പോവുകയും ചെയ്യും. പൊഴിഞ്ഞു പോയ ഇലകളുടെ ഞെട്ടുകൾ അടർന്നു പോകാതെ കുറച്ചു ദിവസത്തേക്കു കൂടി ചെടിയിൽ തന്നെ അവശേഷിക്കും.
ഇലകളും ഞെട്ടുകളും പൊഴിഞ്ഞു പോയ ചെറി ചില്ലകളുടെ അഗ്രഭാഗങ്ങൾ ചീഞ്ഞുണങ്ങുകയും ചെയ്യും. പ്രായമായ ഇലകളെ രോഗം ബാധിച്ചാൽ അവ പൊഴിഞ്ഞു വീഴാതെ രോഗം ബാധിച്ച ഭാഗങ്ങളിൽ ചുവപ്പു കലർന്ന തവിട്ടു നിറത്തോടെ മരത്തിൽതന്നെ അവശേഷിക്കും.
പൂക്കളേയും ഇളം കായ്കളേയും രോഗം ബാധിച്ചാൽ അവ പൊഴിഞ്ഞു പോകാനിടയാകും. സ്വാഭാവിക ഇല പൊഴിച്ചിൽ താമസിച്ചുണ്ടാകുന്ന മരങ്ങളിൽ രോഗാക്രമണം കഠിനമായി അനുഭവപ്പെടും.
ഇലപൊഴിച്ചിലിനുശേഷം പുതിയ തളിർപ്പുകൾ ഉണ്ടാകുന്ന അവസരത്തിൽ ചാറ്റൽ മഴയോ മൂടൽ മഞ്ഞോ ഉണ്ടായിരുന്നാൽ രോഗം വളരെ വേഗം പടർന്നു പിടിക്കാനിടയുണ്ട്.
നഴ്സറിയിലെ റബർ തൈകളെയും തോട്ടത്തിലെ ചെറു തൈകളെയും രോഗാക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ എഴു മുതൽ പതിനാലു ദിവസം ഇടവിട്ട് ഗന്ധകപ്പൊടി (325 മെഷ് ഫൈൻ) വിതറുകയോ വെള്ളത്തിൽ കലർത്താവുന്ന ഗന്ധകം ഒരു കിലോ 400 ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലർത്തി തളിക്കുകയോ ചെയ്താൽ മതിയാകും.
ബാവിസ്റ്റിൻ എന്ന കുമിൾ നാശിനി ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലർത്തി തൈകളിൽ തളിക്കുന്നത് കുറച്ചുകൂടി ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. ബാവിസ്റ്റിനും ഗന്ധകവും ഒന്നിടവിട്ടു തളിക്കുന്നതു നല്ലതാണ്.
പ്രായമായ മരങ്ങളെ സംബന്ധിച്ചിടത്തോളം സ്വാഭാവിക ഇല പൊഴിച്ചിലിനുശേഷം പത്തു ശതമാനം മരങ്ങളിൽ പുതിയ തളിർപ്പു വരുന്നതു മുതൽ ഒരാഴ്ചയോ രണ്ടാഴ്ചയോ ഇടവിട്ടു മൂന്നു മുതൽ അഞ്ചു പ്രാവശ്യം വരെ ഗന്ധകപ്പൊടി അടിച്ചു കൊടുക്കേണ്ടതാണ്.
ഒരു ഹെക്ടർ സ്ഥലത്ത് നിൽക്കുന്ന മരങ്ങൾക്ക് ഒരു പ്രാവശ്യം അടിക്കാൻ പതിനൊന്ന് മുതൽ പതിനാല് കിലോ വരെ ഗന്ധകപ്പൊടി വേണ്ടിവരും. 325 മെഷ് ഫൈൻ ഗന്ധകപ്പൊടിയാണ് ഇതിനു യോജിച്ചത്.
ഗന്ധകപ്പൊടിയും ടാൽക്കും 70:30 എന്ന അനുപാതത്തിൽ കലർത്തിയതും ഈ രോഗത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഗന്ധകപ്പൊടി അടിക്കാൻ ഇലകളിൽ മഞ്ഞു തുള്ളികൾ വീണു നനഞ്ഞിരിക്കുന്നതും അന്തരീക്ഷം നിശ്ചലമായി നിൽക്കുന്നതുമായ പുലർകാലങ്ങളാണു നല്ലത്.
ഗന്ധകപ്പൊടി അടിക്കാൻ മൈക്രോ സ്പ്രേ പൗവ്വർ- 400, ആസ്പി ടർബ്ലോ എന്നീ പവർ ഡസ്റ്റുകളിൽ ഏതെങ്കിലുമൊന്നു ഉപയോഗിക്കാം. ഇളം മരങ്ങളാണെങ്കിൽ മൈക്രോ ഫ്ളക്സ് എന്ന ഡസ്റ്റർ ഉപയോഗിക്കാം.
ഒരു വിഷ വസ്തു കൈകാര്യം ചെയ്യുന്പോൾ സ്വീകരിക്കേണ്ട എല്ലാ മുൻകരുതൽ നടപടികളും ഗന്ധകപൊടി അടിക്കുന്പോഴും സ്വീകരിക്കേണ്ടതാണ്.
ഫോണ് : 0471-2572060
കെ.കെ. രാമചന്ദ്രൻപിള്ള