ബേബിക്ക് പൈനാപ്പിൾ ജീവിത മധുരം
Tuesday, November 14, 2023 5:26 PM IST
സംസ്ഥാനത്തെ കാർഷിക സന്പദ്ഘടനയ്ക്ക് ഉത്തേജനവും ഗതിവേഗവും പകർന്നു നൽകുന്ന പഴവർഗകൃഷിയിൽ പൈനാപ്പിളിനുള്ള സ്ഥാനം വളരെ വലുതാണ്.
എന്നാൽ, അടുത്ത നാളുകളിലുണ്ടായ നിപ്പ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മൂലം നിൽക്കക്കള്ളിയില്ലാതെ കൃഷി ഉപേക്ഷിച്ചവർ നിരവധി.
അതേസമയം, ഏതു സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ കൃഷിയുടെ ന്ധരസതന്ത്രം’ അറിഞ്ഞ് പൈനാപ്പിൾ കൃഷിയിൽ വിജയഗാഥ രചിക്കാൻ കഴിഞ്ഞ കർഷകനാണ് ഇടുക്കി ജില്ലയിൽ കാഞ്ഞാർ ഞരളംപുഴ സ്വദേശി ബേബി ജോർജ് തേക്കിൻകാട്ടിൽ.
ചെറിയ തുടക്കം
2008ലാണ് ബേബി ജോർജ് പൈനാപ്പിൾ കൃഷി ആരംഭിച്ചത്. ബന്ധുവായ സ്കറിയ തേക്കിൻകാട്ടിലിന്റെ വക രണ്ടേക്കർ സ്ഥലത്തായിരുന്നു കൃഷി.
ആദ്യ സംരംഭം വിജയിച്ചതോടെ സമീപത്തെ പലരുടെയും സ്ഥലം പാട്ടത്തിനെടുത്ത് 50 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. സ്ഥലത്തിന്റെ കിടപ്പനുസരിച്ച് ഏക്കറിന് 30000-50000, 50000-70000 രൂപ നിരക്കുകളിലായിരുന്നു പാട്ടം.
കൃഷി രീതി
നീർവാർച്ചയുള്ള സ്ഥലമാണു പൈനാപ്പിൾ കൃഷിക്ക് അനുയോജ്യം. 50 ശതമാനം തണലുള്ള ഇടമാണ് നല്ലത്. റബർ, തെങ്ങ് ഉൾപ്പെടെയുള്ള തോട്ടങ്ങളിൽ ഇടവിളയായാണു ബേബിയുടെ കൃഷി. മണൽ കലർന്ന മണ്ണാണ് ഉത്തമം.
നമ്മുടെ കാലാവസ്ഥയ്ക്ക് ക്യു, മൗറീഷ്യസ് ഇനങ്ങളാണ് യോജിച്ചത്. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അമൃത എന്ന സങ്കരയിനത്തിനു തൂക്കക്കൂടുതൽ, സ്വർണ നിറം, നല്ല മധുരം എന്നിവ ഉണ്ടെങ്കിലും കർഷകരുടെ ഇടയിൽ വേണ്ടത്ര പ്രചാരം നേടാനായില്ല.
ഏപ്രിൽ, മേയ്, ജൂണ് മാസങ്ങളാണ് തൈ നടാൻ പറ്റിയ സമയം. 25 മുതൽ 35 സെന്റീമീറ്റർ വരെ നീളമുള്ള കന്നുകളാണ് (കാനി) അത്യുത്തമം. ഒരു കന്നാരയിൽ നിന്ന് അഞ്ച്, ആറ് കന്നുകൾ വരെ ലഭിക്കും.
20 മുതൽ 25 വരെ ഇലകളുള്ള കന്നുകളാണ് കൂടുതൽ വിളവു നൽകുന്നതെന്ന് ബേബി പറഞ്ഞു. 15-20 സെന്റീമീറ്റർ ആഴത്തിൽ ചാലെടുത്ത് രണ്ടു വരികളായാണു നടുന്നത്. കന്നുകൾ തമ്മിൽ 30 സെന്റീമീറ്ററും വരികൾ തമ്മിൽ 70 സെന്റീമീറ്ററും അകലം വേണം.
