ഔഷധസസ്യങ്ങൾ അരോഗ ജീവിതത്തിന്
Sunday, November 12, 2023 4:27 PM IST
ഔഷധച്ചെടികളെക്കുറിച്ചുള്ള പഠനവും ചികിത്സയും മനുഷ്യന്റെ ഉത്ഭവകാലം മുതൽ തന്നെ തുടങ്ങിയതാണ്. എളുപ്പത്തിൽ തയാറാക്കാവുന്ന ആയൂർവേദ ഔഷധങ്ങൾക്കു വേണ്ട ചെടികളിൽ ഒട്ടുമിക്കവയും നമ്മുടെ ചുറ്റുവട്ടങ്ങളിൽ സുലഭമാണു താനും.
അതുകൊണ്ടുതന്നെ അവയിൽ ഒളിഞ്ഞിരിക്കുന്ന ഔഷധഗുണങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിനു മനുഷ്യൻ മാത്രമല്ല മാംസഭുക്കുകളായ പല മൃഗങ്ങളും ചെടികളുടെ ഇലകൾ തിന്നാറുണ്ട്.
പട്ടിയും പൂച്ചയുമൊക്കെ ചിലയിനം പുല്ലുകൾ തിന്നുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. ഋഗ്വേദാദി ഗ്രന്ഥങ്ങളിൽ ഔഷധ സസ്യങ്ങളുടെ ഉപയോഗരീതിയെ വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഋഗ്വേദത്തിൽ പ്രധാനമായി പറയുന്നതു സോമ എന്ന ചെടിയെക്കുറിച്ചാണ്.

ഇതു കള്ളിച്ചെടിയായി ആധുനിക ശാസ്ത്രം വവരിക്കുന്നു. ഋഗ്വേദത്തിൽ 67 ഔഷധ സസ്യങ്ങളും യജൂർവേദത്തിൽ 81 ഔഷധ സസ്യങ്ങളും അഥർവവേദത്തിൽ 290 ഔഷധസസ്യങ്ങളും പ്രതിപാദിക്കപ്പെടുന്നുണ്ട്.
ക്രിസ്തുവിനു മുന്പ് 2000 ഔഷധച്ചെടികൾ ഉപയോഗിച്ചിരുന്നതായി കാണുന്നു. അക്കാലത്ത് ചൈനയിൽ 7000 ഔഷധച്ചെടികൾ ഉപയോഗിച്ചിരുന്നതായി ചൈനയിലെ പൗരാണിക ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്.
ആധുനിക ശാസ്ത്രപ്രകാരം സസ്യങ്ങളെ ജാതി, ഗണത്തിലും ഗണങ്ങൾ കുടുംബത്തിലും, ഗോത്രം വർഗത്തിലും വർഗങ്ങൾ വിഭാഗത്തിലും ഉൾപ്പെടുന്നു. എഡി 600 ൽ ഔഷധങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ധന്വന്തരി നിഘണ്ഡുവാണ്.
മലയാളത്തിലെ ആയൂർവേദ ഔഷധ നിഘണ്ഡു (1906) ഔഷധമഹനിഘണ്ഡു തുടങ്ങിയവ മലയാളത്തിൽ രചിച്ച നിഘണ്ഡുക്കളാണ്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ഭാരതീയ ഔഷധച്ചെടികൾ എന്ന ഗ്രന്ഥം പ്രത്യേക പരിഗണന അർഹിക്കുന്നു.
ഔഷധച്ചെടികളെക്കുറിച്ചുള്ള അറിവ് സാധാരണക്കാർക്കും ഉണ്ടാകേണ്ടതാണ്. ദേശീയ പാതയോരങ്ങളിലും വീടുകളുടെ തൊടികളിലും ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിച്ചാൽ കാഴ്ചക്ക് അലങ്കാരവും ജീവന് ഉപകാരവുമാകും.
പ്രമേഹത്തിന് കൈക്കൊണ്ട ഔഷധമായ തൊട്ടാവാടി, സന്നിപാതജ്വരത്തിന് ഔഷധമായ പൂവാംകുറുന്തില, നീരിളക്കപ്പനിക്ക് പനിക്കൂർക്കയില, അപസ്മാരത്തിനു കരിന്പിൻ വേര് എന്നിവ പ്രധാനമാണ്. പ്രസവവേദന അതികഠിനമായാൽ മഞ്ഞ അരളിയുടെ നാലഞ്ച് ഇല വായിലിട്ട് ചവച്ചാൽ വേദന കുറയും.
അൾസർ രോഗികൾ ദിവസേന മാതളനാരങ്ങ കഴിച്ചാൽ രോഗത്തിന് ശമനമുണ്ടാവും. കുട്ടികൾക്ക് ശരീരപുഷ്ടി ഉണ്ടാവാൻ കറുകനീര് വെണ്ണയിൽ ചാലിച്ച് കഴിച്ചാൽ മതി. പുരുഷഗ്രന്ഥിവീക്കത്തിന് ഞെരിഞ്ഞിൽ ഫലപ്രദമായ ഔഷധമാണ്.
ഏഴു തുളസിയില എന്നും രാവിലെ കഴിച്ചാൽ പനി വരില്ല. പ്രമേഹത്തിനു കുറവുണ്ടാവും. തുളസിവേരും കരിംജീരകവും കഷായം വച്ച് കഴിച്ചാൽ രാപ്പനി മാറും.
10 ഗ്രാം തുളസിവേര് അരലിറ്റർ വെള്ളത്തിൽ കഷായം വച്ച് 50 മില്ലിലിറ്റർ ആക്കി രാത്രി കിടക്കുന്നതിന് മുന്പ് രണ്ടാഴ്ച കൊടുത്താൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടികളുടെ ശീലം മാറും.
ചെങ്ങഴി നീർ കിഴങ്ങ് അരച്ച് പാലിൽ കഴിച്ചാൽ രക്തം പോക്ക് നിൽക്കും. വയറിളക്കത്തിന് ഉപയോഗിക്കാവുന്ന കുടകപ്പാല, മുത്തങ്ങ മുതലായ വീട്ടുമുറ്റത്ത് കൃഷി ചെയ്താൽ ആദായവും ആരോഗ്യവും ലഭിക്കും.
ഫോണ് : 9633552460
പ്രഫ. കെ. നസീമ