വിവിധ വിളകളുമായി കണിയാറാത്ത് സ്കറിയാച്ചൻ
Wednesday, November 15, 2023 5:14 PM IST
ഒന്നിന്റെ വിലപോയാൽ പിടിച്ചു നിൽക്കാൻ മറ്റൊന്ന് എന്ന രീതിയിലാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അടുക്കം സ്വദേശി കണിയാറാത്ത് സ്കറിയാച്ചൻ കൃഷി ചെയ്യുന്നത്. തേനീച്ച വളർത്തലും മത്സ്യകൃഷിയും പച്ചക്കറികളുമാണു പ്രധാനം.
10 വൻതേനീച്ചപ്പെട്ടികളുണ്ട്. തേനീച്ച കൃഷിക്ക് ആദ്യമുള്ള മുതൽ മുടക്കു മതിയെന്നതാണ് പ്രധാന ആകർഷണം. പിന്നെ ശ്രദ്ധിക്കേണ്ടത് മഴക്കാല സംരക്ഷണമാണ്. പഞ്ചസാര ലായനിയും തേനുമാണ് മഴക്കാലത്ത് ഈച്ചകൾക്കു കൊടുക്കുന്നത്.
പഞ്ചസാര ലായനി അടകളിൽ ഒഴിച്ചാണ് കൊടുക്കുന്നത്. ചെറിയ പ്ലാസ്റ്റിക്ക് കുപ്പിയുടെ അടിയിൽ സൂചികൊണ്ടുള്ള ദ്വാരമുണ്ടാക്കി അതിൽ തേനൊഴിച്ച് പെട്ടിയുടെ ഉള്ളിൽ മുകൾ നിലയിൽ വച്ചാണു തേൻ കൊടുക്കുന്നത്.
സ്വന്തം ആവശ്യത്തിനായി 400 മത്സ്യങ്ങളുള്ള പടുതാകുളവും അദ്ദേഹത്തിനുണ്ട്. അതിനു 12 അടി വീതിയും 25 അടി നീളവും 5 അടി താഴ്ചയുമുണ്ട്. ചിത്ര ലാഡ ഇനം മത്സ്യമാണ് വളർത്തുന്നത്. ഒരു വർഷം കൊണ്ട് 650 ഗ്രാം വരെ തൂക്കം കിട്ടും.
പൂർണമായും ജൈവരീതിയിൽ ചെയ്യുന്ന കോവൽ, പയർ, പടവലം, വെണ്ട, ചീനി, തക്കാളി, വഴുതന ഉണ്ട വഴുതന എന്നിവയുടെ വിപുലമായ കൃഷിയുമുണ്ട്. തലനാട് കൃഷിഭവൻ, തീക്കോയി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ : റോസമ്മ. രണ്ടു മക്കൾ : റ്റിജി, റ്റിസി.
ഫോണ്: 9495182143.
ജോസഫ് കുന്പുക്കൻ