പരിചരണം
പൈനാപ്പിൾ കൃഷിക്ക് നല്ല പരിചരണം ആവശ്യമാണ്. കന്നുകൾ നടുന്പോൾ കുഴികളിൽ കാലി വളമോ കോഴി വളമോ ചേർത്തു കൊടുത്താൽ തൈകൾ വേഗം വളരും. അടിവളമായി നാലു ഗ്രാം റോക്ക് ഫോസ്ഫേറ്റ് നൽകുന്നതു നല്ലതാണ്.
കന്നുകൾ നട്ടശേഷം 15 ഗ്രാം പൊട്ടാഷ്, 20 ഗ്രാം യൂറിയ എന്നിവയും നൽകണം. ഫാക്ടംഫോസാണ് ഇടുന്നതെങ്കിൽ പൊട്ടാഷ് കൂടി ചേർത്തു കൊടുക്കണം. നനയും ആവശ്യമാണ്.
ഒരു വർഷത്തിനുള്ളിൽ ആദ്യ വിളവ് എടുക്കാം. കായ്കൾ മൂപ്പെത്തുന്പോൾ കന്നാരയുടെ ഇലകൾ ഉപയോഗിച്ച് പൈനാപ്പിൾ പൊതിഞ്ഞു നിർത്തണം.
റബർ റീ പ്ലാന്റ് ചെയ്യുന്പോൾ ആദ്യ മൂന്നു വർഷം ഇടവിളയായി കൃഷി ചെയ്താൽ നല്ല വരുമാനം ലഭിക്കും. മണ്ണിന്റെ രാസപരവും ജൈവികവുമായ എല്ലാ ഗുണവിശേഷങ്ങളുടെയും അടിസ്ഥാന ഘടകം ക്ലേദാംശമാണ്.
ഇതു നില നിർത്താനായാൽ ഉത്പാദന ക്ഷമത വർധിപ്പിക്കാനാകും. മീലിമൂട്ടയാണ് പൈനാപ്പിൾ ചെടികളെ ബാധിക്കുന്ന പ്രധാന കീടം. വെർട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിൾ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം ചേർത്ത് തളിച്ചാൽ ഇവയെ നിയന്ത്രിക്കാനാകും.
ഏക്കറിൽ 8000 കന്നുകൾ
പൈനാപ്പിൾ കൃഷി ലാഭകരമാകണമെങ്കിൽ ഉയർന്ന വിലയും മികച്ച വിപണന തന്ത്രവും ആവശ്യമാണ്. ശാസ്ത്രീയമായ കൃഷിയും ഇതോടൊപ്പം പ്രധാനമാണ്. ഒരേക്കറിൽ 8000 കന്നുകൾ നടാനാകും.
ശരാശരി ഒന്നര കിലോ തൂക്കം ലഭിച്ചാൽ 12 ടണ് പൈനാപ്പിൾ ലഭിക്കും. വാഴക്കുളം ക്ലാസിക് പൈനാപ്പിൾ ഏജൻസിക്കാണ് വർഷങ്ങളായി പൈനാപ്പിൾ വിൽക്കുന്നത്. ഇവർ തോട്ടത്തിലെത്തി പൈനാപ്പിൾ ശേഖരിക്കും.
നിലവിൽ കിലോയ്ക്ക് പച്ച 35 രൂപ, പഴുത്തത് 45 രൂപ എന്ന നിരക്കിലാണ് വില്പന. കന്നാരയുടെ ഒരു കന്നിന് എട്ടു മുതൽ 10 രൂപ വരെ വിലയുണ്ട്.
ഭാര്യ റീനയും ബിരുദ വിദ്യാർഥികളായ മക്കൾ ആൽബിനും എബിനും നൽകുന്ന പിന്തുണയാണ് ബേബിയുടെ കരുത്ത്.
സഹോദരങ്ങളായ ജോസ്, ടോജി എന്നിവരുടെ സഹകരണവും ബേബിക്ക് നൽകുന്ന ഊർജം ചെറുതല്ല. കൂടുതൽ ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബേബി.
ഫോണ്: 8301050638
ജോയി കിഴക്കേൽ